സത്യവും അസത്യവും

Wednesday 23 April 2014 9:22 pm IST

സത്യവുമസത്യവും നിത്യവുമനിത്യവും ബുദ്ധ്യുപാധികളുമാകാശാദി ഭൂതങ്ങളും വൃത്തഭേദവുമതില്‍ വൃദ്ധിസങ്കോചങ്ങളും ഇത്രിലോകവും ചരാചരവും മറ്റുമുള്ളോ- ന്നൊക്കെയുമറിവാനുമജ്ഞാനം കളവാനും സത്യമുള്ളോന്നെന്നുള്ളിലുറപ്പു വരുവാനും സത്യജ്ഞാനാനന്ദമീശ്വരം പ്രതി ചിത്തേ ഭക്തിവര്‍ധിച്ചുവരുവാനുമെത്രയും വേഗാല്‍ നിത്യാനിത്യവസ്തുജ്ഞാനാദി സാധനങ്ങളും വൃത്തിജ്ഞാനവനുമാത്മജ്ഞാനവും വരുവാനും എത്രയുമെളുപ്പമായുള്ളൊരു വഴിയായി ചിത്സ്വരൂപിണി വിദ്യ വര്‍ത്തിക്കുമതുനേരം ഭക്തവത്സലയാകും വിദ്യതന്നനുഗ്രഹ- ശക്തികൊണ്ടാത്മാനന്ദപ്രാപ്തിയും വരുമപ്പോള്‍. സകല പ്രപഞ്ചവുമാത്മാവാം തങ്കല്‍ചേരും സകലേശ്വരനഹമെന്നായി വരുമപ്പോള്‍ സകലാത്മികയായ വിദ്യയും ലയിച്ചീടും സകലവിഹീനയായെന്നു ബോധിക്കബാലേ. സത്യവും അസത്യവും നിത്യവും, അനിത്യവും ബുദ്ധി, മനസ്സ്‌, ചിത്തം, അഹങ്കാരം തുടങ്ങിയ ഉപാധികളും ആകാശം, വായു, അഗ്നി, ജലം പൃഥ്വി എന്നീ ഭൂതങ്ങളും, അവയിലുണ്ടാകുന്ന പ്രാണവൃത്തിഭേദങ്ങളും, സങ്കോചവികാസങ്ങളും, ഈ മൂന്നുലോകവും കാണപ്പെടുന്ന ചരാചരങ്ങളും, മറ്റുള്ളവയുമൊക്കെ അറിയാനും, അറിവിലൂടെ അജ്ഞാനം കളയാനും, സത്യവസ്തുവായി ഒന്നേയുള്ളൂ എന്ന്‌ ഉള്ളില്‍ ഉറയ്ക്കാനും സത്യജ്ഞാനാനന്ദമായ ഈശ്വരനില്‍ ഭക്തി വളര്‍ത്താനും എത്രയും എളുപ്പമുള്ള വഴിയായി ചിത്സ്വരൂപിണിയായ മായ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അങ്ങനെ ഭക്തവത്സലയായ വിദ്യാമായയുടെ അനുഗ്രഹം കൊണ്ട്‌ ആത്മാനന്ദപ്രാപ്തി കൈവരും. അപ്പോള്‍ സകല പ്രപഞ്ചവും ആത്മാവായ തന്നില്‍ വന്ന്‌ ലയിക്കും. താനാണ്‌ സകലത്തിനും ഈശ്വരന്‍ എന്നറിയാന്‍ സാധിക്കും. സകല സ്വരൂപാത്മികയായിരിക്കുന്ന മായയും തന്നില്‍ ലയിക്കും. പിന്നീട്‌ താനല്ലാതെ മറ്റൊന്നും തന്നെയില്ല എന്ന്‌ ഹേ ബാലേ! നീ ബോധിക്കുക. - തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.