ആറളം ഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

Sunday 20 April 2014 9:40 pm IST

ഇരിട്ടി: ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 11-ാ‍ം ബ്ലോക്കില്‍ കുടിലില്‍ കിടന്നുറങ്ങുകയായിരുന്ന ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിയും കുത്തിയും കൊലപ്പെടുത്തി. മോഹനന്റെ ഭാര്യ മാധവി (41)യാണ്‌ കൊല്ലപ്പെട്ടത്‌. കൂടെ ഉണ്ടായിരുന്ന മോഹനന്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ്‌ സംഭവം. പരിക്കേറ്റ മോഹനനെ ഇരിട്ടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുരധിവാസ മേഖലയായ ആറളം ഫാമില്‍ കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണം പതിവായിട്ട്‌ നാളേറെയായി. ഇതിനെതിരെ പരാതി നല്‍കിയും പ്രക്ഷോഭങ്ങള്‍ നടത്തിയും ആദിവാസികള്‍ മടുത്തു. അധികൃതര്‍ ഇപ്പോഴും നിസ്സംഗത തുടരുകയാണ്‌. ആറളം വന്യമൃഗ കേന്ദ്രത്തിന്ന്‌ ചുറ്റും കെട്ടുന്ന ചുറ്റുമതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. വന്യമൃഗ ശല്യത്തില്‍ നിന്നും പുനരധിവാസ മേഖലയെ രക്ഷിക്കുവാന്‍ കാര്യമായ നടപടികളൊന്നും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്ന പരാതിയുണ്ട്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ കാട്ടുപന്നിയുടെ കുത്തേറ്റു ഒരു ആദിവാസി യുവതി മരിച്ചിരുന്നു. ആനയുടെ അക്രമത്തില്‍ ഒരു ആദിവാസി സ്ത്രീക്ക്‌ പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. മാധവിയുടെ മരണത്തോടെ ആറളം പുനരധിവാസ മേഖലയിലെ താമസക്കാര്‍ ഏറെ ഭീതിയിലാണ്‌. കാട്ടാനയുടെ അക്രമത്തില്‍ ആദിവാസി സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ മാധവിയുടെ ജഡം പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന്‌ പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം കൊണ്ടുവന്ന ആംബുലന്‍സ്‌ നാട്ടുകാരും ആദിവാസികളും ചേര്‍ന്ന്‌ തടഞ്ഞുവെച്ചു. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്‌. ഏറെ നേരത്തെ പ്രതിഷേധത്തിന്‌ ശേഷം എംഎല്‍എ അഡ്വ. സണ്ണി ജോസഫ്‌, സിപിഎം ജില്ലാ സിക്രട്ടറി പി. ജയരാജന്‍, ആര്‍എസ്‌എസ്‌ ജില്ലാ കാര്യകാരി സദസ്യന്‍ കെ. സജീവന്‍, ആറളം പഞ്ചായത്ത്‌ പ്രസിഡനൃ വി.ടി. തോമസ്‌, പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍, ആറളം ഡിഎഫ്‌ഒ ജി. ഹരികൃഷ്ണന്‍ നായര്‍,ആറളം വൈല്‍ഡ്‌ ലൈഫ്‌ അസി.വാര്‍ഡന്‍ കെ. മധു സൂദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആദിവാസികളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ്‌ മാധവിയുടെ ജഡം സംസ്കരിക്കുവാനായി പ്രതിഷേധക്കാര്‍ വിട്ടു നല്‍കിയത്‌. ഫാമിലെ പുനരധിവാസ മേഖലയിലെ ഓരോ ബ്ലോക്കുകളിലും മൂന്നുവീതം വാര്‍ഡന്‍മാരെ നിയമിക്കുമെന്നും, വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്നും,എത്രയും പെട്ടെന്ന്‌ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുമെന്നും കൂടുതല്‍ പ്രശ്നങ്ങള്‍ പഠിക്കുവാനും പരിഹരിക്കുവാനുമായി ഉദ്യ‍ോഗസ്ഥരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗം അടുത്ത ദിവസം തന്നെ ചേരുവാനും തീരുമാനമായി. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.