അവധിക്ക്‌ ബന്ധുവീട്ടിലെത്തിയ കുട്ടികള്‍ പാമ്പാറ്റില്‍ മുങ്ങിമരിച്ചു

Wednesday 23 April 2014 9:55 am IST

മറയൂര്‍: പാമ്പാറ്റില്‍ രണ്ട്‌ ആദിവാസി കുട്ടികള്‍ മുങ്ങി മരിച്ചു. മറയൂര്‍ ഇന്ദിരനഗര്‍ അയ്യപ്പന്‍-റാണി ദമ്പതികളുടെ മകന്‍ അജയ്കുമാര്‍ (11), പട്ടം കോളനി പ്രിയദര്‍ശിനി കോളനിയില്‍ വിജി-സെല്‍വി ദമ്പതികളുടെ മകള്‍ അളകുമുത്തു (ഒന്‍പത്‌) എന്നിവരാണ്‌ മരിച്ചത്‌. അവധിക്കാലം ആഘോഷിക്കാന്‍ ആനക്കാല്‍പ്പെട്ടിയില്‍ മുത്തച്ഛന്‍ മോസസിന്റെ വീട്ടില്‍ പോയതാണ്‌ നാലുപേരടങ്ങിയ സംഘം. അജയ്കുമാറിന്റെ അനുജന്‍ അഭിനയ്കുമാര്‍, ഇന്ദിരനഗര്‍ പഴനിസ്വാമിയുടെ മകന്‍ പ്രദീപ്‌ എന്നിവരാണ്‌ ഒപ്പം ഉണ്ടായിരുന്നത്‌.
ഉച്ചയ്ക്ക്‌ ഒരുമണിവരെ വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ മീന്‍ പിടിക്കുകയായിരുന്നു. ഇതിനുശേഷമാണ്‌ നാല്‌ കിലോമീറ്റര്‍ അകലെയുള്ള ആനക്കാല്‍പ്പെട്ടിയില്‍ നടന്നെത്തിയത്‌. ആനക്കാല്‍പ്പെട്ടി പാലത്തിനടുത്ത്‌ മുകളിലായുള്ള കാളിയമ്മന്‍ കയത്തില്‍ മീന്‍പിടിക്കാനും കുളിക്കാനുമായി ഇറങ്ങുകയായിരുന്നു.
അജയകുമാറും അളകമുത്തുവും വെള്ളത്തില്‍ മുങ്ങിയശേഷം കാണാതെവന്നപ്പോള്‍ മറ്റ്‌ കുട്ടികള്‍ ബഹളംവച്ച്‌ നാട്ടുകാരെ കൂട്ടുകയായിരുന്നു. ആനക്കാല്‍പ്പെട്ടി ടൗണില്‍ നിന്നവര്‍ ഓടിയെത്തിയെങ്കിലും നീന്തല്‍ അറിയാത്തവരായിരുന്നു അധികവും. 15 വയസുള്ള വിജയകുമാറും സുബ്രഹ്മണ്യനും ചേര്‍ന്നാണ്‌ ഇവരെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്‌. രക്ഷിച്ചെടുക്കുമ്പോള്‍ അജയ്കുമാറിന്‌ ജീവനുണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള സഹായഗിരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഭര്‍ത്താവ്‌ മൂന്നുവര്‍ഷം മുമ്പ്‌ മരിച്ച സെല്‍വി മൂന്നുമക്കളില്‍ ഇളയതാണ്‌ അളകുമുത്തു. മറയൂര്‍ സേവാഭാരതി സ്കൂളില്‍ നാലാംക്ലാസില്‍ പഠിക്കുന്നു. അയ്യപ്പനും റാണിക്കും രണ്ടുമക്കളാണ്‌. അജയ്കുമാര്‍ മറയൂര്‍ സെന്റ്‌ മേരീസ്‌ യു.പി. സ്കൂളില്‍ പഠിക്കുന്നു. സഹോദരന്‍ അഭിനയ്കുമാര്‍. മൃതദേഹങ്ങള്‍ മറയൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. മറയൂര്‍ അഡീഷണല്‍ എസ്‌.ഐ: രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലിസ്‌ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.