ബിഒടി പാലം: ടോള്‍ കാലാവധി നീട്ടാന്‍ ഗാമണ്‍ ഇന്ത്യ കോടതിയിലേക്ക്‌

Wednesday 23 April 2014 10:34 pm IST

മട്ടാഞ്ചേരി: തോപ്പുംപടി ബിഒടി പാലം ടോള്‍ പിരിവ്‌ കാലാവധി നീട്ടിക്കിട്ടാന്‍ ഗാമണ്‍ ഇന്ത്യ ഹൈക്കോടതിയെ സമീപിക്കുന്നു. പാലം കരാറിലെ ഇടക്കാല ലംഘനങ്ങളും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടിയാണ്‌ ടോള്‍പിരിവ്‌ കാലാവധി നീട്ടിത്തരണമെന്ന്‌ ഗാമണ്‍ ഇന്ത്യ വാദിക്കുന്നത്‌. ബിഒടി കരാറിലെ സിംഗിള്‍ എന്‍ട്രിയെന്ന ടോള്‍ നിരക്ക്‌ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ മള്‍ട്ടിപ്പിള്‍ എന്നാക്കിയതും തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍ കോടതിയിലുള്ളതും തുടങ്ങി കരാറിലെ പഴുതുകള്‍ നിരത്തിയാണ്‌ ഗാമണ്‍ ഇന്ത്യ ജനങ്ങളെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച്‌ കോടതിയെ സമീപിച്ചിരിക്കുന്നത്‌.
ഏപ്രില്‍ 26ന്‌ കാലാവധി തീരുമെന്നിരിക്കെ അന്തിമഘട്ടത്തില്‍ നിയമനടപടിക്ക്‌ നീങ്ങുന്നതിലൂടെ ടോള്‍ പിരിവ്‌ തുടരുവാനും വന്‍ ലാഭം കൊയ്യുവാനുമുള്ള തന്ത്രമാണിതിന്‌ പിന്നിലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. 13 വര്‍ഷക്കാലം ടോള്‍ പിരിവിലൂടെ നിര്‍മ്മാണച്ചെലവിന്റെ ഇരട്ടിയിലേറെ തുക പിരിച്ചെടുക്കുകയും അന്തിമഘട്ടത്തില്‍ 31 കോടി രൂപ നല്‍കി കരാര്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കവേ ഗാമണ്‍ ഇന്ത്യ കോടതിയെ സമീപിച്ചത്‌ വന്‍ വെല്ലുവിളിയായാണ്‌ ജനസംഘടനകള്‍ വിലയിരുത്തുന്നത്‌.
ഏപ്രില്‍ 27ന്‌ പാലത്തില്‍നിന്ന്‌ ഗാമണ്‍ഇന്ത്യ ഓഫീസും ടോള്‍ പിരിവും നിര്‍ത്തലാക്കുന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന്‌ ഡൊമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി കൊച്ചിക്കാര്‍ക്ക്‌ വന്‍ സാമ്പത്തികഭാരം സൃഷ്ടിക്കുകയാണ്‌ ടോള്‍ പിരിവ്‌. ഇത്‌ നിര്‍ത്തലാക്കുന്നതില്‍ ജിസിഡിഎയുമായും നഗരസഭയുമായും കൂടിയാലോചിച്ച്‌ നിയമനടപടികള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.