സുകൃത ജീവിതം

Saturday 17 September 2011 7:33 pm IST

പുണ്യാത്മാക്കളുടെ പാദസ്പര്‍ശംകൊണ്ട്‌ പവിത്രീകരിക്കപ്പെട്ട ഭവനത്തിലെ അനന്തര തലമുറകള്‍ എന്നും അനുഗ്രഹീതരാകുന്നു. സപ്തംബര്‍ 14-ാ‍ം തീയതിയിലെ ജന്മഭൂമിയില്‍ വലപ്പാട്ട്‌ അടിപ്പറമ്പിലെ ശ്രീമതി പ്രേമലതാ ദിവാകരന്റെ സഞ്ചയനത്തിന്റെ അറിയിപ്പു വായിച്ചപ്പോള്‍ ഓര്‍മവന്നത്‌ അക്കാര്യമാണ്‌. ആ അമ്മയുടെ കൈകള്‍ എത്രയോ തവണ ഭക്ഷണം വിളമ്പിത്തന്നതാണെന്ന കാര്യം മനസ്സിനെ തരളിതമാക്കി. അവരുടെ ഭര്‍ത്താവ്‌ ദശാബ്ദങ്ങളായി വലപ്പാട്ടെ സംഘപ്രസ്ഥാനങ്ങളുടെ രക്ഷാധികാരി തന്നെയായിരുന്നു. ഏതുസമയത്തും സംഘപ്രവര്‍ത്തകനുവേണ്ടി തുറന്നിട്ടിരിക്കുന്നതാണവിടത്തെ വാതില്‍.
ദിവാകരേട്ടന്റെ ജ്യേഷ്ഠന്‍ അഡ്വക്കേറ്റ്‌ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയിലായിരുന്നു എറണാകുളത്ത്‌ ഐതിഹാസികമായി വിശാലഹിന്ദു സമ്മേളനം നടന്നത്‌. കേരളത്തില്‍ രാഷ്ട്രീയാതിപ്രസരം മൂലം തളര്‍ന്നു മയക്കത്തിലായിരുന്ന ഹൈന്ദവ മനസ്സിനെ തട്ടിയുണര്‍ത്തിയതായിരുന്നല്ലോ വിശാലഹിന്ദു സമ്മേളനം ചെയ്ത ധര്‍മം ഹിന്ദുജനതകള്‍ക്ക്‌ ദോഷം വരുത്തുന്ന ഏതു നടപടിയും ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചോദ്യം ചെയ്യാതെ പോകാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം സമാജത്തിനുണ്ടാവാന്‍ ശ്രീനിവാസന്റെ നിലപാടുകള്‍ ഏറെ സഹായിച്ചു. എറണാകുളം സംഘശാഖയുടെ ശ്രീഗുരുദക്ഷിണാ മഹോത്സവത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട്‌ പൂജനീയ സര്‍സംഘചാലക്‌ മോഹന്‍ജി ഭാഗവതിന്റെ സാന്നിദ്ധ്യത്തില്‍ ചെയ്ത പ്രസംഗത്തില്‍ സംഘത്തെക്കുറിച്ചുള്ളതിന്റെ സകല തെറ്റായ ധാരണകളും തീര്‍ക്കാന്‍ കാരണക്കാരന്‍ സീനിയര്‍ ജില്ലാ ജഡ്ജിയായിരുന്ന എ.ആര്‍.ശ്രീനിവാസനായിരുന്നുവെന്ന്‌ സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍ കെ.പി.തോമസ്‌ പറഞ്ഞത്‌ സ്മാര്‍ത്തവ്യമാണ്‌. അദ്ദേഹം അന്ന്‌ പറഞ്ഞ ചില പരാമര്‍ശങ്ങളെച്ചൊല്ലി കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉയര്‍ത്താന്‍ ശ്രമിച്ച വിമര്‍ശന കൊടുങ്കാറ്റ്‌ ചായക്കോപ്പയില്‍പോലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മതിയായില്ലെന്ന്‌ നാം കണ്ടു. ശ്രീനിവാസന്‍ വിരമിച്ചതിനുശേഷം ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം ഏറ്റെടുത്തതായിരുന്നു ആ പ്രസ്ഥാനത്തെക്കുറിച്ച്‌ നിഷ്കര്‍ഷയോടെ പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ജസ്റ്റിസ്‌ തോമസ്‌ പ്രഖ്യാപിക്കുകയുണ്ടായി.
ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്താണ്‌ എനിക്ക്‌ എ.ആര്‍.ദിവാകരനേട്ടനുമായി അടുപ്പം വന്നത്‌. നാട്ടിക നിയോജകമണ്ഡലത്തില്‍ 1972 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവഅഭിഭാഷകനായിരുന്ന ചക്രപാണി ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്നവിടെ പ്രവര്‍ത്തനത്തിനായി നിയുക്തനായിരുന്ന അറുമുഖന്‍ അത്യത്ഭുതകരമായ സംഘടനാ പാടവമാണ്‌ കാണിച്ചത്‌. പ്രൈമറി തലത്തിനപ്പുറം വിദ്യാഭ്യാസമില്ലാതിരുന്ന അറുമുഖന്‍ നാട്ടിക മണ്ഡലത്തെ ഇളക്കിമറിക്കാന്‍ സംഘടനാശേഷി പ്രദര്‍ശിപ്പിച്ചു. ചക്രപാണിക്ക്‌ ഏഴായിരത്തി ഇരുന്നൂറില്‍പ്പരം വോട്ടുകള്‍ അന്ന്‌ ലഭിച്ചത്‌ എതിരാളികളെ വിസ്മയിപ്പിച്ചു. ആ നേട്ടത്തിനുപിന്നില്‍ ദിവാകരേട്ടന്റെ കുടുംബത്തിനുള്ള പങ്ക്‌ ചില്ലറയായിരുന്നില്ല.
പിന്നീട്‌ എത്രയോ തവണ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ അവസരമുണ്ടായി. അദ്ദേഹം ഏതാനും വര്‍ഷം താലൂക്ക്‌ സംഘചാലകന്റെ ചുമതല വഹിക്കുകയുണ്ടായി. അന്നത്തെ മുഖ്യ മുതിര്‍ന്ന സംഘാധികാരിമാരും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്‌. ഭാവുറാവു ദേവറസ്‌, യാദവറാവു ജോഷി, ഭാസ്കര്‍ റാവു, പരമേശ്വര്‍ജി, മാധവജി തുടങ്ങിയവര്‍ ആ വീടിനെ സ്വന്തം വീടുപോലെ കരുതി. മാധവജി ആകട്ടെ അവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാട്ടിലെ പൂജാമുറി തന്നെ ധ്യാനത്തിനായി ഉപയോഗിച്ചിരുന്നു. ഹിന്ദുസമാജത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇങ്ങനെ മഹത്തുക്കള്‍ക്ക്‌ ആഹാരം നല്‍കിയ മഹതിയായിരുന്നു ഉത്രാടത്തുന്നാള്‍ പരലോകപ്രാപ്തയായ പ്രേമലതാ ദിവാകരന്‍. കരള്‍ സംബന്ധമായ അസുഖം ശക്തിയായപ്പോള്‍ തൃശ്ശിവപേരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കാലം എത്തിക്കഴിഞ്ഞിരുന്നു. ഹിന്ദുസമാജത്തിന്റെ നന്മയ്ക്ക്‌ ആവശ്യമായ ഘട്ടങ്ങളിലെല്ലാം അടിപ്പറമ്പില്‍ കുടുംബം മുന്നിലുണ്ടായിരുന്നു. 1958-59 കാലത്ത്‌ മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തപ്പെട്ട സമരത്തിന്‌ മാര്‍ഗദര്‍ശനം നല്‍കിയവരില്‍ ദിവാകരേട്ടന്റെ അച്ഛനും ഉണ്ടായിരുന്നു. 1930 ല്‍ ഗുരുവായൂര്‍ സത്യഗ്രഹകാലത്തും ശ്രീ.എ.വി.രാമന്‍ മുന്‍നിരയില്‍ത്തന്നെയുണ്ടായി. അക്കാലത്ത്‌ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ഒരു സമുദായത്തിലെ അംഗമായിരുന്ന അദ്ദേഹത്തെ വി.ടി.ഭട്ടതിരിപ്പാട്‌, സുബ്രഹ്മണ്യന്‍ തിരുമുമ്പ്‌ മുതലായ ആഢ്യബ്രാഹ്മണര്‍ വളരെ ആദരവോടെയാണ്‌ സ്മരിച്ചിട്ടുള്ളത്‌.
