വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

Saturday 26 April 2014 9:44 pm IST

പാലാ: ഗള്‍ഫ്‌നാടുകളില്‍ നഴ്‌സിംഗ്‌ജോലി വാഗ്ദാനം ചെയ്ത് രണ്ട് ഡസനിലേറെപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ പാലാ പോലീസിന്റെ പിടിയിലായി. പാലാ കിഴതടിയൂര്‍ തുണ്ടത്തില്‍ ജോസ് പോള്‍(ജോയി-46), ഭരണങ്ങാനം കച്ചില്‍തെങ്ങായി ഷിബു വര്‍ഗീസ്(45) എന്നിവരാണ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്. പണവും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായ ഏഴ് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍നിന്ന് 3,84,000 രൂപാ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇരകളെ വീഴ്ത്തിയിരുന്നത്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് ഡസണിലേറെപ്പേര്‍ തട്ടിപ്പിനിരയായതായി സൂചന ലഭിച്ചിട്ടുണ്ട്. മുണ്ടക്കയം തകിടിയേല്‍ ടി.കെ. ഷിജോയില്‍നിന്ന് 30,000 രൂപാ, കണ്ണൂര്‍ മല്ലപ്പള്ളി കലാങ്കി അഭിലാഷില്‍നിന്ന് 37000 രൂപാ, റാന്നി കരമ്പനക്കുഴി ജോളി ആന്റണിയില്‍നിന്ന് 37000 രൂപാ, മുണ്ടക്കയം കാഞ്ഞിരത്തുങ്കല്‍ ജോമോന്‍ തോമസില്‍നിന്ന് 37000 രൂപാ, വൈക്കം വടയാര്‍ പാലിയത്തറ ദീപ്തി മരിയാ സെബാസ്റ്റിയനില്‍നിന്ന് 85000 രൂപ, കണ്ണൂര്‍ പൗവ്വത്തുപറമ്പില്‍ രമ്യാ ജോസില്‍നിന്ന് 138300 രൂപാ, തൃശൂര്‍ മഞ്ഞളിയില്‍ എം.ജെ. ജിന്‍സില്‍നിന്ന് 20000 രൂപായും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. പാലാ കാനറാ ബാങ്ക് ശാഖയില്‍ പ്രതികളുടെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാര്‍ത്ഥികളോട് പണം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. കോട്ടയം റെയില്‍വേസ്‌റ്റേഷനു സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇരകളെ വലയില്‍ വീഴ്ത്തിയിരുന്നത്. കുവൈറ്റ്, സൗദി എന്നിവിടങ്ങളില്‍ ഒരു ലക്ഷം രൂപാ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ജോലി ലഭിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തെ ലോഡ്ജില്‍ പരിശീലനത്തിനായി എത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ലോഡ്ജില്‍ എത്തിയെങ്കിലും നടത്തിപ്പുകാരെ കണ്ടെത്താനായില്ല. ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പുകാരുടെ പാലായിലെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗാര്‍ത്ഥികളിലൊരാള്‍ തട്ടിപ്പുകാരെ ഫോണില്‍ വിളിച്ച് പണം സാവകാശം നല്‍കിയാല്‍ മതിയെന്നും പാസ്‌പോര്‍ട്ടും മറ്റു സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ തിരികെ നല്‍കണമെന്നും മറ്റൊരു ജോലിക്ക് നല്‍കാനാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പാലായില്‍ എത്തിച്ച് മുഖ്യ പ്രതി ജോസ് പോളിനെ കുടുക്കുകയായിരുന്നു. പോലീസ് പിടിയിലായ ജോസ് പോളിനെക്കൊണ്ട് ഷിബു വര്‍ഗീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജോസിന്റെ വീട്ടില്‍ പരിശോധന നടത്തി 18 പേരുടെ പാസ്‌പോര്‍ട്ടും പത്ത് പേരുടെ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. വന്‍തോതില്‍ തട്ടിപ്പ് നടത്താന്‍ പിടിയിലായവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. പാലാ ഡിവൈ.എസ്.പി: ബിജു കെ. സ്്റ്റീഫന്‍, സി.ഐ: ക്രിപ്‌സില്‍ സാം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ: കെ.പി. തോംസണാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.