കാശി കാവിക്കടലായി; മോദി പത്രിക സമര്‍പ്പിച്ചു

Thursday 24 April 2014 9:54 pm IST

വാരാണസി: പുണ്യനഗരമായ കാശിയുടെ വീഥികളെ കാവിക്കടലാക്കി, മൂന്നുലക്ഷം പേരെ അണിനിരത്തി നടത്തിയ റോഡ്ഷോയ്ക്ക്‌ ശേഷം നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു നേതാവും നടത്തിയിട്ടില്ലാത്തത്ര ഉജ്ജ്വലമായ പരിപാടിയാണ്‌ വാരാണസിയില്‍ ഇന്നലെ നരേന്ദ്രമോദിയും ബിജെപിയും നടത്തിയത്‌. മോദിക്കും ബിജെപിക്കും അഭിവാദ്യമര്‍പ്പിച്ച്‌ പതിനായിരക്കണക്കിന്‌ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളും മുഴങ്ങിക്കേട്ട മണിനാദങ്ങളും ശംഖനാദങ്ങളും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങിന്‌ ദൈവീകത്വം നല്‍കി. ഗംഗാമാതാവാണ്‌ തന്നെ വാരാണസിയിലെത്തിച്ചതെന്നും വാരാണസിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാനമാക്കി മാറ്റുകയാണ്‌ ദൗത്യമെന്നും പത്രിക സമര്‍പ്പിച്ച ശേഷം മോദി പറഞ്ഞു.
രാവിലെ 11 മണിയോടെ ബനാറസ്‌ ഹിന്ദുസര്‍വ്വകലാശാല ക്യാമ്പസിലെ ഹെലിപാഡിലിറങ്ങിയ മോദി യൂണിവേഴ്സിറ്റിയുടെ മുന്നിലുള്ള പണ്ഡിറ്റ്‌ മദന മോഹന മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്‌ റോഡ്ഷോ ആരംഭിക്കുന്ന മാളവ്യ ചൗക്കിലെത്തിയത്‌. യൂണിവേഴ്സിറ്റി പരിസരത്ത്‌ അരലക്ഷത്തോളം പേരാണ്‌ തടിച്ചുകൂടിയത്‌. മാളവ്യ ചൗക്ക്‌ രാവിലെ എട്ടു മണിക്കേ നിറഞ്ഞുകവിഞ്ഞിരുന്നു. മൂന്നരമണിക്കൂര്‍നേരത്തെ കാത്തിരിപ്പിനു ശേഷം അലങ്കരിച്ച വാഹനത്തിലെത്തിയ മോദിക്കൊപ്പം യുപിയിലെ തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത്‌ ഷാ, രവിശങ്കര്‍പ്രസാദ്‌, മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി, യുപി ബിജെപി പ്രസിഡന്റ്‌ ലക്ഷ്മീകാന്ത്‌ വാജ്പേയി എന്നിവരുമുണ്ടായിരുന്നു. അലങ്കരിച്ച സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി, ഹാരമണിയിച്ചു. റോഡ്ഷോ ആരംഭിക്കുന്ന കേന്ദ്രമായ ഇവിടെ ഒരു ലക്ഷത്തോളം പ്രവര്‍ത്തകരും ബിജെപി അനുഭാവികളും തടിച്ചുകൂടിയിരുന്നു. രണ്ടര കിലോമീറ്റര്‍ തുറന്ന വാഹനത്തില്‍, മൂന്നുലക്ഷത്തോളം പേര്‍ പങ്കാളികളായ റോഡ്ഷോയാണ്‌ മോദി നടത്തിയത്‌. വഴിയിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും പുഷ്പാര്‍ച്ചനയുണ്ടായിരുന്നു. ഉച്ചയ്ക്ക്‌ ഒന്നരയോടെ കളക്ട്രേറ്റിലെത്തിയ മോദിക്കുവേണ്ടി നാലുസെറ്റ്‌ പത്രികയാണ്‌ സമര്‍പ്പിച്ചത്‌.
വാരാണസിയിലെ 90 ടൗണ്‍ വാര്‍ഡുകളില്‍ നിന്നും പ്രകടനമായാണ്‌ പ്രവര്‍ത്തകര്‍ മോദിയുടെ റോഡ്ഷോയില്‍ പങ്കെടുക്കാനെത്തിയത്‌. ദേശീയ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തല്‍സമയ സംപ്രേക്ഷണം നടത്തിയതോടെ വാരണാസിയിലെ ജനലക്ഷങ്ങളുടെ മുന്നേറ്റം കണ്ടുകൊണ്ടാണ്‌ ഇന്നലെ രാജ്യത്ത്‌ 117 ലോക്സഭാ സീറ്റുകളിലെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കെത്തിയത്‌.
എസ്‌. സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.