അധ്വാനം ആരാധനയാക്കി...

Friday 16 September 2011 10:09 pm IST

തൊഴിലിന്റെ അധിഷ്ഠാന ദേവനും വിശ്വശില്‍പ്പിയുമായ വിശ്വകര്‍മാവിന്റെ ജന്മദിനം ദേശീയ തൊഴിലാളി ദിനമായി ബിഎംഎസ്‌ ആചരിക്കുന്നു. കന്നി സംക്രാന്തി ദിനമായ ഇന്ന്‌ (സപ്തംബര്‍ 17) ആണ്‌ വിശ്വകര്‍മ ദിനം. 1955 ജൂലൈ 23 ന്‌ ബിഎംഎസ്‌ രൂപീകരിച്ചതുമുതല്‍ വിശ്വകര്‍മദിനം ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു. തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ബിഎംഎസ്‌ മാത്രമാണ്‌ തൊഴിലാളി ദിനമായി ആചരിക്കുന്നത്‌. മേറ്റ്ല്ലാ തൊഴിലാളി സംഘടനകളും മെയ്ദിനമാണ്‌ തൊഴിലാളി ദിനമായി സ്വീകരിച്ചിട്ടുള്ളത്‌.
അനാദികാലം മുതല്‍ ഭാരതത്തിലെ തൊഴിലാളികള്‍, വിശിഷ്യ മണ്‍പാത്രനിര്‍മാണം, മരപ്പണി, സ്വര്‍ണപ്പണി, കരകൗശലനിര്‍മാണം, മറ്റ്‌ വിദഗ്ദ്ധ തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍ എല്ലാവരും വിശ്വകര്‍മ ദിനത്തില്‍ പൂജകള്‍ നടത്തുകയും തൊഴിലിനും തൊഴില്‍ മേഖലയ്ക്കും അഭിവൃദ്ധിലഭിക്കുന്നതിനും വിഘ്നങ്ങള്‍ കൂടാതെ തൊഴിലുമായി മുന്നോട്ടുപോകാനും വിശ്വകര്‍മാവിനെ ഉപാസിച്ചിരുന്നു. വ്യത്യസ്തമേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കാവശ്യമായ പണി ആയുധങ്ങള്‍ സൃഷ്ടിച്ചത്‌ വിശ്വകര്‍മാവാണ്‌. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ആരാധനാമൂര്‍ത്തിയാണ്‌ വിശ്വകര്‍മാവ്‌. പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിശ്വകര്‍മാവിനെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്‌. സ്കന്ദപുരാണം, വായുപുരാണം, ശിവപുരാണം, മഹാഭാരതം ആദിപര്‍വം എന്നിവിടങ്ങളില്‍ വിശ്വകര്‍മാവിനെ പരാമര്‍ശിക്കുന്നുണ്ട്‌. അഷ്ടവസുക്കളില്‍ എട്ടാമത്തെ ആളായ പ്രഭാസന്റെയും ദേവഗുരു ബ്രഹസ്പതിയുടെ സഹോദരി വരശ്രീയുടെ മകനാണ്‌ വിശ്വകര്‍മാവ്‌. ഉപവേദമായ അര്‍ത്ഥവേദത്തിന്റെ കര്‍ത്താവ്‌ വിശ്വകര്‍മാവാണ്‌. ഈ ഉപവേദത്തിലാണ്‌ കെട്ടിടനിര്‍മാണം, ശില്‍പ്പകല, എന്‍ജിനീയറിംഗ്‌, ആയുധനിര്‍മാണം എന്നിവയെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌. വിശ്വകര്‍മാവിനെ വേദശില്‍പ്പിയെന്നും വിശ്വശില്‍പ്പിയെന്നും വിളിക്കപ്പെടുന്നു. പണിയായുധങ്ങള്‍, ശില്‍പ്പങ്ങള്‍, സൗരോര്‍ജ്ജംകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍, പുഷ്പകവിമാനം, ത്രിശൂലം, വജ്രായുധം, സുദര്‍ശനചക്രം എന്നിവയും ദ്വാരകാപുരി, അളകാപുരി, വൃന്ദാവനം, സ്വര്‍ണ്ണമയമായ ലങ്ക, ഇന്ദ്രപ്രസ്ഥം എന്നിവയുടെ സൃഷ്ടാവും വിശ്വകര്‍മാവാണ്‌. തിലോത്തമ എന്ന അപ്സരസിനെ സൃഷ്ടിച്ചതും വിശ്വകര്‍മാവാണ്‌. പ്രപഞ്ചത്തിന്റെ പുരോഗതിക്കും വികസനത്തിനും നിസ്തുലമായ സേവനമാണ്‌ വിശ്വകര്‍മാവിന്റെ ജീവിതം. ഭാരതത്തിലെ സാമൂഹ്യഘടനയനുസരിച്ച്‌ തൊഴിലാളികള്‍ക്ക്‌ ആവേശവും ആത്മവിശ്വാസവും കര്‍മനിരതയും നല്‍കുന്നത്‌ വിശ്വകര്‍മാവിന്റെ ചിന്തകളാണ്‌. തൊഴിലാളികള്‍ ജോലി ആരംഭിക്കുന്നതിനുമുമ്പ്‌ പണിയായുധങ്ങളും യന്ത്രങ്ങളും തൊട്ടുവന്ദിക്കുന്നത്‌ വിശ്വകര്‍മാവിന്റെ അനുഗ്രഹത്തിനുവേണ്ടിയാണ്‌. വിശ്വകര്‍മജയന്തിയുടെ സന്ദേശവും പ്രശസ്തിയും പ്രദാനം ചെയ്യുന്നത്‌ ധര്‍മാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ജീവിതവും ദേശസ്നേഹവുമാണ്‌. സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌ വിശ്വകര്‍മചിന്തകളാണ്‌. അധ്വാനം ആരാധനയായി കരുതാനും തന്റെ കര്‍മങ്ങള്‍കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ശ്രേയസ്സ്‌ ലഭിക്കുവാന്‍ മനസ്സ്‌ ഭാരതീയ ചിന്തകളുടെ അടിസ്ഥാനശിലയാണ്‌. ഈ കാഴ്ചപ്പാടിലാണ്‌ ഭാരതീയ മസ്ദൂര്‍ സംഘം വിശ്വകര്‍മജയന്തി ആഘോഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ബോധവല്‍ക്കരിക്കുന്നതും.
ഭാരതത്തില്‍ ബിഎംഎസ്‌ ഒഴികെയുള്ള മേറ്റ്ല്ലാ തൊഴിലാളി സംഘടനകളും ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റുകളും മെയ്ദിനം സര്‍വദേശതൊഴിലാളി ദിനമായി ആചരിച്ചുവരുന്നത്‌. മെയ്ദിനത്തിന്റെ പശ്ചാത്തലം എന്നുപറയുന്നത്‌ 1886 മെയ്‌ 4 ന്‌ അമേരിക്കയിലെ ചിക്കാഗോയില്‍ ഹേഗ്മാര്‍ക്കറ്റിലെ മാന്‍സ്ക്വയറില്‍ തൊഴിലാളി പ്രക്ഷോഭം ആരംഭിക്കുകയും പ്രക്ഷോഭത്തെ പട്ടാളം അടിച്ചമര്‍ത്തുകയും അതില്‍ നാലു തൊഴിലാളികള്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെടുകയും തുടര്‍ന്ന്‌ കലാപം പൊട്ടിപ്പുറപ്പെടുകയും അതിനെത്തുടര്‍ന്ന്‌ നിരവധി തൊഴിലാളികളും പോലീസുകാരും കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവമാണ്‌ മെയ്ദിനത്തിന്റെ ചരിത്രം. ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ മെയ്ദിനത്തിന്‌ സര്‍വദേശ തൊഴിലാളി ദിനമെന്ന്‌ വിപുലമായ പ്രചരണം നല്‍കി കമ്മ്യൂണിസം തന്നെ ലോകത്ത്‌ കടപുഴകി വീണതോടെ മെയ്ദിനം സര്‍വദേശ തൊഴിലാളി ദിനമെന്ന പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. മഹാഭൂരിപക്ഷം രാജ്യങ്ങളും അവരവരവുടെ രാജ്യത്തിന്റെ ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളാണ്‌ തൊഴിലാളി ദിനമായി തെരഞ്ഞെടുത്തിട്ടുള്ളത്‌. മെയ്ദിനവും മെയ്ദിനത്തിന്റെ ചരിത്രപശ്ചാത്തലവും ഭാരതത്തിലെ തൊഴിലാളികള്‍ക്ക്‌ യാതൊരുവിധ പ്രചോദനവും നല്‍കുന്നില്ല. നമ്മുടെ നാടിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിശ്വകര്‍മജയന്തി തന്നെയാണ്‌ തൊഴിലാളി ദിനമായി ആചരിക്കാന്‍ ശ്രേഷ്ഠമായിട്ടുള്ളത്‌.
ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളി പ്രവര്‍ത്തനരംഗത്ത്‌ അതിശക്തമായി മുന്നേറുകയാണ്‌. 5000 ത്തില്‍പ്പരം അഫിലിയേറ്റ്‌ യൂണിയനും ഒരുകോടിയിലേറെ മെമ്പര്‍ഷിപ്പുമായി രാജ്യത്തേയും ലോകത്തേയും ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറിയിരിക്കുന്നു. ബിഎംഎസ്‌ മുന്നോട്ടുവച്ച ആദര്‍ശത്തിനും ആശയത്തിനും വന്‍ തൊഴിലാളി പിന്തുണയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. തൊഴിലാളികള്‍ക്കെതിരായുള്ള കരിനിയമങ്ങള്‍ പിന്‍വലിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വന്‍ പ്രക്ഷോഭ പരിപാടിയാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. കക്ഷി രാഷ്ട്രീയത്തിനതീതമായ തൊഴിലാളി സംഘടനയെന്ന ബിഎംഎസ്‌ നിലപാടിന്‌ ദേശീയതലത്തിലും വന്‍ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ (ഐഎല്‍ഒ) ബിഎംഎസ്‌ നിലപാടിന്‌ അംഗരാജ്യങ്ങളുടെ പിന്തുണ ആര്‍ജിച്ചുവരുന്നു.
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയപരിപാടികളുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത്‌ തൊഴിലാളികളാണ്‌. തൊഴില്‍ സുരക്ഷിതത്വം തൊഴില്‍നിയമങ്ങളുടെ സംരക്ഷണം സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ എന്നിവ സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന നയമാണ്‌ നടപ്പിലാക്കിവരുന്നത്‌. സമ്പന്നന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്‌ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന വിവേചനപരമായ നിലപാടുകളാണ്‌ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്‌.
ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ വിശാലമായ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്‌ ദേശീയാടിസ്ഥാനത്തില്‍ ബിഎംഎസ്‌ വന്‍പ്രക്ഷോഭപരിപാടികള്‍ക്ക്‌ രൂപം നല്‍കിയിരിക്കുകയാണ്‌. നവംബര്‍ 23 ന്‌ 10 ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യവസായ തൊഴില്‍ മേഖലകളിലും പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. കേരളത്തില്‍ പദയാത്രകള്‍, പ്രകടനങ്ങള്‍, വാഹനജാഥകള്‍, ജില്ലാ റാലികള്‍, സെമിനാറുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. നവംബര്‍ 10 ന്‌ പതിനായിരങ്ങള്‍ അണിനിരക്കുന്ന സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തും. പാര്‍ലമെന്റ്‌ മാര്‍ച്ചില്‍ മുന്നോട്ടുവയ്ക്കുന്ന അവകാശപത്രിക കേന്ദ്രസംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റത്തിന്‌ സാക്ഷ്യം വഹിക്കാനും തൊഴിലാളികളുടെ കൂട്ടായ പിന്തുണ ലഭിക്കുന്നതിനുമുള്ള കഠിനപ്രയത്നത്തിലാണ്‌ ബിഎംഎസ്‌ പ്രവര്‍ത്തകര്‍.
സംശുദ്ധവും സുതാര്യവും സത്യസന്ധവുമായ ആദര്‍ശാധിഷ്ഠിതവുമായ തൊഴിലാളി പ്രവര്‍ത്തനത്തിന്റെ ആവിഷ്ക്കാരമാണ്‌ ബിഎംഎസ്‌ പ്രവര്‍ത്തന വിജയം. മലീമസമായ തൊഴിലാളി പ്രവര്‍ത്തന മേഖലയില്‍ ആദര്‍ശത്തിന്റെ നെയ്ത്തിരിയുമായിട്ടുള്ള വേറിട്ട ശബ്ദമാണ്‌ ബിഎംഎസ്‌.
-വി.രാധാകൃഷ്ണന്‍ (ബിഎംഎസ്‌ സംസ്ഥാന ഖജാന്‍ജിയാണ്‌ ലേഖകന്‍)പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.