നഗരം ചീഞ്ഞുനാറുന്നു: പരിഹാരമുണ്ടാക്കാന്‍ കഴിയാതെ നഗരസഭ

Sunday 20 April 2014 9:35 pm IST

കോട്ടയം: നഗരത്തില്‍ മാലിന്യങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോഴും മാലിന്യ പ്രശ്‌നത്തിന് ശ്വാശത പരിഹാരമുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് തടസപ്പെട്ടതോടെ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. തുടര്‍ച്ചയായി അവിധി ദിനങ്ങളായതിനാല്‍ വഴിനീളെ മാലിന്യ കൂമ്പാരം വര്‍ദ്ധിച്ചു. ഇതോടെ നഗരം വീണ്ടും ചീഞ്ഞുനാറുന്ന ദുരവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.നഗരസഭയുടെ സ്ഥലത്ത് മാലിന്യം കുഴിച്ചു മൂടുക എന്നതല്ലാതെ പുതിയൊരു മാര്‍ഗം കണ്ടെത്താന്‍ അധികൃതര്‍ക്കാവുന്നില്ല. കുര്യന്‍ഉതുപ്പ് റോഡ്, തിരുനക്കര ജവഹര്‍ ബാലഭവനു മുന്‍വശം, ചിറയില്‍പാടം,തിരുനക്കര കാരാപുഴ റോഡില്‍ താലൂക്ക് ഓഫീസിന് സമീപം, മറ്റു മാലിന്യപോയിന്റുകള്‍ എന്നിവിടങ്ങളിലേല്ലാം മാലിന്യം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. മൂക്കുപൊത്താതെ നഗരത്തിലുടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.മഴ പെയ്തതോടെ മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നത് സാംക്രമിക രോഗങ്ങള്‍ പിടിപെടാനും കാരണമാകുന്നു. നേരത്തെ മാലിന്യങ്ങള്‍ ഇവിടെതന്നെ കൂട്ടിയിട്ടുകത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. നഗരവാസികള്‍ ഇതിനെതിരെ രംഗത്തുവന്നതോടെ കത്തിക്കുന്നതു നഗരസഭ നിര്‍ത്തി. ദുര്‍ഗന്ധം മൂലം ഈ പ്രദേശങ്ങളിലുടെ നടന്നുപോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതുതന്നെ അവസ്ഥ. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറില്‍കെട്ടി വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കോഴിയുടെയും മറ്റും അവശിഷ്ടം നഗരത്തിനു അകത്തുനിന്നും പുറത്തുനിന്നും വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുകയാണ്. എന്നാല്‍ ഇതിനും പരിഹാരമായി നഗരസഭ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വേസ്റ്റ് ബിന്‍ വെയ്ക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികുടാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ല. മാലിന്യം നഗരത്തില്‍ വീണ്ടും വര്‍ധിച്ചതോടെ തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് കുറച്ച് ദിവസം മുന്‍പ്പ് നഗരസഭ ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ടുകിട്ടാന്‍ അധികൃതര്‍ മാലിന്യങ്ങള്‍ നഗരസഭയിലെ മറ്റ് സ്ഥലങ്ങളില്‍ കുഴിച്ച് മൂടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നഗരസഭാധികൃതര്‍ കൈമലര്‍ത്തിയിരിക്കുകയാണ്. മാലിന്യങ്ങ ള്‍ കുമിഞ്ഞികൂടിയിട്ടും നഗരസഭ അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുമെന്നറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.