പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബം ഇടപെടരുത്: അമിക്കസ് ക്യൂറി

Saturday 19 April 2014 10:39 am IST

ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ് ക്യൂറി. രാജകുടുംബത്തിന് അഭിപ്രായങ്ങള്‍ രേഖാമൂലം അറിയിക്കാം. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കാനായി പുതിയ ഭരണസമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 550 പേജുള്ള റിപ്പോര്‍ട്ടില്‍ അമിസ്‌ക്കസ് ക്യൂറി ആവശ്യപ്പെടുന്നു. പത്മര്‍ത്ഥക്കുളത്തില്‍ ജഡം കണ്ടെത്തിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുനരന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജകുടംബാംഗങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ക്ഷത്രഭരണത്തില്‍ ഇടപെടാന്‍ പാടില്ല. ക്ഷേത്രം രാജകുംബത്തിന്റെ സ്വകാര്യ സ്വത്തല്ല, പൊതു സ്വത്താണ്. ക്ഷേത്ര സ്വത്ത് സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നത്. ക്ഷേത്രഭരണത്തില്‍ ഗുരുതരവീഴ്ചകളുണ്ടായി. രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം. ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ നീക്കണം. ക്ഷേത്രകണക്കുകള്‍ മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ആവശ്യപ്പെടുന്നു. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി കുറ്റപ്പെടുത്തുന്നുണ്ട്. ക്ഷേത്ര നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏര്‍പ്പിക്കണം. ക്ഷേത്ര സ്വത്തിന്റെ മൂല്യനിര്‍ണയം കാര്യക്ഷമമല്ല. മൂല്യനിര്‍ണയത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയെ മാറ്റുന്ന കാര്യം പരിഗണിക്കണം. രണ്ട് പുതിയ നിലവറകള്‍ കൂടി മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി പറയുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും ആരോപണമുന്നയിക്കുന്ന റിപ്പോര്‍ട്ടില്‍, സംസ്ഥാന സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് സുപ്രീംകോടതിയെ തെറ്റദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ക്ഷേത്രത്തിന്റെ വകയായുള്ള സ്വത്തുകള്‍ അന്യാധീനപ്പെടാതിരിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസിനൊപ്പം കേന്ദ്രസേനയെ കൂടി വിന്യസിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നു. പത്മതീര്‍ത്ഥക്കുളത്തില്‍ ജഡം കണ്ടെത്തിയ സംഭവവും, ക്ഷേത്രജീവനക്കാരനെ ആസിഡ് ഒഴിച്ച സംഭവവും പുനരന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് 23ന് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.