രാജ്യസുരക്ഷ അനിശ്ചിതത്വത്തില്‍

Friday 16 September 2011 10:31 pm IST

ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷ അനിശ്ചിതത്വത്തിലാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വ്യക്തമാക്കി. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളെല്ലാം വീണ്ടും സജീവമായിട്ടുണ്ടെന്നും രാജ്യംത്തേക്ക്‌ പുതിയ ഭീകരസംഘങ്ങളെ കടത്തിവിടാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തയിടെ ദല്‍ഹിയിലും മുംബൈയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ ഭീകരത നമ്മുടെ ദേശീയസുരക്ഷക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ അസുഖകരമായ ഓര്‍മ്മപെടുത്തലുകളാണെന്ന്‌ പോലീസ്‌ ഡയറക്ടര്‍ ജനറല്‍മാരുടെയും ഐജിമാരുടെയും ത്രിദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌ പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകാശ്മീരില്‍ സമാധാനപരമായ വേനല്‍ക്കാലം കടന്നുപോയതില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം മാന്യമായ പ്രശ്നപരിഹാരത്തിന്‌ വിശലാടിസ്ഥാനത്തിലുള്ള കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ നടപടികളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാനും പുതിയ ഭീകരസംഘങ്ങളെ കടത്തിവിടാനും അതിര്‍ത്തിക്കപ്പുറത്തുനിന്നും നടക്കുന്ന ശ്രമങ്ങളെ എല്ലാ സുരക്ഷാ ഏജന്‍സികളുടെയും സുഗമവും ഏകോപനത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട്‌ തകര്‍ക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.
ജമ്മുകാശ്മീരിലെ എല്ല വിഭാഗം ജനങ്ങളുടെയും ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റുന്ന നീതിയുക്തവും മാന്യവുമായ പരിഹാരം കാണാന്‍ ജനാധിപത്യ, സംഭാഷണ പ്രക്രിയകള്‍ക്ക്‌ അവസരം കൊടുക്കണം. യുവാക്കള്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കുമിടയില്‍ നടക്കുന്ന കുപ്രചാരണങ്ങളുടെയും വഴിതെറ്റിയ ആവേശങ്ങളുടെയും പ്രോത്സാഹനത്തില്‍ നടക്കുന്ന സംഘടിത ഭീകരതക്ക്‌ നമ്മുടെ സമൂഹം ഇന്നും ഇരയായിക്കൊണ്ടിരിക്കുയാണ്‌. ഇടതുപക്ഷ ഭീകരത, സങ്കുചിതത്വവും താന്‍പോരിമ നിറഞ്ഞതുമായ പ്രസ്ഥാനങ്ങള്‍ സാമൂഹ്യ, സാമ്പത്തിക അസന്തുലിതാവസ്ഥകളും ത്വരിതഗതിയിലുള്ള നഗരവല്‍ക്കരണവും സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ തുടങ്ങിയവയെല്ലാം നാം നേരിടേണ്ടതുണ്ട്‌. പോലീസിനെ സംബന്ധിച്ചിടത്തോളം ദുഷ്ക്കരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു കാലഘട്ടമാണിത്‌. മനുഷ്യാവകാശങ്ങള്‍ മാനിച്ചുകൊണ്ട്‌ ജനാധിപത്യ ചട്ടക്കൂട്ടിനുള്ളില്‍നിന്ന്‌ അവര്‍ ഇത്തരം വെല്ലുവിളികള്‍ കൈകാര്യം ചെയ്യണം.
അഴിമതിക്കെതിരെ അടുത്തയിടെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നയിച്ച പ്രക്ഷോഭം പരാമര്‍ശിക്കവെ 'അഴിമതിക്കെതിരായ പൊതുരോഷത്തിനാണ്‌ രാജ്യം സാക്ഷ്യം വഹിച്ച'തെന്ന്‌ മന്‍മോഹന്‍സിംഗ്‌ പറഞ്ഞു.
ജീവനും സ്വത്തും സുരക്ഷിതമാക്കാന്‍ ചുമതലപ്പെട്ടവര്‍ അവരുടെ ജോലി അഭിമാനത്തോടെ നിര്‍വഹിക്കണം. പ്രകടനങ്ങളും മറ്റും നിയന്ത്രിക്കുന്നതിന്‌ ജമ്മുകാശ്മീര്‍ പോലീസ്‌ ആവിഷ്കരിച്ച മെച്ചപ്പെട്ട സംവിധാനത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
26/11 മുംബൈ ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ച അത്യാധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകള്‍ പരാമര്‍ശിക്കവെ പ്രതിയോഗികളെക്കാള്‍ ഒരു പടിയെങ്കിലും നാം മുന്നില്‍ നില്‍ക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.