എല്ലാ കണ്ണുകളും വാരാണസിയിലേക്ക്‌

Wednesday 23 April 2014 9:21 pm IST

രണ്ടായിരത്തിയൊന്നില്‍ കേശുഭായ്‌ പട്ടേലിന്റെ പകരക്കാരനായി വന്ന്‌ മൂന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച്‌ നാലാമതും മുഖ്യമന്ത്രിയായതോടെ കോണ്‍ഗ്രസ്‌ നേതൃത്വം ഒരു കാര്യം ഉറപ്പിച്ചു; ഗുജറാത്തിന്റെ മണ്ണില്‍ നരേന്ദ്രമോദിയെ തോല്‍പ്പിക്കാനാവില്ല. മോദിയെ ഗുജറാത്ത്‌ രാഷ്ട്രീയത്തില്‍ തളച്ചിടുന്നതിനായി അടുത്ത ശ്രമം. ലോകരാജ്യങ്ങളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ ഗുജറാത്ത്‌ വികസന മാതൃകയെ അംഗീകരിക്കാതെ 2002 ലെ വര്‍ഗീയകലാപത്തിന്റെ പേരില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്‌ നടത്തിയ ഹീനമായ പ്രചാരണം ഇതിനുവേണ്ടിയായിരുന്നു. കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവന്ന ചില കേസുകളില്‍ മോദിയെ പ്രതിയാക്കാന്‍ നടത്തിയ ശ്രമവും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2013 സപ്തംബറില്‍ മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ ഈ ശ്രമങ്ങളെല്ലാം വിഫലമായി. മോദി ബിജെപിയുടേയും എന്‍ഡിഎയുടെയും പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാവുന്നതിനുമുമ്പും ആയതിനുശേഷവും ഉയര്‍ന്ന എല്ലാ എതിര്‍പ്പുകള്‍ക്കു പിന്നിലും കോണ്‍ഗ്രസിന്റെ പരസ്യവും രഹസ്യവുമായ പിന്തുണയുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള മോദി വിരുദ്ധര്‍ക്ക്‌ ആ യാഥാര്‍ത്ഥ്യത്തോട്‌ പൊരുത്തപ്പെടേണ്ടിവന്നു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദി ഗുജറാത്തിനുപുറത്ത്‌ മത്സരിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പരാജയഭീതി കൊണ്ടാണ്‌ അതെന്ന ഒരു പ്രചാരണം രാഷ്ട്രീയ എതിരാളികള്‍ നടത്തുകയുണ്ടായി. കേരളത്തിലെ തിരുവനന്തപുരത്തുപോലും മോദി മത്സരിക്കാന്‍ മണ്ഡലം തേടുന്നുവെന്ന്‌ ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. എന്നാല്‍ ഗുജറാത്തിലെ വഡോദരയ്ക്കു പുറമെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മത്സരിക്കാനാണ്‌ മോദി തീരുമാനിച്ചത്‌. ഗുജറാത്തിനു പുറത്ത്‌ മോദി എവിടെ മത്സരിച്ചാലും ഉത്തര്‍പ്രദേശില്‍ മത്സരിക്കരുതെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രാര്‍ത്ഥിച്ചത്‌. യുപിഎക്ക്‌ കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ കഴിഞ്ഞെങ്കിലും 2004 ലെയും 2009 ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായിരുന്നു യുപിയിലെ കോണ്‍ഗ്രസിന്റെ പ്രകടനം. എന്നാല്‍ കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഈ പരാജയം കോണ്‍ഗ്രസിന്‌ തടസ്സമായില്ല. ഉത്തര്‍പ്രദേശിലെ ബഹുഭൂരിപക്ഷം സീറ്റുകളും സ്വന്തമാക്കിയ മുലായംസിംഗിനേയും മായാവതിയേയും അവരകപ്പെട്ട അഴിമതിക്കേസുകള്‍ വച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത്‌ പിന്തുണയാര്‍ജിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയും അമേഠിയുമൊഴിച്ച്‌ ഉത്തര്‍പ്രദേശിലെ മറ്റ്‌ മണ്ഡലങ്ങളില്‍ എസ്പിയോ ബിഎസ്പിയോ ജയിക്കട്ടെ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ചിന്താഗതി. ഉത്തര്‍പ്രദേശ്‌ രാഷ്ട്രീയത്തില്‍ മുലായവും മായാവതിയും കീരിയും പാമ്പുമാണെങ്കിലും കേന്ദ്രഭരണത്തില്‍ ഇരുവരും തങ്ങളുടെ കാവല്‍നായ്ക്കളായി തുടരുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ നന്നായറിയാം. മോദി വാരാണസിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇടിഞ്ഞുവീണത്‌ കോണ്‍ഗ്രസിന്റെ ആകാശമാണ്‌.
