മെല്‍ബണില്‍ കിരീടം നിലനിര്‍ത്താന്‍ സെറീനയില്ല

Saturday 6 January 2018 2:30 am IST

മെല്‍ബണ്‍: നിലവിലെ വനിതാ ചാമ്പ്യന്‍ സെറീന വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. പ്രസവത്തിനുശേഷം മത്സരത്തിലേക്ക് തിരിച്ചുവരാനുതകുന്ന മികവിലേക്ക് ഉയര്‍രാത്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുകയാണെന്ന് സെറീന അറിയിച്ചു.

പതിനൊന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച അബുദാബിയിലെ ടൂര്‍ണമെന്റില്‍ മത്സരിച്ച സെറീന ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ജെലീന ഒസ്റ്റപെങ്കോയോട് തോറ്റു.

ഫോമിലേക്ക് തിരിച്ചെത്താനായില്ലെന്ന് അബുദാബിയിലെ മത്സരത്തിനുശേഷം മനസിലായി. അതിനാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുകയാണെന്ന് സെറീന പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സഹോദരിയായ വീനസ് വില്ല്യംസിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. സെറീനയുടെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഈ മാസം 15 ന് മെല്‍ബണില്‍ ആരംഭിക്കും. മുന്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെ, ഏഷ്യന്‍ ഒന്നാം നമ്പര്‍ നിഷികോറി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.