കന്നിമാസ കന്യകേ! നമസ്കാരം

Saturday 17 September 2011 7:28 pm IST

ധവളാഭമാം വെയിലൊളിയാട ചാര്‍ത്തി- കപോലങ്ങളില്‍ സന്ധ്യസിന്ദൂരത്തുടുപ്പേന്തി- പ്രപഞ്ചവെള്ളത്താമരയില്‍ മേവും- വിദ്യാ സാരസ്വത രൂപമേ! നമസ്കാരം! നീലാഭമാം വാനിടത്തില്‍ ശാന്തിസന്ദേശ- ശുദ്ധവെണ്‍മേഘ ഹംസങ്ങളെപ്പറത്തി- മുന്നില്‍ത്തെളിയും ശുദ്ധസാത്വിക രൂപമേ- കന്നിമാസകന്യകേ നമസ്തേ-നമോവാകം! കാലസരിത്തില്‍ നീന്തിവന്ന മരാളമേ- മന്നന്റെ മനസ്സില്‍ ശുദ്ധാത്മവിദ്യാ- ബീജാക്ഷരം കുറിക്കും വെളിച്ചത്തിന്‍ കാവ്യമേ! സൗപര്‍ണികാ ഓളങ്ങള്‍ തംബുരുമീട്ടിപ്പാടും- തവോപദാനങ്ങള്‍ മധുരമായ്‌! താമസഭാവത്തിനന്ധകാരം വന്നു മൂടുമീ- മാനവഹൃത്തില്‍ തൂകും സാത്വിക പ്രഭാതമേ! തമസ്സാം മഹിഷാസുര നിഗ്രഹം കഴിഞ്ഞതാ- ജ്വലിച്ചീടുന്നു വാനിലമ്പിളിക്കല തന്‍പടവാള്‍! രക്തം ചീന്തിക്കിടക്കുമാമുദയാദ്രിയില്‍- സുസ്മിതശ്രീയായി നീയെഴുന്നള്ളുന്നു! വ്രതശുദ്ധരായ്‌ നില്‍പ്പു നവനാള്‍- മന്നിലെ മനുഷ്യര്‍ ദേവീ നിന്നില്‍- നിന്നൂര്‍ജ്ജം നേടി മുന്നോട്ടുപോയീടാന്‍- മണ്ണിന്‍ ശരത്കാലമേ! വിണ്ണിന്‍ സൗഭഗമേ! കന്നികന്യകേ നമസ്കാരം- സന്തതം നമസ്കാരം!
കെ.ടി.രാധാകൃഷ്ണന്‍ കൂടാളി