ആര്‍എസ്എസ് പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗുകള്‍ക്ക് തുടക്കം

Monday 21 April 2014 10:25 pm IST

ഹരിപ്പാട്/കുന്നമംഗലം : രാഷ്ട്രീയ സ്വയസേവക സംഘത്തിന്റെ സംസ്ഥാനത്തെ പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗുകള്‍ ആലപ്പുഴയിലെ ഹരിപ്പാട്ടും കോഴിക്കോട് കുന്നമംഗലത്തും ആരംഭിച്ചു. 20 ദിവസത്തെ വര്‍ഗ്ഗില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള സംഘ ജില്ലകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഹരിപ്പാട്ട് പരിശീലനം നേടുക. കുന്നമംഗലത്ത് പാലക്കാടു മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍നിന്നുള്ളവരും. നവഭാരത സൃഷ്ടിക്കാണ് സംഘശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാതാ അമൃതാനന്ദമയീ ദേവിയുടെ പ്രഥമ ഭാരതീയശിഷ്യയും സേവികാമഠം പ്രഥമ ട്രസ്റ്റിയുമായ സ്വാമിനി ആത്മപ്രാണ ഹരിപ്പാട് വര്‍ഗ്ഗ് ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.എം. കൃഷ്ണന്‍ പ്രസംഗിച്ചു. വ്യക്തിജീവിതത്തിന്റെ സംശുദ്ധിയെ വളര്‍ത്തി രാഷ്ട്രജീവിതം ബലപ്പെടുത്തുകയെന്ന ലളിതമായ കാര്യമാണ് സംഘശാഖകള്‍ നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗ് അധികാരി സി.പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശിബിര കാര്യവാഹ് അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രചാര്‍ പ്രമുഖ് എം. ഗണേശ് ശിബിരത്തിലുണ്ട്. എഴുനൂറോളം പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. കുന്നമംഗലത്ത് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി വിവേകാമൃതചൈതന്യ കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സഭയില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിഅംഗം എസ്. സേതുമാധവന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വര്‍ഗ്ഗ് അധികാരി എം.എന്‍. ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. വര്‍ഗ്ഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മെയ് 10ന് ശിബിരം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.