1986 ലാണെന്നു തോന്നുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ കേരള സന്ദര്‍ശനത്തിനിടെ തൃശ്ശിവപേരൂരിലെത്തിയപ്പോള്‍ ഗംഭീരമായ സ്വീകരണം നല്‍കപ്പെട്ടു. അവിടെ സ്വാഗതസമിതിയുടെ അധ്യക്ഷന്‍ വിശാല ഹിന്ദു സമ്മേളനാദ്ധ്യക്ഷന്‍ കൂടിയായ അഡ്വ.എ.ആര്‍.ശ്രീനിവാസനായിരുന്നു. പരിപാടിയുടെ അന്നുതന്നെ ദിവാകരേട്ടന്റെ മകളുടെ വിവാഹം കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്നു. ദിവാകരേട്ടന്‍ വിവാഹവേദിയിലെത്തിയ വധൂവരന്മാരെ അനുഗ്രഹിക്കാനായി അടല്‍ജിയെ ക്ഷണിക്കാനെത്തി. അടല്‍ജി സസന്തോഷം അവിടെയെത്തി അവരുടെ പ്രണാമം സ്വീകരിച്ച്‌ ആശീര്‍വാദങ്ങള്‍ നല്‍കി മടങ്ങിയെത്തി പരിപാടിയില്‍ പങ്കെടുത്തു. അതുകണ്ട്‌ കൃതാര്‍ത്ഥയായി നിന്ന ദിവാകരേട്ടന്റെ ധര്‍മപത്നിയുടെ മുഖം ഓര്‍മയില്‍ തെളിയുന്നു.
മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള അടിപ്പറമ്പില്‍ തറവാട്ടുവീട്‌ ഇപ്പോഴും ഉണ്ട്‌. കുടുംബപരമായ അനുഷ്ഠാന ചടങ്ങുകള്‍ അവിടെയാണ്‌ നടക്കുക. ശ്രീനാരായണ ഗുരുദേവന്‍ മൂന്നുതവണ വന്നുതാമസിച്ച ഭവനമാണത്‌. അന്നത്തെ കാരണവര്‍ ചാത്തുണ്ണി സ്വാമി തൃപ്പാദങ്ങളുടെ അനന്യ ഭക്തനായിരുന്നു. അന്ന്‌ തെക്കെ മലബാറില്‍ (അക്കാലത്ത്‌ നാട്ടിക ഫര്‍ക്ക പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു) .ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മുന്‍പില്‍നിന്ന ആളായിരുന്നു ചാത്തുണ്ണി.
മൂന്നാമത്തെത്തവണ സ്വാമികളോടൊപ്പം മഹാകവി കുമാരനാശാനും ഉണ്ടായിരുന്നു. അവിടത്തെ താമസത്തിനിടെ കാരണവരുടെ അഭ്യര്‍ത്ഥന പ്രകാരം മഹാകവി രണ്ട്‌ ആശംസാ ശ്ലോകങ്ങള്‍ എഴുതി ഏല്‍പ്പിച്ചു. കുമാരനാശാന്റെ പദ്യകൃതികളില്‍ ആ ശ്ലോകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (1980 ലെ ഡിസി പതിപ്പ്‌) 1078 മകരം 12 ന്‌ ശ്രീനാരായണഗുരുവും കുമാരനാശാനുംകൂടി വലപ്പാട്ടുള്ള അടിപ്പറമ്പില്‍ പോയിരുന്നു. അന്ന്‌ ആ സുദിനത്തില്‍ സ്മരിക്കാന്‍ എന്തെങ്കിലും കവിത രചിച്ചുകൊടുക്കണമെന്ന്‌ അന്നത്തെ തറവാട്ടു കാരണവരായ ചാത്തുണ്ണി ആശാനോട്‌ അഭ്യര്‍ത്ഥിക്കുകയുണ്ടായി. അതിന്‍പ്രകാരം രചിച്ചതാണ്‌ ഇവിടെ ചേര്‍ത്ത രണ്ട്‌ പദ്യങ്ങളും തറവാട്ടിലെ അംഗമായ എ.ആര്‍.പീതാംബരന്‍ അയച്ചു തന്നതാണ്‌ എന്ന കുറിപ്പോടെയുള്ള ശ്ലോകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ചൊല്‍ക്കൊള്ളും കൊല്ലമോരായിരമെഴുപതി-
നോടെട്ടുമാണ്ടിലങ്ങ യ്ക്കുള്‍ക്കൊള്ളും പുണ്യവായ്പാല്‍ പ്രഭുവര മകരം പന്തിരണ്ടാംദിനത്തില്‍ തൃക്കണ്‍കോണേകി നാരായണഗുരു പദമാമംബുജ സ്പര്‍ശനത്താല്‍ ത്വല്‍ഗേഹം പുണ്യമാക്കി സുകൃതനിലയ ചാത്തുണ്ണിയാം പുണ്യമൂര്‍ത്തേ നാനാപുഷ്പതരുക്കളും ലതകളും ചൂഴ്‌ന്നും നിതാന്തം ചെവി- ക്കാനന്ദം വിതറീടുമാറവിരതം പുംസ്കോകിലം പൂകിയും ഊനം വിട്ടിളമാരുതന്‍ കളിനിലം പോലാക്കിയും നില്‍ക്കുമീ താനേ രമ്യ മടിപ്പറമ്പിതി പുക- ഴ്‌ന്നീടുന്ന സൗധാലയം
ഗുരുദേവന്‍ കണ്ണൂരും തലശ്ശേരിയിലും വന്നപ്പോള്‍ താമസിച്ചിരുന്ന വീടുകളില്‍ പോകാന്‍ എനിക്കവസരം ഉണ്ടായിട്ടുണ്ട്‌. കണ്ണൂരിലെ ആ വീട്ടുകാരുടെ വകയായ ഒരു വീട്ടിലായിരുന്നു രണ്ടുപതിറ്റാണ്ടോളം കാലം കാര്യാലയം പ്രവര്‍ത്തിച്ചത്‌. രാഷ്ട്രമന്ദിരം എന്ന പേരില്‍. പക്ഷെ ആ രണ്ടുവീട്ടുകാരില്‍ സംഘത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തവരില്ല. അടിപ്പറമ്പിന്റെ സ്ഥിതി അതല്ലല്ലോ. ഗുരുദേവന്റെ സന്ദേശം തന്നെയാണ്‌ സംഘത്തിന്റേതുമെന്ന സത്യത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നുവെന്നതാണ്‌ പ്രധാനം.ധര്‍മപത്നിയുടെ വിയോഗം ദിവാകരേട്ടനെ എത്ര കണ്ട്‌ ബാധിച്ചുവെന്ന്‌ ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ മനസ്സിലായി. അനിവാര്യമായത്‌ സംഭവിച്ചുവെന്ന്‌ ആശ്വസിക്കാനുള്ള പ്രബുദ്ധതയും ആത്മീയ ഉന്നതിയും ദിവാകരേട്ടനുണ്ട്‌ എന്നും അറിയാം.
പി. നാരായണന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.