സ്‌കൂള്‍ തേടുന്ന ജെസിബി കൈകള്‍

Saturday 19 April 2014 7:00 pm IST

നിയും കിടക്കുന്നു 25ദിവസം. കൃത്യമായി പറഞ്ഞാല്‍ 26-ാം നാള്‍ ഇന്ത്യ ആരു ഭരിക്കണമെന്ന് ജനങ്ങള്‍ നിശ്ചയിച്ചതിന്റെ ഫലം വരും. എന്നാല്‍ ഈ ഫലം എന്താണെന്ന് നേരത്തെ അറിഞ്ഞിരിക്കുന്നു സോണിയാ കുടുംബം. ച്ചാല്‍ കോണ്‍ഗ്രസ് സംഘം. ഇളമുറക്കാരന്‍ വരെ കെട്ടിയാടിയിട്ടും കാര്യങ്ങള്‍ കൈകളില്‍ നില്‍ക്കുന്നില്ല. എന്നു മാത്രമല്ല, തൊഴുത്തില്‍ ദിനംപ്രതി കുത്ത് കൂടി വരുന്നു. ഒടുവില്‍ ഇതാ ഇങ്ങനെയൊരു ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയും ചെയ്തു: തോറ്റ സംസ്ഥാനത്തെ ഒറ്റ മുഖ്യമന്ത്രിയേയും വെച്ചേക്കില്ല. എന്നും എവിടെയും സ്ഥിതി ഇങ്ങനെയാണ്. ജയിച്ചാല്‍ നമ്മള്‍. തോറ്റാല്‍ ഒരാള്‍. അയാളെ തൂക്കുമരത്തില്‍ കേറ്റി പീഡിപ്പിക്കുക. അത്കണ്ട് രസിക്കുക. ഇന്ത്യക്കാരെ ഇത്രയും നാള്‍ ഇങ്ങനെ നടത്തി രസിച്ചിരുന്ന സകല വിദ്വാന്മാര്‍ക്കും ആപത്തു മനസ്സിലായി. മനസ്സിലായവര്‍ ആത്മരക്ഷയ്ക്കുള്ള വഴി തേടിക്കഴിഞ്ഞു. അല്ലാത്തവര്‍ ഒളിച്ചും പാത്തും അങ്ങനെ നടക്കുകയാണ്. ഉണ്ടല്ലോ ഇനിയും 25 നാള്‍ എന്നാണ് അവരുടെ പക്ഷം. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സകലയാളുകള്‍ക്കും വേണ്ടി മാതൃഭൂമിയില്‍ (ഏപ്രില്‍17) ഉണ്ണികൃഷ്ണന്‍ ഒരു വരവരച്ചിരിക്കുന്നു. കാണുക; അനുഭവിക്കുക. രണ്ട് നിസ്സാര സംഭവങ്ങള്‍. അഭിപ്രായം നിങ്ങള്‍ക്ക് വിടുന്നു. സംഭവം ഒന്ന്: എല്ലാ കൊല്ലത്തെയും പോലെ വിഷു ഇത്തവണയും വന്നു. ആഘോഷവേളകളില്‍ (അത് ഏത് മത ജാതിയുടെയായാലും) കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് പതിവില്ല. തിയ്യതി നേരത്തെ അച്ചടിച്ചിട്ടുണ്ടെങ്കില്‍ പോലും തൊട്ടു പിറ്റന്നേക്ക് മാറ്റിവെക്കും. എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായില്ല. വിഷു നാളില്‍ തന്നെ നറുക്കെടുപ്പ്. ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത നഷ്ടം. ഭാഗ്യക്കുറിയുടെ പേരില്‍ നടക്കുന്ന മൂന്നക്ക ചൂതാട്ട-അനധികൃത ലോട്ടറിയെ സഹായിക്കാനാണിതെന്ന് ഏജന്റുമാര്‍ പരക്കെ ആരോപണമുന്നയിക്കുന്നു. ഇതിന്റെയൊക്കെ ശരി-തെറ്റുകള്‍ നിര്‍ധാരണം ചെയ്ത് വിശദീകരണം തരേണ്ട ഡയറക്ടര്‍ ആ ദിവസം ഉള്‍പ്പെടെ അവധിയിലായിരുന്നുവത്രെ. കപ്പലില്‍ കള്ളനെ വെച്ച് കപ്പിത്താന് അധികകാലം കപ്പലോടിച്ച് പോകാനാവുമോ ? ആവോ, നിങ്ങള്‍ക്കെന്തു തോന്നുന്നു. തോന്നല്‍ കാലികവട്ടത്തെ താമസംവിനാ അറിയിക്കുക. സംഭവം രണ്ട്: നാല് നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി. ചരിത്രത്തില്‍ ആദ്യമായി ഫലം ശരവേഗത്തില്‍ വന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുക. അസാധ്യം എന്നൊരുവാക്കില്ലെന്നു പറഞ്ഞയാളെ അറിയാതെ നമുക്കിവിടെ ഓര്‍ത്തുപോകാം. അതിന്റെ സ്ഥിതിഗതികള്‍ എന്തൊക്കെയെന്ന് വഴിയെ നമുക്ക് മനസ്സിലാകും. അതെന്തോ ആകട്ടെ. നമ്മുടെ പ്രശ്‌നം അതല്ല. വിഷുപ്പിറ്റേന്ന് ഫലം വരുമെന്ന് അറിഞ്ഞതോടെ ഒരുത്സവത്തിന്റെ ലഹരിയില്‍ ആഴ്ന്നിറങ്ങേണ്ട കുട്ടികളൊക്കെ ഉത്ക്കണ്ഠയുടെ മുള്‍മുനയിലായി. എന്തായാലും എന്നായാലും ഫലം വരേണ്ടതു തന്നെ. മേല്‍ സൂചിപ്പിച്ച ഉത്ക്കണ്ഠയും ഒക്കെ അന്നും കാണും. എന്നാല്‍ ഒരുത്സവത്തിന്റെ ഉച്ചസ്ഥായിയില്‍ തന്നെ ഇങ്ങനെ വേണോ എന്ന ചോദ്യമുയര്‍ന്നാല്‍ ഇന്നത്തെ കാലം വേഗത്തിന്റെ കാലമല്ലേ, അങ്ങനെയൊക്കെയുണ്ടാവും എന്നാണോ മറുപടി പറയാന്‍ വരുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണിങ്ങനെ ഉത്സവങ്ങള്‍, ഒഴിവുദിനങ്ങള്‍. മനുഷ്യര്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ ചിലപ്പോള്‍ ഇത്തരം ഉത്സവങ്ങളൊക്കെ ആവശ്യമാണ്. അത്തരം വിചാര വികാരങ്ങളില്ലാത്തവര്‍ക്ക് എന്തുമാവാം.  ഛെ, എന്തിലും കുറ്റം കാണുകയാണോ എന്നാവും ചിലര്‍ക്ക് തോന്നുക. ചിലത് ചൂണ്ടിക്കാണിച്ചാലേ ചിലര്‍ക്ക് ചിലത് മനസ്സിലാവൂ. ചിലത് മനസ്സിലായാലേ ചിലത് ചിലര്‍ ചെയ്യാതിരിക്കൂ. ഏതായാലും വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ എ പ്ലസ് വര്‍ദ്ധിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് ഒരു പ്രത്യേക അഭിനന്ദനം ഇരിക്കട്ടെ. നമുക്കെന്തിനാണ് ഇനി സ്‌കൂള്‍ എന്ന് ചോദിക്കുന്ന ഭരണകൂടം സമീപ ഭാവിയില്‍ വന്നുകൂടായ്കയില്ല.  