ഗുണ്ടായിസവഴിയിലെ പത്രക്കാര്‍

Saturday 17 September 2011 7:32 pm IST

ഏതായാലും മാധ്യമപ്രവര്‍ത്തനത്തില്‍ മറ്റൊരു തലം കൂടിയുണ്ടെന്ന്‌ ബഹുമാനപ്പെട്ട വിപ്ലവ യുവനേതാവ്‌ അരുളിചെയ്തിരിക്കുന്നു. നേരത്തെ പിതൃശൂന്യര്‍, സിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തകര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന വിദ്വാന്‍മാര്‍ക്ക്‌ പുതിയ മേച്ചില്‍പ്പുറം ചാര്‍ത്തിക്കൊടുത്തിരിക്കുന്നതിന്റെ പൊരുള്‍ അത്രയ്ക്കങ്ങ്‌ ആര്‍ക്കും പിടികിട്ടിയിട്ടില്ല. മാധ്യമ ഗുണ്ടായിസമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നാണ്‌ ജനങ്ങളുടെ പാര്‍ലമെന്റിലെ പ്രതിനിധി എം.ബി.രാജേഷ്‌ പറഞ്ഞത്‌. വേദികണ്ടപ്പോള്‍, ആളുകളെകണ്ടപ്പോള്‍, ഉശിര്‍കൂടി ചിലതുപറഞ്ഞുപോയി രാജേഷ്‌. ചോരത്തിളപ്പിന്റെ കാലത്ത്‌ ചോര രുചിച്ചു രസം കയറിയ പാര്‍ട്ടി നേതാവിന്‌ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ പറ്റുമോ ? പറയിന്‍.
അങ്ങനെയുള്ള അവസരത്തില്‍ പാര്‍ട്ടിക്കെന്നും തലവേദന മാത്രം നല്‍കിയിട്ടുള്ള സ്വന്തം നേതാവിനുനേരെ രണ്ടക്ഷരം പറഞ്ഞില്ലെങ്കില്‍ ഈ എം.പി പട്ടം കൊണ്ടെന്ത്‌ കാര്യം ? അതുകൊണ്ട്‌ കണക്കിനു തന്നെ കൊടുത്തു. അത്‌ കൊള്ളേണ്ടിടത്ത്‌ കൊണ്ടുവെന്ന്‌ ബോധ്യമായപ്പോള്‍ എന്നത്തെയുംപോലെ നേതാവ്‌ കളം മാറിച്ചവിട്ടി. പിന്നെ പരാതി മുഴുവന്‍ മാധ്യമങ്ങളോടായി. താന്‍ തന്റെ നേതാവിനെ മനസ്സാവാചാ ഉദ്ദേശിച്ചിട്ടില്ലെന്നും അതൊക്കെ മാധ്യമങ്ങള്‍ കരുതിക്കൂട്ടി നടത്തുന്ന ഗുണ്ടായിസമാണെന്നും പറഞ്ഞുവെച്ചു. നേതാവുപറയുന്നതുമാത്രം കൊടുക്കുകയും അതിനപ്പുറത്തുള്ളതിനെക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയും ചെയ്യുകയെന്നതത്രേ യഥാര്‍ഥപത്രപ്രവര്‍ത്തനം. മറ്റുള്ളവയൊക്കെ ഗുണ്ടായിസമാണത്രെ. ഏതായാലും മലയാളം സര്‍വകലാശാലയ്ക്ക്‌ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഇത്ര മനോഹരമായ, ലളിത കോമളമായ ഒരു പദത്താല്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ഈ ചോരത്തുടിപ്പുള്ള എം.പിയ്ക്ക്‌ ഒരു കൈകൊടുക്കാതിരിക്കാന്‍ പറ്റുമോ ? ടിയാന്‍ ഔദ്യോഗികമാണോ ഇടഞ്ഞു നില്‍ക്കുന്നവനാണോ എന്നൊക്കെ എത്രവേഗം അറിയാന്‍ കഴിഞ്ഞു. ഈ ഓണലഹരി അവസാനിക്കുന്നതിനു മുമ്പുതന്നെ ഇത്ര നല്ലൊരു അവസരം കിട്ടിയതിന്‌ മാബലിത്തമ്പുരാനോട്‌ നന്ദി പറയാം.
