ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന്

Saturday 19 April 2014 10:04 pm IST

കോട്ടയം: അഴിമതിയും സ്വജനപക്ഷപാതവും നടത്തി പ്രസിഡന്റ് സ്ഥാനം ദുരുപയോഗം ചെയ്ത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയ എം.പി. ഗോവിന്ദന്‍ നായര്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഹൈന്ദവ സമൂഹത്തോട് നീതി പുലര്‍ത്തണമെന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാര്‍ ആവശ്യപ്പെട്ടു. 2012-13 ല്‍ നാലരക്കോടി രൂപ നഷ്ടം വരുത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായരെ തല്‍സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി സ്ഥിരനിക്ഷേപം സംബന്ധിച്ച് സ്റ്റേറ്റ് വിജിലന്‍സ് അന്വേഷണം വേണമെന്നും ഉപദേശകസമിതി ആവശ്യപ്പെട്ടു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും ഓഫര്‍ ലെറ്റര്‍ വാങ്ങി മുന്‍ബോര്‍ഡ് 10ശതമാനം പലിശയ്ക്ക് നല്‍കിയ 600 കോടിയോളം രൂപയുടെ നിക്ഷേപം 9.25 ശതമാനം പലിശയ്ക്ക് അതേ ബാങ്കില്‍തന്നെ നല്‍കിയതിനു പിന്നില്‍ എം.പി. ഗോവിന്ദന്‍ നായരുടെ ബന്ധുവായ ധനലക്ഷ്മി ബാങ്ക് നന്ദന്‍കോട് ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ മുഖേന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുമായുള്ള സാമ്പത്തിക കച്ചവടം നടത്തിയതിന്റെ തെളിവാണ്. ഇതേപ്പറ്റി അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കോണ്‍ഗ്രസുകാരനായ ബോര്‍ഡ് പ്രസിഡന്റ് തല്‍സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കുന്നുണ്ടോ എന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്നും ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആവശ്യപ്പെട്ടു. ഈ വര്‍ഷവും തിരുവുത്സവത്തിന് ഉപദേശകസമിതിയെ സഹകരിപ്പിക്കാതെയും ഉപേശകസമിതി പിരിച്ചുവിടണമെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുകയും ചെയ്ത ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് ബന്ധു എന്നവകാശപ്പെടുന്ന മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ സംരക്ഷിക്കുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഗൂഢശ്രമവുമാണ്. എം.പി. ഗോവിന്ദന്‍ നായര്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ അയോഗ്യനാണെന്നും സര്‍ക്കാര്‍ ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്ന ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഹൈന്ദവ സമൂഹത്തോട് നീതി പുലര്‍ത്തണമെന്നും ഉപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.