ഗുജറാത്തിലെ ഏത്‌ മണ്ഡലത്തില്‍നിന്നു വേണമെങ്കിലും നിഷ്പ്രയാസം ജയിക്കാമായിരുന്നിട്ടും എന്തിനാണ്‌ മോദി വാരാണസിയില്‍നിന്ന്‌ മത്സരിക്കുന്നതെന്ന്‌ ബിജെപിയുടെ പല അഭ്യുദയകാംക്ഷികള്‍ പോലും ചോദിക്കുകയുണ്ടായി. ദല്‍ഹിയിലേക്കുള്ള എളുപ്പവഴി ഇപ്പോഴും ലക്നൗവിലൂടെയാണെന്ന്‌ ഇക്കൂട്ടര്‍ മറന്നുപോയി. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍നിന്ന്‌ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദി ജനവിധി തേടുമ്പോള്‍ ബിജെപിക്ക്‌ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ മഹത്തായ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാവുക. വാരാണസി പ്രഭവകേന്ദ്രമായുളള നമോതരംഗം യുപിയുടെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക്‌ വ്യാപിച്ച്‌ ബീഹാറിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളെയും സ്വാധീനിക്കും. 40 ലോക്സഭാ മണ്ഡലമാണ്‌ ബീഹാറിലുളളത്‌. നമോതരംഗത്തിലൂടെ ഇരു സംസ്ഥാനങ്ങളിലെയും മൊത്തം സീറ്റുകളുടെ 50 ശതമാനമെങ്കിലും ബിജെപി നേടുമെന്ന്‌ ഒന്നിലധികം അഭിപ്രായസര്‍വെകള്‍ പ്രവചിച്ചതില്‍ മാറ്റം വരാന്‍ ഇടയില്ല. ഹിന്ദിഹൃദയഭൂമിയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ഏതൊരു മണ്ഡലത്തില്‍നിന്നും മോദിക്ക്‌ അനായാസ വിജയം നേടാം. എന്നിട്ടും മത്സരിക്കാനായി വാരാണസി തന്നെ മോദി തെരഞ്ഞെടുക്കുകയായിരുന്നു.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തട്ടകം ഉത്തര്‍പ്രദേശ്‌ ആയിരിക്കണമെന്ന്‌ മോദി നേരത്തെ തീരുമാനിച്ചുറച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ അമിത്‌ ഷായ്ക്ക്‌ ഗുജറാത്തിന്റെ ചുമതല നല്‍കിയത്‌ ഇതിന്റെ അടിസ്ഥാന ത്തിലായിരുന്നു. തെരഞ്ഞെടുപ്പ്‌ വിജയങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മറ്റൊരു പ്രമോദ്‌ മഹാജനാണ്‌ അമിത്‌ ഭായ്‌ അനില്‍ചന്ദ്ര ഷാ എന്ന്‌ മോദിക്ക്‌ നന്നായറിയാം. സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ചിട്ടും അമിത്‌ ഷാ ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ്‌ രാഷ്ട്രീയ എതിരാളികള്‍ നേടിയിരുന്നു. ഷായുടെ അഭാവത്തില്‍ മോദിയെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാലിപ്പോള്‍ അമിത്‌ ഷാ എങ്ങനെയെങ്കിലും ഉത്തര്‍പ്രദേശില്‍നിന്ന്‌ ഗുജറാത്തിലേക്ക്‌ മടങ്ങിപ്പോയിരുന്നെങ്കില്‍ എന്നാണ്‌ കോണ്‍ഗ്രസും മറ്റും ആഗ്രഹിക്കുന്നത്‌. എല്ലാ അനീതികളോടും കാലം പകരം ചോദിക്കും. അമിത്‌ ഷായുടെ കാര്യത്തില്‍ ഇതാണ്‌ സംഭവിച്ചത്‌.
ഉത്തര്‍പ്രദേശിന്റെ മത-സാംസ്ക്കാരിക സിരാകേന്ദ്രമായ വാരാണസിയെ കേന്ദ്രീകരിച്ചാണ്‌ ഹിന്ദുത്വ-ദേശീയ രാഷ്ട്രീയം ഒരിക്കല്‍ രാജ്യത്തിന്റെ അധികാരം പിടിച്ചത്‌. 1991 നു ശേഷം നടന്ന ആറ്‌ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ അഞ്ചു തവണയും ബിജെപിയാണ്‌ വാരാണസിയില്‍ വിജയിച്ചത്‌.
