പാക്‌ അതിര്‍ത്തി പ്രദേശം അപകടകരം: പെന്റഗണ്‍

Friday 16 September 2011 9:26 pm IST

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശമാണ്‌ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമെന്നും അവിടത്തെ ഗോത്രവര്‍ഗപ്രദേശങ്ങള്‍ ആഗോളജിഹാദിന്റെ കേന്ദ്രമാണെന്നും ഒരു മുതിര്‍ന്ന പെന്റഗണ്‍ വക്താവ്‌ വെളിപ്പെടുത്തി. പ്രസിഡന്റ്‌ ഒബാമയും പാക്കിസ്ഥാന്‍ അധികൃതരും ഈയിടെ സൂചിപ്പിച്ചപോലെ പാക്‌ അതിര്‍ത്തി ഏറ്റവും അപകടകരമായ സ്ഥലമായി മാറിയിരിക്കുന്നു. പാക്കിസ്ഥാനിലെ ഫെഡറല്‍ ഭരണം നിലനില്‍ക്കുന്ന ഗോത്രപ്രദേശങ്ങളാണ്‌ ആഗോള ജിഹാദിന്റെ കേന്ദ്രമെന്ന്‌ പ്രതിരോധ രഹസ്യാന്വേഷണ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായ മൈക്കള്‍ വിക്കേഴ്സ്‌ അറിയിച്ചു.
ഈ മേഖലയിലെ ടെഹ്‌റിക്‌ ഇ-പാക്കിസ്ഥാന്‍, എക്വാനി, കമാന്‍ഡര്‍ നസീര്‍ ഗ്രൂപ്പ്‌ എന്നീ സംഘങ്ങള്‍ അല്‍ ഖ്വയ്ദക്ക്‌ സുരക്ഷിതമായ താവളങ്ങള്‍ നല്‍കുകയാണ്‌. അതുകൊണ്ടുതന്നെ അമേരിക്ക ആ പ്രദേശം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം നിരീക്ഷണത്തിന്‌ വിധേയമാക്കും,നാഷണല്‍ ഡിഫന്‍സ്‌ സര്‍വ്വകലാശാലയിലെ പ്രസംഗമധ്യേ വിക്കേര്‍ഡ്‌ ചൂണ്ടിക്കാട്ടി. അല്‍ ഖ്വയ്ദയെ ഒരുപരാന്നഭോജിയോടാണ്‌ അദ്ദേഹം ഉപമിച്ചത്‌. ആതിഥേയനില്ലെങ്കില്‍ പരാന്നഭോജിക്ക്‌ ജീവിക്കാനാവില്ല. കഴിഞ്ഞ കുറെ കാലങ്ങളായി ഞങ്ങളും പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ചില ഉലച്ചിലുകളുണ്ട്‌. പക്ഷേ ഒരു പൊതുശത്രുവിനെ നേരിടുന്നതില്‍ ഇത്തരം വ്യത്യാസങ്ങള്‍ മറികടക്കാനാണ്‌ ഞങ്ങളുടെ ശ്രമം, അദ്ദേഹം തുടര്‍ന്നു.
അല്‍ഖ്വയ്ദക്കെതിരെയുള്ള ഞങ്ങളുടെ നീക്കങ്ങളില്‍ പാക്കിസ്ഥാന്‍ മുഖ്യ പങ്കാളിയായിരുന്നു. ആയിരക്കണക്കിന്‌ സാധാരണക്കാരും പട്ടാളക്കാരുമാണ്‌ തീവ്രവാദത്തിനെതിരായ സമരത്തില്‍ പാക്കിസ്ഥാനില്‍ ജീവന്‍ ത്യജിച്ചത്‌. ന്യൂയോര്‍ക്ക്‌ സബ്‌വേയില്‍ അക്രമം നടത്താനുള്ള അല്‍ഖ്വയ്ദയുടെ ശ്രമങ്ങളെ തങ്ങള്‍ പരാജയപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.