ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന്‌ ഭക്തസഹസ്രങ്ങള്‍

Saturday 26 April 2014 9:36 pm IST

കൊച്ചി: നിശബ്ദരായി നിമിഷങ്ങളോളം കാത്തിരുന്ന ഭക്തര്‍ക്ക്‌ മുന്നിലേക്ക്‌ ശുഭ്രവസ്ത്രധാരിണിയായി വിശ്വപ്രേമത്തിന്റെ അമൃതലയം പകരുന്ന അമ്മ കടന്നുവന്നപ്പോള്‍ ഭക്തര്‍ എല്ലാം മറന്ന്‌ ആ സന്നിധിയില്‍ അലിഞ്ഞു. തനിക്കായൊരുക്കിയ പീഠത്തില്‍ അമ്മ സദാ ചുണ്ടില്‍ വിരിയുന്ന ചെറുപുഞ്ചിരിയോടെ ഭക്തര്‍ക്ക്‌ ദര്‍ശനപുണ്യം നല്‍കി. അമ്മയെ ഒരു നോക്ക്‌ കാണുന്നതിനായി ആയിരക്കണക്കിന്‌ ജനങ്ങളാണ്‌ ബ്രഹ്മസ്ഥാനത്തേയ്ക്ക്‌ ഒഴുകിയെത്തിയത്‌. അടുത്ത കാലങ്ങളിലായി അമ്മയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളൊക്കെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ അവര്‍ അമ്മയുടെ സന്നിധിയിലെത്തി. അതില്‍ പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും എല്ലാവരുമുണ്ടായിരുന്നു.
അനുഗ്രഹപ്രഭാഷണത്തിന്‌ മുമ്പ്‌ ഭക്തിഗാനത്തിന്റെ മാസ്മരികതയിലെക്ക്‌ ഭക്തരെ കൂട്ടിക്കൊണ്ടുപോകുവാനും അമ്മ മറന്നില്ല. മനസ്സിലപ്പോള്‍ അമ്മയും സംഗീതവും മാത്രം. എല്ലാ മിഴികളും അമ്മയിലേക്ക്്‌. ഇടയ്ക്ക്‌ നിറഞ്ഞുതൂവിയ മിഴിനീര്‍ ഒപ്പുവാനും മറന്നു ചിലര്‍. ഹിന്ദിയിലും തമിഴിലും മലയാളത്തിലും അമ്മ പാടി. വരികളില്‍ നിറഞ്ഞത്‌ ജീവിതത്തിലെ നിരര്‍ത്ഥതയ്ക്കപ്പുറം ശാശ്വതമായ സത്യമായിരുന്നു, അമ്മയെന്ന സത്യം.
രാധേ ഗോവിന്ദ്‌ ജയ്‌, ഒരുനാളില്‍ വരുമോ-ഹൃദയ ശ്രീകോവിലില്‍ ഒരിക്കലും അണയാത്ത ദീപവുമായി, സന്താപ ഹൃത്തിനു ശാന്തിമന്ത്രം തുടങ്ങി 10 ഓളം ഗാനങ്ങളാണ്‌ അമ്മയുടെ നേതൃത്വത്തില്‍ ഭജനസംഘം ആലപിച്ചത്‌. അമ്മയെ ദര്‍ശിക്കുന്നതിനായാത്തിയ നൂറ്‌ കണക്കിന്‌ വിദേശീയര്‍ പോലും അവാച്യമായ സംഗീതത്തില്‍ അലിഞ്ഞു. ഭക്തിക്ക്‌ ഭാഷ തടസ്സമല്ലെന്നതിന്‌ ഇതിലും നല്ലൊരു ഉദാഹരണവുമില്ല. അമ്മയ്ക്ക്‌ പിന്നിലും വശങ്ങളിലുമായി സ്ഥാപിച്ച സ്ക്രീനുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും പാട്ടിന്റെ വരികള്‍ തെളിഞ്ഞിരുന്നു.
മനസ്സിനെ നിര്‍മ്മലമാക്കുന്ന സംഗീതത്തിന്റെ അണമുറിയാത്ത ധാര ഭക്തരിലേക്ക്‌ പകര്‍ന്നു നല്‍കിയ ശേഷമാണ്‌ അവരിലേക്ക്‌ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ അമ്മ സംസാരിച്ചത്‌. അമ്മയുടെ ഓരോ വാക്കും ഭക്തരെ കൂടുതല്‍ കൂടുതല്‍ അമ്മയിലേക്ക്‌ അടുപ്പിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠമാണ്‌ അമ്മ മക്കള്‍ക്ക്‌ പകര്‍ന്നു നല്‍കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.