അയോധ്യാപ്രക്ഷോഭത്തിന്റെ കാലത്ത്‌ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിട്ട.ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ ശ്രീചന്ദ്ര ദീക്ഷിത്‌ നേടിയ വിജയം 1996, 1998, 1999 വര്‍ഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശങ്കര്‍പ്രസാദ്‌ ജയ്സ്വാളിലൂടെ ആവര്‍ത്തിച്ചു. 2004 ല്‍ കോണ്‍ഗ്രസ്‌ വിജയിച്ചുവെങ്കിലും 2009 ല്‍ മുരളീ മനോഹര്‍ ജോഷിയിലൂടെ ബിജെപി വിജയം വീണ്ടെടുത്തു. ഇക്കുറി വരാണസിയിലെ വോട്ടര്‍മാര്‍ക്ക്‌ തെരഞ്ഞെടുക്കാനുള്ളത്‌ ഒരു എംപിയെയോ മന്ത്രിയെയോ അല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയെത്തന്നെയാണ്‌.
പ്രചാരണം ശക്തമാണെങ്കിലും മോദിക്ക്‌ എതിരായേക്കാവുന്ന എടുത്തു പറയത്തക്ക ഘടകങ്ങളൊന്നും വാരാണസിയില്‍ ഇല്ല എന്നതാണ്‌ വസ്തുത. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 20 ശതമാനം മുസ്ലിങ്ങളാണ്‌. 2002 ലെ ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ മോദിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം കോണ്‍ഗ്രസ്‌ നടത്തുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിന്റെയും മുലായംസിംഗിന്റെയും മായാവതിയുടെയുമൊക്കെ ഭരണത്തിന്‍കീഴില്‍ ഉത്തര്‍പ്രദേശില്‍ നടന്നിട്ടുള്ള വര്‍ഗീയകലാപങ്ങള്‍ ഈ മോദിവിരുദ്ധ പ്രചാരണത്തിന്റെ മുനയൊടിക്കുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട്‌ വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ 100 ലേറെ വര്‍ഗീയകലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മുസഫര്‍ നഗറില്‍ അടുത്തിടെയുണ്ടായ വര്‍ഗീയകലാപം മോദിയെ മുസ്ലിം വിരുദ്ധനാക്കുന്നവരെ ഉത്തരംമുട്ടിച്ചു. 2002 ലെ ഗുജറാത്ത്‌ കലാപത്തില്‍ ഭരണാധികാരിയെന്ന നിലയ്ക്ക്‌ മോദിയെ കുറ്റക്കാരനായി കാണാനാവില്ലെന്ന്‌ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ശരിവച്ചുകൊണ്ട്‌ ഒന്നിലധികം തവണ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വരാണസിയില്‍ മുസ്ലിം കാര്‍ഡിറക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിലപ്പോവുന്നില്ല. മാത്രമല്ല, വാരാണസിയില്‍ മുസ്ലിങ്ങള്‍ മോദിയെ മുന്‍വിധിയില്ലാതെ പിന്തുണക്കുകയുമാണ്‌. മോദിയെ എതിരാളിയായി അവര്‍ കാണുന്നില്ല. കോണ്‍ഗ്രസിനെയും ബിഎസ്പിയെയും എസ്പിയെയും പരീക്ഷിച്ചു കഴിഞ്ഞു.
വോട്ടുബാങ്കായി നിലനിര്‍ത്തി ചൂഷണം ചെയ്തതല്ലാതെ തങ്ങളുടെ ക്ഷേമത്തിനായി ഈ പാര്‍ട്ടികള്‍ ഒന്നും ചെയ്തില്ലെന്ന വികാരം മുസ്ലിങ്ങളില്‍ ശക്തമാണ്‌. അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്‌ മോദി എന്ന ഭാവി പ്രധാനമന്ത്രിയുടെ നേര്‍ക്കാണ്‌.
മാധ്യമങ്ങള്‍ മറച്ചുപിടിക്കുന്നുണ്ടെങ്കിലും യുപിയിലെ, പ്രത്യേകിച്ച്‌ വാരാണസിയിലെ കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്‌. മോദിക്കെതിരെ വന്‍തോക്കിനെ തന്നെ കോണ്‍ഗ്രസ്‌ രംഗത്തിറക്കും എന്നായിരുന്നു പ്രചാരണം. ഒടുവില്‍ പ്രഖ്യാപിച്ചതാവട്ടെ എംഎല്‍എയായ അജയ്‌ റായിയുടെ പേര്‌. റായ്‌ ഇപ്പോള്‍ കോണ്‍ഗ്രസിന്‌ ബാധ്യതയായിരിക്കുകയാണ്‌. ഷഹാബുദ്ദീന്‍ എന്നയാളില്‍നിന്ന്‌ റായ്‌ അനധികൃതമായി എ കെ-47 തോക്കുകള്‍ വാങ്ങിയതായി ഒരു വാര്‍ത്താ ചാനല്‍ വെളിപ്പെടുത്തിയതാണ്‌ ഇതിനു കാരണം. മോദിക്കെതിരെ പ്രിയങ്ക വാദ്രയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തീവ്രമായി ശ്രമിച്ചിരുന്നു.
