സീത താമര വിരിയിച്ചു; ജയ കാത്തു, മോദിക്കായി ബാലു ഒഴിഞ്ഞു

Saturday 19 April 2014 9:53 pm IST

അഹമ്മദാബാദില്‍ നിന്ന്  ആദ്യബസ്സില്‍ അതിരാവിലെ  വഡോദരക്ക് തിരിക്കുമ്പോള്‍ സര്‍വം മോദി മയമായ  വഡോദര മണ്ഡലമായിരുന്നു മനസ്സില്‍. മോദിയുടെ പോസ്റ്റര്‍ ഒഴികെ മറ്റൊന്നും പതിപ്പിക്കാന്‍ ബിജെപി അനുവദിക്കാത്ത സ്ഥലം എന്നാണല്ലോ മാധ്യമങ്ങളുടെ പ്രചാരണം തരുന്ന ചിത്രം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദനന്‍ മിസ്ത്രി, സ്വന്തം പോസ്റ്റര്‍ പതിക്കാന്‍ ടെലിഫോണ്‍ പോസ്റ്റില്‍ കയറി മോദിയുടെ പോസ്റ്റര്‍ കീറുന്ന ചിത്രവും മനസ്സില്‍ തെളിഞ്ഞു. ഒന്നര മണിക്കൂറിനകം 113 കിലോമീറ്റര്‍ പിന്നിട്ട് വഡോദരയില്‍ എത്തിയപ്പോള്‍ നമിച്ചതും മോദി സര്‍ക്കാരിനെ തന്നെ. വേഗമെത്തിയതുകൊണ്ടു മാത്രമല്ല; ഉലച്ചിലില്ലാതെ, യാത്രാക്ഷീണമേശാതെ, ട്രയിന്‍ യാത്രപോലൊരു ബസ് യാത്ര സാധ്യമാക്കിയതിനും. പക്ഷേ, വഡോദരയിലെ കാഴ്ചയോ? ഇവിടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നതുപോലെ മോദിയുടെ കൂറ്റന്‍ കട്ടൗട്ടുകളില്ല, ഫ്‌ളക്‌സുകളില്ല. തെരഞ്ഞെടുപ്പു നടക്കുന്നെന്ന തോന്നല്‍ പോലും ഇല്ല. മണ്ഡലം മുഴുവന്‍ യാത്ര ചെയ്തിട്ടും സ്ഥിതി അതുതന്നെ .  പോസ്റ്റര്‍ പോരാട്ടമില്ല, ഫ്‌ളക്‌സ് ശക്തിപ്രകടനമില്ല, അനൗണ്‍സ്‌മെന്റ് കേള്‍ക്കാനേയില്ല. അതിനര്‍ത്ഥം ഇവിടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനമേ ഇല്ലെന്നല്ല. എല്ലാം നിശബ്ദമാണെന്നു മാത്രം. നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥിത്തത്തോടെ വഡോദര    ദേശീയ രാഷ്ടീയം ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമായി. മോദിയുടെ ഭൂരിപക്ഷം എത്ര എന്നതു മാത്രമേ അറിയാനുള്ളൂവെങ്കിലും ഇവിടുത്തെ ഫലത്തെക്കുറിച്ചറിയാനുള്ള ആകാംഷയിലാണ് ചില മാധ്യമങ്ങളും രാഷ്ടീയ പാര്‍ട്ടികളും. ബിജെപിയുടെ കുത്തക സീറ്റൊന്നുമല്ല വഡോദര എന്ന പഴയ ബറോഡ എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച്, 1989 വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നൂതാനും. 67-ല്‍ സ്വതന്ത്രപാര്‍ട്ടി ജയിച്ചതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയ മണ്ഡലം. ബറോഡയുടെ രാജകുടുംബമായ ഗയ്ക്ക്‌വാദ് പാരമ്പര്യം പേറുന്നവരായിരുന്നു ജയിച്ചുവന്നത്. 1991 ലാണ് ആദ്യമായി ഇവിടെ താമര വിരിഞ്ഞത്. ദേശീയ ടെലിവിഷന്‍ ചാനലില്‍ രാമായണം സീരിയല്‍ കത്തിനിന്ന കാലം. രാമായണത്തിലെ സീതയായി വേഷമിട്ട ദീപിക ചിക്കിലിയയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. രണ്ടുതവണ എംപിയായിരുന്ന രജിത് സിംഗ് ഗയ്ക്ക്‌വാദിനെ 35,000 ല്‍പരം വോട്ടിന് ദീപിക തോല്‍പ്പിച്ചു. അഭിനയത്തിലെ മികവ് പക്ഷേ, സാമൂഹ്യ സേവനത്തില്‍ കാഴ്ചവെയ്ക്കാന്‍ ദീപികയ്ക്കായില്ല. 96-ല്‍ പകരം ജിത്തുഭായിക്കാണ് ബിജെപി സീറ്റ് നല്‍കിയത്. വെറും 27 വോട്ടിന് ജിത്തുഭായി കോണ്‍ഗ്രസിന്റെ സത്യജിത്സിംഗ് ഗയ്ക്ക്‌വാദിനോട് തോറ്റു. എന്നാല്‍ തുടര്‍ന്നു നടന്ന നാലു തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ താമര തന്നെ വിരിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവായ ജയാബന്‍ തക്കര്‍ ആണ് 98, 99, 2004 വര്‍ഷങ്ങളില്‍ വിജയം നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയാബന്നിനെ മാറ്റി ബാലകൃഷ്ണ ശുക്ലയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും ബിജെപിക്കുതന്നെ ഉജ്ജ്വല വിജയം. വഡോദര മേയര്‍ ബാലകൃഷ്ണ ശുക്ല എന്ന ബാലു 1.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. '''രാഷ്ട്രീയ ഗുരുവായ മോദിയ്ക്കായി സീറ്റ് ഒഴിഞ്ഞു. വഡോദരയില്‍ നിന്നും പി. ശ്രീകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.