ജനാധിപത്യോത്സവത്തിന്റെ അരങ്ങായ ഒരു സ്‌കൂള്‍ രാത്രിക്കുരാത്രി മാഫിയ പൊളിച്ചുനീക്കിയത് നഗരത്തിലാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും അധികം അകലെയല്ലാത്ത മലാപ്പറമ്പ് യു.പി സ്‌കൂളാണ് മാനേജരുടെ ഒത്താശയില്‍ (വിദ്യാഭ്യാസ വകുപ്പും അതിനൊപ്പമായിരുന്നു എന്ന് പിന്നാമ്പുറ വര്‍ത്തമാനം.) പൊളിച്ചു നീക്കിയത്. ഏറെ കാലമായി ഫ്‌ളാറ്റ് മാഫിയ കണ്ണുവെച്ച സ്ഥലമാണ് സ്‌കൂള്‍ നില്‍ക്കുന്നയിടം. ഏതായാലും അതിനെതിരെ ബഹുജനധര്‍ണയും സര്‍വകക്ഷി യോഗവും മറ്റും മറ്റും നടന്നു. മാനേജര്‍ ഒളിവിലിരുന്ന് തന്റെ ധീരകൃത്യം എന്തിനായിരിന്നു  എന്ന് പത്രം വഴി അറിയിച്ചിട്ടുണ്ട്. സംഗതി ചര്‍ച്ചയായപ്പോള്‍ അധികൃതര്‍ സടകുടഞ്ഞെണീക്കുകയാണ് എന്നു വരുത്തിത്തീര്‍ത്തു. ഏതായാലും കെ.പി. രാമനുണ്ണി ഒരു ലേഖനമെഴുതിയിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ: അക്ഷരം ആക്രിക്കടയിലേക്ക്. ഏപ്രില്‍ 17 ലെ മാതൃഭൂമിയില്‍ അത് വായിക്കാം. എന്താണ് ഒരു സ്‌കൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എന്താണ് അതിന്റെ ആദായമെന്നും രാമനുണ്ണി പറയുന്നത് നോക്കുക.: ഒരു വിദ്യാലയം സര്‍ക്കാര്‍ എയ്ഡഡ് ആകുന്നതോടെ അത് പൊതു സ്ഥാപനമായി മാറുകയാണ്. അതുകൊണ്ടു തന്നെ സംസ്ഥാനത്തുള്ള ആയിരക്കണക്കിന് എയിഡഡ് സ്‌കൂളുകള്‍ പൊതുസ്ഥാപനങ്ങളാണ്. അവയുണ്ടാക്കുന്ന ആദായം കലാലയം നില്‍ക്കുന്ന ഭൂമി വിറ്റാല്‍ക്കിട്ടുന്ന വിലയല്ല. അധ്യാപകരെ നിയമിക്കാന്‍ മാനേജ്‌മെന്റ് വാങ്ങുന്ന കോഴയുടെ കണക്കുമല്ല. ദശകങ്ങളായി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരികമായ ജീവിതവും അത് സമൂഹത്തിന് നല്‍കുന്ന സംഭാവനയുമാണ് ആ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആദായം. ബിവറേജസില്‍ നിന്ന് കിട്ടുന്ന ആദായം സ്‌കൂളുകളില്‍ നിന്ന് കിട്ടണമെന്ന ധാര്‍ഷ്ട്യമാണ് ഒരു സ്‌കൂളിന്റെ അടിത്തറ തോണ്ടിയത്. കൂടുതല്‍ ജെസിബി കൈകള്‍ സ്‌കൂളുകള്‍ക്കു നേരെ ഉയരും മുമ്പ് പ്രതിരോധ മതിലുകള്‍ തീര്‍ത്തേ മതിയാവൂ. ഏത് ജെസിബി ഭരണകൂടവും തോറ്റ് തുന്നംപാടുന്ന പ്രതിരോധ മതില്‍. ഒരു ലേഖനം എന്തല്ല എന്ന് അറിയണമെന്നുണ്ടോ? ഉണ്ടെങ്കില്‍ മലയാളം വാരിക (ഏപ്രില്‍ 18) യില്‍ മൊഴിമാറ്റിവന്ന നചികേത ദേസായിയുടെ മോദിദൈവവും വിശുദ്ധനഗരത്തിലെ പോരാട്ടവും എന്ന അക്ഷരക്കസര്‍ത്ത് നോക്കിയാല്‍ മതി. ഇത്രമാത്രം അധിക്ഷേപിക്കപ്പെടാന്‍ നരേന്ദ്രമോദി എന്തു ചെയ്തു എന്ന് മലയാളം പത്രാധിപര്‍ ഒന്ന് വിശകലനം ചെയ്യുന്നത് നന്ന്. മാധ്യമ മാഫിയകള്‍ തെരഞ്ഞെടുപ്പുകാലത്ത് എത്ര സജീവം എന്ന് പറഞ്ഞത് തികഞ്ഞ നാട്ടുമ്പുറത്തുകാരനാണ്. അത്രയ്ക്കാണ് മാധ്യമങ്ങളുടെ അജണ്ടാധിഷ്ഠിത നിലപാടുകള്‍. സതീശ് സൂര്യന്‍ എന്ന വിദ്വാനാണ് നചികേത ദേസായിയെ മൊഴിമാറ്റിയത്. ടിയാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കണം. വെട്ടിത്തുറന്ന് പറഞ്ഞപ്പോഴൊക്കെ വെട്ടുകിട്ടിയ ആളാണ് എ.കെ. ആന്റണി. ഇതാ ഇപ്പോള്‍ ഒരു മൊഴികൂടി അര്‍ത്ഥവത്താകാന്‍ പോകുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റസിഡന്റ് എഡിറ്റര്‍ (കേരള) വിനോദ് മാത്യുവിനോട് മനസ്സുതുറക്കുമ്പോഴായിരുന്നു അത്. 2014 ല്‍ യു.പി.എ ക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ല എന്നാണ് ആന്റണി പറഞ്ഞത്. അങ്ങനെ വന്നില്ലെങ്കിലും ഭരിക്കും എന്ന് അടുത്ത ശ്വാസത്തില്‍ പറയുന്നുണ്ട്. അതിനെന്തു വേണം? പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടി പിന്തുണയ്ക്കണം. അപ്പോള്‍ വിവരമില്ലാത്ത വോട്ടര്‍മാര്‍ ചോദിക്കുന്നു: പിന്നെന്തിനാണ് ഹേ നിങ്ങള്‍ കേരളത്തില്‍ ഇങ്ങനെ ഗുസ്തി നടത്തുന്നത്. ഞങ്ങള്‍ കേന്ദ്രത്തില്‍ ദോസ്തിയായി അതൊക്കെ മാറ്റും എന്നത്രെ മറുപടി. പാക്ക് പട്ടാളക്കാര്‍ക്ക്  പാലുകൊടുക്കണമെന്ന് പറയുന്ന പ്രതിരോധ മന്ത്രിയില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതാണല്ലൊ നമ്മുടെ പ്രശ്‌നം. ഏതായാലും ആന്റണി ഒരു ഭീഷണി മുഴക്കുന്നുണ്ട്. അതിപ്രകാരം: ഞാന്‍ ഒരിക്കലും ഒരു ഡല്‍ഹിക്കാരനായിരുന്നില്ല. ഈ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും അങ്ങനെയായിട്ടുമില്ല. ഞാന്‍ കേരളത്തില്‍ നിന്നാണ്. കേരളത്തിലേക്ക് തിരിച്ചുവരികയും ചെയ്യും. അവിടത്തെ എന്റെ ജോലി  തീര്‍ന്നാലുടനെ ഞാന്‍ തിരിച്ചുവരും. എത്ര ക്ലിയര്‍ അല്ലേ. അതാണ് നമ്മെ പേടിപ്പെടുത്തുന്നതും. കെ. മോഹന്‍ദാസ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.