പ്രിയങ്കയ്ക്ക്‌ രാഷ്ട്രീയത്തില്‍ സജീവമായ താല്‍പ്പര്യമുണ്ടെന്ന്‌ രാജീവ്‌ ഗാന്ധി തന്നോട്‌ പറഞ്ഞിരുന്നതായി സോണിയയുടെ കോക്കസില്‍പ്പെടുന്ന ജനാര്‍ദ്ദന്‍ ദ്വിവേദി അവകാശപ്പെട്ടത്‌ ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ രാഷ്ട്രീയ ആത്മഹത്യയാവുമെന്ന്‌ മനസ്സിലാക്കി പ്രിയങ്ക പിന്മാറുകയായിരുന്നു.
കോണ്‍ഗ്രസുമായുളള ഒത്തുകളിയുടെ ഭാഗമാണ്‌ വാരാണസിയിലെ അരവിന്ദ്‌ കേജ്‌രിവാളിന്റെ സ്ഥാനാര്‍ത്ഥിത്വം. ജനവിരുദ്ധപക്ഷത്തായതിനാല്‍ പാര്‍ട്ടിയുടെ പേരില്‍ മോദിക്കെതിരെ വോട്ടുപിടിക്കാനാവില്ലെന്ന തിരിച്ചറിവാണ്‌ ദല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ കേജ്‌രിവാളിനെ പിന്‍വലിച്ച്‌ വാരാണസിയില്‍ കെട്ടിയിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്‌. വാരാണസിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന പക്ഷം താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു കേജ്‌രിവാളിന്റെ പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയായത്‌ ജനാഭിലാഷം മുന്‍നിര്‍ത്തിയാണെന്ന്‌ വരുത്തിത്തീര്‍ക്കുവാനായിരുന്നു ഇത്‌. എന്നാല്‍ എന്തുകൊണ്ടൊ ദല്‍ഹിയിലേതുപോലെ ഹിതപരിശോധനാ തട്ടിപ്പിന്‌ മുതിര്‍ന്നില്ല. വാസ്തവത്തില്‍ രാമജന്മഭൂമിയുടെ നാട്ടിലെ ഈ ക്ഷേത്രനഗരത്തില്‍ ഒരിടത്തുപോലും കേജ്‌രിവാളിന്‌ ജനപിന്തുണയില്ല. പ്രചാരണത്തില്‍ ഒപ്പമുള്ളത്‌ കൂലിക്കെടുത്തവരാണ്‌. എന്നിട്ടും കേജ്‌രിവാള്‍ മോദിയെ വെല്ലുവിളിക്കുന്നത്‌ ഈ വൈകിയ വേളയില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന്‌ പിന്മാറാന്‍ നിവൃത്തിയില്ലാത്തതിനാലാണ്‌. വാരാണസിയില്‍ പരാജയപ്പെട്ടാല്‍ ആരും മോദിയെ പ്രധാനമന്ത്രിയാക്കില്ല എന്നതുപോലുള്ള പരിഹാസ്യ പ്രസ്താവനകളാണ്‌ കേജ്‌രിവാള്‍ നടത്തുന്നത്‌. പ്രചാരണ വിഷയങ്ങള്‍ ഒന്നുമില്ലാത്തതാണ്‌ ഇതിനുകാരണം. വ്യക്തിപരമായ സത്യസന്ധതയോ ആത്മാഭിമാനമോ രാഷ്ട്രീയ സദാചാരമോ ഇല്ലാത്ത കേജ്‌രിവാള്‍ ദേശീയ രാഷ്ട്രീയത്തിലെ നികൃഷ്ടജീവി എന്ന വിശേഷണത്തിന്‌ അര്‍ഹനാണ്‌. വൈദേശിക ശക്തികളുടെ പിന്തുണയോടെ വഞ്ചനാത്മക രാഷ്ട്രീയം കളിക്കുന്ന എഎപിയുടേയും കേജ്‌രിവാളിന്റെയും അവസാനത്തെ സ്റ്റോപ്പായിരിക്കും വാരാണസിയെന്ന്‌ മെയ്‌ പതിനാറിന്‌ വോട്ടെണ്ണുമ്പോള്‍ വ്യക്തമാവും. അന്ന്‌ ഇന്ത്യയെന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി രാജ്യത്തെ ദേശസ്നേഹികള്‍ക്കൊപ്പം വഡോദരയിലേയും വാരാണസിയിലേയും ജനങ്ങള്‍ നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും.
മുരളി പാറപ്പുറം e-mail: muralijnbi@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.