ഏതായാലും ഈ യുവ എം.പിയുടെ മൂത്ത നേതാവായ പ്രകാശ്കാരാട്ട്‌ സഖാവിന്‌ ഗുണ്ടായിസ പത്രപ്രവര്‍ത്തനത്തെക്കുറിച്ച്‌ അത്ര അവഗാഹം പോര. അഥവാ അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത്‌ ശരിയല്ല എന്ന ഖണ്ഡിതമായ അഭിപ്രായമുണ്ടുതാനും. അതദ്ദേഹം തുഫൈല്‍ പിടിയോട്‌ വെട്ടിത്തുറന്ന്‌ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതി (സപ്തം 18-24)പ്പിലെ കുറ്റാന്വേഷണ കഥകള്‍ വൈരുധ്യങ്ങളെ കാട്ടിത്തരും എന്ന അഭിമുഖം വായിക്കുക. ഇളയ നേതാവും മൂത്ത നേതാവും തമ്മിലുള്ള സംസ്കാരത്തിന്റെ ദൂരം ഏതു പൊലീസുകാരനും മനസ്സിലാകും. സാമ്പിള്‍ കണ്ടാലും: നമ്മുടെ വായന നമുക്ക്‌ ഇഷ്ടമുള്ളതില്‍, അല്ലെങ്കില്‍ നമ്മെ ആകര്‍ഷിക്കുന്നതില്‍ മാത്രം ഒതുങ്ങരുത്‌. ബൂര്‍ഷ്വ എഴുത്തുകാരെന്നു വിളിക്കപ്പെടുന്നവരുടെയും കൃതികള്‍ ഞാന്‍ വായിക്കാറുണ്ട്‌. അവരുടെ വീക്ഷണങ്ങള്‍ നമുക്ക്‌ സ്വീകാര്യമായിക്കൊള്ളണമെന്നില്ല. പക്ഷേ, അത്‌ മനസ്സിലാക്കുക എന്നത്‌ പ്രധാനമാണ്‌. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ എഴുത്തുകാരുടെ രാഷ്ട്രീയത്തിലും ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമെല്ലാം എഴുതപ്പെട്ട കൃതികള്‍ ഞാന്‍ വായിക്കാറുണ്ട്‌. പത്രപ്രവര്‍ത്തനത്തിലെ ഗുണ്ടായിസം നോക്കി നടക്കുന്ന നമ്മുടെ എം.പിയ്ക്ക്‌ മേപ്പടി നേതാവിന്റെ അടുത്ത്‌ നിന്ന്‌ കൂടുതല്‍ പഠിക്കാനുണ്ടെന്നതിന്‌ വേറെ എന്തെങ്കിലും തെളിവുവേണോ ? അച്യുതാനന്ദന്റെ പേരെടുത്ത്‌ പറഞ്ഞ്‌ വിമര്‍ശിച്ചാലേ വിമര്‍ശനമാവുകയുള്ളൂവെന്ന്‌ എകെജി സെന്ററിലെ പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ പഠിച്ചിറങ്ങിയവരോട്‌ പറഞ്ഞാല്‍ മതിയെന്ന്‌ ആരെങ്കിലും പ്രതികരിച്ചാല്‍ അതിന്‌ നല്ല കൈയടികിട്ടും സഖാവേ.
കാരാട്ട്‌ സഖാവിന്റെ അഭിമുഖം അവസാനിച്ചതിന്റെ തൊട്ടടുത്ത പേജില്‍ അച്യുതാനന്ദന്റെ ലേഖനം കൊടുത്തുകൊണ്ട്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ തുലനം പാലിച്ചിട്ടുണ്ട്‌. ആധാര്‍പദ്ധതി നിര്‍ത്തിവെക്കണം എന്ന അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ ഒരുപാടു സംശയങ്ങളുടെ കനലുകള്‍ ജനമനസ്സുകളിലേക്ക്‌ കോരിയിടുന്നുണ്ട്‌. കോടിക്കണക്കിന്‌ രൂപ ചെലവാക്കി നടത്തുന്ന ഈ കമ്പ്യൂട്ടര്‍ രേഖാസൂക്ഷിപ്പ്‌ മാമാങ്കത്തിന്‌ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ അജണ്ടകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വസ്തുതകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു. സമൂഹത്തിന്‌ ആവശ്യമുള്ള പണിയെടുക്കാനും സഖാവിനറിയാം. ജനങ്ങളെ ചാപ്പകുത്തുന്ന ഈ ഏര്‍പ്പാടിനെ ചെലവേറിയ മണ്ടത്തരമെന്നാണത്രെ മന്‍മോഹന്‍സിങ്‌ പഠിച്ചിറങ്ങിയ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സ്‌ വിശേഷിപ്പിച്ചത്‌. ഏതു മിടുക്കനും മണ്ടത്തം പറ്റുമെന്ന്‌ അവരറിയാത്തതിന്‌ നമ്മളെന്ത്‌ പിഴച്ചു. ആധാര്‍ അപകടത്തിന്റെ മുഖപ്പാണ്‌. ശേഷിക്കുന്നത്‌ പിന്നാലെയെത്തും.
