എണ്ണക്കമ്പനികള്‍ക്ക്‌ വില നിശ്ചയിക്കാനുള്ള അവകാശം പിന്‍വലിക്കണം: ഡോ. തോമസ്‌ ഐസക്ക്‌

Friday 16 September 2011 11:03 pm IST

കൊച്ചി: എണ്ണക്കമ്പനികള്‍ക്ക്‌ സ്വന്തമായി വില നിശ്ചയിക്കുവാനുള്ള അവകാശം പിന്‍വലിക്കണമെന്ന്‌ മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്‌ വില വര്‍ധിപ്പിച്ചതുമൂലം ലഭിക്കുന്ന നികുതി വരുമാനം വേണ്ടെന്ന്‌വെച്ചതുകൊണ്ട്‌ പ്രശ്നപരിഹാരമാകുന്നില്ല. നികുതി വരുമാനം വേണ്ടെന്നുവെച്ചാല്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ ഏതാനും പൈസയുടെ കുറവ്‌ മാത്രമാണ്‌ ലഭിക്കുക.
ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു നില്‍ക്കുമ്പോഴാണ്‌ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചത്‌. ഇന്ത്യയില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം സംശയമായിരിക്കുന്നു. രാജ്യം നാഥനില്ലാ കളരിയായി മാറി. എണ്ണക്കമ്പനികള്‍ക്ക്‌ തോന്നിയ പോലെ വില വര്‍ധിപ്പിക്കുവാന്‍ നല്‍കിയിട്ടുള്ള അധികാരം പിന്‍വലിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
നികുതി നല്‍കിയശേഷം ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ആകെ ലാഭം 40000 കോടി രൂപയാണ്‌. ഇത്‌ മറച്ചുവെച്ചുകൊണ്ടാണ്‌ കമ്പനികളും കേന്ദ്രസര്‍ക്കാരും പ്രചാരണം നടത്തുന്നത്‌. രൂപയുടെ വിനിമയനിരക്കില്‍ നേരിയ വര്‍ധനയുണ്ടായപ്പോള്‍ അക്കാരണം പറഞ്ഞ്‌ ക്ഷണനേരത്തില്‍ പെട്രോളിന്റെ വില വര്‍ധിപ്പിക്കുകയാണുണ്ടായത്‌. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും ഡോ. തോമസ്‌ ഐസക്ക്‌ അഭിപ്രായപ്പെട്ടു. എണ്ണമേഖലയില്‍ അടിക്കടി ഉണ്ടാകുന്ന വിലവര്‍ധനവിനെക്കുറിച്ച്‌ അന്വേഷണം നടത്തണം. എണ്ണവില വര്‍ധനയെത്തുടര്‍ന്ന്‌ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉല്‍പാദനമാന്ദ്യവും രൂക്ഷമാകും. റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ ഉയര്‍ത്തുന്നതിലൂടെ വ്യവസായ വളര്‍ച്ചാ നിരക്ക്‌ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.