നിലയ്ക്കാത്ത പകല്‍ക്കൊള്ള

Friday 16 September 2011 10:08 pm IST

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോളിന്റെ വില 3.14 രൂപ വര്‍ധിപ്പിച്ച്‌ കേരളത്തില്‍ പെട്രോള്‍ വില എഴുപത്‌ രൂപയോടടുത്തിരിക്കുകയാണ്‌. കഴിഞ്ഞ നാലു മാസത്തിനിടെ രണ്ടാംതവണ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ച ഇന്ധനവില മധ്യവര്‍ഗ സമൂഹത്തിന്‌ കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്‌. തുടരെതുടരെയുള്ള ഈ ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷുഭിതരാണ്‌. രൂപയുടെ മൂല്യം കുറഞ്ഞതും ഇറക്കുമതി തീരുവ വര്‍ധിച്ചതുമാണ്‌ എണ്ണക്കമ്പനികള്‍ ന്യായീകരണമായി പറയുന്നത്‌. പക്ഷെ ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ്‌ ഓയിലില്‍ നല്ലൊരു ശതമാനം ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്‌. മറ്റൊരു വസ്തുത അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില താഴുകയാണ്‌ ചെയ്തത്‌ എന്നതാണ്‌. 2010 ജൂണിലാണ്‌ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക്‌ വിലനിര്‍ണയാധികാരം നല്‍കിയത്‌. അതിനുശേഷം കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ഏഴുതവണയാണ്‌ കൂട്ടിയത്‌. കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വിറ്റതിനാല്‍ തങ്ങള്‍ക്കേറ്റ നഷ്ടം 2450 കോടി രൂപയാണ്‌ എന്നാണ്‌ എണ്ണക്കമ്പനികളുടെ അവകാശവാദം. കേരളത്തിന്‌ ഇത്‌ ഇരട്ട തിരിച്ചടി ആക്കുന്നത്‌ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയാണ്‌. കുഴികള്‍ തരണം ചെയ്യാനും വാഹനം കാത്തുകിടക്കുമ്പോഴും പെട്രോള്‍ അനാവശ്യമായി ചെലവാകുന്നു. ഉപരിവര്‍ഗം ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കുമാണ്‌ ഇത്‌ കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്‌.
ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി നല്‍കുന്നതുമൂലം ഭാരിച്ച നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നും ഈ നയം തുടരാനാവില്ലെന്നുമാണ്‌ എണ്ണക്കമ്പനികളുടെ നിലപാട്‌. ഇതുമൂലം മാത്രം ഇവരുടെ നഷ്ടം പ്രതിദിനം 263 കോടി രൂപയാണെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. വില കൂട്ടിയില്ലെങ്കില്‍ നഷ്ടം 2850 കോടി രൂപയാകുമത്രേ. എന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിയന്ത്രണമില്ലാതെ ധൂര്‍ത്തടിച്ച്‌ അധികഭാരം പൊതുജനങ്ങളുടെ മേല്‍ ചുമത്തുന്നത്‌ തടയാനോ നിയന്ത്രിക്കാനോ ഉള്ള ഒരു നീക്കവും യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പെട്രോള്‍ കമ്പനികള്‍ ഈ വിധം കണക്കുകള്‍ പെരുപ്പിച്ച്‌ പെട്രോള്‍ വില അടിക്കടി വര്‍ധിപ്പിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത്‌ പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വന്‍ലാഭം കൊയ്തതായാണ്‌ അറിയുന്നത്‌. രാജ്യം പൊതുവെ വിലവര്‍ധന നേരിടുന്നുണ്ട്‌. അത്‌ തിരസ്കരിച്ചാണ്‌ ഇപ്പോള്‍ പെട്രോള്‍ വില കൂട്ടിയിരിക്കുന്നത്‌. ഇതിെ‍ന്‍റ പ്രതിഫലനം മറ്റ്‌ രംഗങ്ങളിലും ഉളവാകുമ്പോള്‍ സാധാരണ ജനങ്ങളുടെ നട്ടെല്ല്‌ ഒടിയുന്നത്‌ ഭരണാധികാരികള്‍ അവഗണിക്കുന്നു.
'ആം ആദ്മി' എന്ന മുദ്രാവാക്യം എത്ര അര്‍ത്ഥശൂന്യമാണെന്നാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍ ഭരണത്തില്‍ ആം ആദ്മി തിരിച്ചറിയുന്നത്‌. ഈ ദുരിതം ഏറ്റവും കഠിനമാകുന്നത്‌ ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. പെട്രോള്‍ വിലവര്‍ധന ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇത്‌ ജനങ്ങള്‍ക്ക്‌ താങ്ങാനാകില്ലെന്നും ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷമായ ബിജെപി കേരളത്തില്‍ പ്രതിഷേധിക്കുകയാണ്‌. എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കിയ വിലനിയന്ത്രണാവകാശം പുനഃപരിശോധിക്കണം എന്ന ആവശ്യം ഓരോ വിലവര്‍ധനക്ക്‌ ശേഷവും ഉയരാറുണ്ട്‌. പക്ഷെ കേന്ദ്രം ഈ ആവശ്യത്തെ അവഗണിച്ചാണ്‌ എണ്ണക്കമ്പനികളുടെ പൊള്ളവാദം അംഗീകരിച്ച്‌ അവരെ കയറൂരി വിട്ടിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.