എല്‍.ഡി.എഫ് ഹര്‍ത്താല്‍ ഭാഗികം ; ബസുകള്‍ക്ക് നേരെ കല്ലേറ്

Saturday 17 September 2011 11:29 am IST

തിരുവനന്തപുരം: എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ഭാഗികം. പലയിടത്തും കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ക്ക്‌ നേരെ കല്ലേറ്‌ നടന്നു. വട്ടിയൂര്‍ക്കാവ്‌, കുലശേഖരം, വെഞ്ഞാറമൂട്‌, പാങ്ങപ്പാറ, പാപ്പനംകോട്‌ ഉള്ളൂര്‍, മുറിഞ്ഞപാലം തുടങ്ങിയ ഇടങ്ങളിലാണ്‌ കല്ലേറുണ്ടായത്‌. കല്ലേറില്‍ പതിനഞ്ചോളം ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. വെഞ്ഞാറമൂട്ടിലുണ്ടായ കല്ലേറില്‍ പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നാനി പുതിയകാവ്‌ പടിഞ്ഞാറേവീട്ടില്‍ ഹബീബ്‌, കണ്ടക്‌ടര്‍ തിരൂര്‍ സ്വദേശി അബ്‌ദുല്‍ റഷീദ്‌ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട്‌ ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊച്ചുള്ളൂരില്‍ ബസിനുനേരെയുണ്ടായ കല്ലേറില്‍ 16 കാരനും പരിക്കേറ്റു. പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ ഇന്നലെ നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനുനേരെ പോലീസ്‌ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ലെങ്കിലും കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ്‌ നടത്തി. രാവിലെ പതിവുപോലെ മിക്കയിടത്തേക്കും ബസുകള്‍ ഓടി. രാവിലെ എട്ടുമണിക്കകം സിറ്റിയില്‍ നിന്ന്‌ 533 സര്‍വ്വീസുകള്‍ ഓടിച്ചതായി കെ.എസ്‌.ആര്‍.ടി.സി അറിയിച്ചു. കല്ലേറിനെ തുടര്‍ന്ന്‌ ചില സര്‍വ്വീസുകള്‍ റദ്ദാക്കി. ഇരുചക്രവാഹനങ്ങളും ഓടി. ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാവിലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.