ശ്രീനാരായണഗുരു ജയന്തി നാളായ സപ്തംബര്‍ 11ന്‌ മലയാളമനോരമയില്‍ ഒരു ലേഖനം വന്നു. ഗുരു: സമന്വയത്തിന്റെ നീതിശാസ്ത്രം എന്ന തലക്കെട്ടില്‍ അതെഴുതിയത്‌ മലയാളത്തിന്റെ തനിമ എഴുത്തിലും ജീവിതത്തിലും വെച്ചുപുലര്‍ത്തുന്ന എം.എന്‍.കാരശ്ശേരി. അതില്‍നിന്നുള്ള നാലുവരി വായിച്ചാലും: ഒരു കാര്യത്തിനും അദ്ദേഹം ആരെയും പ്രകോപിപ്പിക്കുന്നില്ല; ഒരു കാര്യംകൊണ്ടും അദ്ദേഹം പ്രകോപിതനാകുന്നില്ല. ഫലം; ഗുരു തങ്ങളെ എതിര്‍ക്കുന്നു എന്ന്‌ ഒരു കൂട്ടര്‍ക്കും തോന്നുന്നില്ല. അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ എതിര്‍ക്കുന്നുമില്ല. ഗുരു ആരെയും ശത്രുവായി കണ്ടില്ല. ആരും അദ്ദേഹത്തെയും അങ്ങനെ കണ്ടില്ല. അദ്ദേഹത്തിന്റെ പാത സംഘട്ടനത്തിന്റേതല്ല; സംഘര്‍ഷത്തിന്റേതല്ല; സമന്വയത്തിന്റേതാണ്‌ ; സ്നേഹത്തിന്റേതാണ്‌. സ്നേഹത്തിന്റെ തീരത്തുപോലും ഇല്ലാത്ത സംഘര്‍ഷത്തിന്റെ തീപ്പൊരികള്‍ ഊതിക്കത്തിക്കാന്‍ ഒത്താശനടത്തുന്ന എല്ലാ മസില്‍മാന്‍മാരും ചുരുങ്ങിയത്‌ കാരശ്ശേരിയുടെ ലേഖനം രണ്ടാവര്‍ത്തി വായിക്കണം. മസിലുകളില്‍ ഞെരിഞ്ഞമരുന്ന സ്നേഹപ്രാവുകള്‍ക്ക്‌ സ്വാതന്ത്ര്യമനുവദിക്കണം. നടക്കാത്ത എത്ര മനോഹരമായ സ്വപ്നം എന്നാണോ നിങ്ങള്‍ പറയാന്‍ വെമ്പുന്നത്‌ ? ഗുരുദേവദര്‍ശനങ്ങളെ ആറ്റിക്കുറിക്കി അക്ഷരങ്ങളിലേക്കാവാഹിച്ച കാരശ്ശേരി മനസ്സില്‍ ഗുരുദേവന്‌ പ്രമുഖ സ്ഥാനം നല്‍കിയിട്ടുണ്ടെന്നത്‌ നിസ്തര്‍ക്കമാണ്‌. അദ്ദേഹത്തിന്റെ നാട്ടില്‍ ശ്രീനാരായണീയ പ്രസ്ഥാനം വേണമെന്ന്‌ സ്നേഹബുദ്ധ്യാ നിര്‍ബ്ബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നുവെന്ന്‌ ഒരു ശ്രീനാരായണീയ പ്രസ്ഥാന നേതാവ്‌ പ്രഭാഷണമധ്യേ ആഹ്ലാദപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്‌. സ്നേഹം വേണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുരുദേവന്‍ വഴിവിളക്കാണ്‌. അത്തരം വിളക്കുകള്‍ എന്തുത്യാഗം സഹിച്ചും കൊളുത്താന്‍ ഇത്തരം അക്ഷരസദ്യകള്‍ പ്രചോദനമാവും. കാരശ്ശേരിയുടെ അതേ ചിന്തകള്‍ തന്നെയാണ്‌ ചതയദിനപരിപാടിയില്‍ പങ്കുകൊണ്ട മുഖ്യമന്ത്രിക്കുമുള്ളത്‌. ഗുരുദേവചിന്തകള്‍ മാനവസമൂഹത്തിനു ലഭിച്ച ആത്മവിശ്വാസമെന്ന്‌ അദ്ദേഹം (മലയാളമനോരമ സപ്തം.12) പറയുകയുണ്ടായി. ഈ ആത്മവിശ്വാസം പടര്‍ന്നു പന്തലിക്കാന്‍ ഇടവരുത്തുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തീവ്രാഭിലാഷത്തോടെ രംഗത്തുവന്നാല്‍ മാനുഷരെല്ലാരുമൊന്നുപോലെയുള്ള ഓണപ്പൊരുളില്‍ മുട്ടിയുരുമ്മിയിരുന്ന്‌ നമുക്ക്‌ സ്നേഹം പങ്കിടാം ; പകയുടെ അവസാനത്തെ അട്ടയേയും സൂക്ഷ്മമായി ഒഴിവാക്കാം.
തൊട്ടുകൂട്ടാന്‍ കാക്കച്ചിറകില്‍ നിന്ന്‌ പകലിലേക്കും കൊറ്റിച്ചിറകില്‍നിന്ന്‌ രാത്രിയിലേക്കും പറക്കാം -സാബുഷണ്‍മുഖം കവിത: ബ്ലോഗ്‌ ഭാഷാപോഷിണി (സപ്തംബര്‍)
കെ. മോഹന്‍ദാസ്‌