മോദിയെ വധിക്കാന്‍ ഐഎസ്‌ഐ പദ്ധതിയിട്ടു

Saturday 26 April 2014 10:17 pm IST

ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ വധിക്കാന്‍ പാക്കിസ്ഥാന്‍ ഭീകര ഏജന്‍സിയായ ഐഎസ്‌ഐ പദ്ധതിയിട്ടതായി എന്‍ഐഎ. പാറ്റ്നയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഐഎസ്‌ഐയുടെ പദ്ധതി നടപ്പാക്കാന്‍ ആക്രമണങ്ങള്‍ നടത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.
സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐഎം) എന്നീ സംഘടനകളാണ്‌ ഐഎസ്‌ഐ പദ്ധതി നടപ്പാക്കാന്‍ സഹായിച്ചത്‌. എന്നാല്‍ വേണ്ടത്ര ആസൂത്രണം ഇല്ലാഞ്ഞതും മോദിയുടെ സുരക്ഷാകാര്യത്തില്‍ കരുതല്‍ കൂട്ടിയിരുന്നതും മൂലം ലക്ഷ്യം നടപ്പിലാക്കാനായില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദിയെ വധിക്കാനുള്ള പദ്ധതി പാറ്റ്നയിലെ ഹുങ്കാര്‍ റാലിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ സുരക്ഷാ സംവിധാനം ശക്തമായതിനാല്‍ പരാജയപ്പെടുകയായിരുന്നുവെന്നുമാണ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച എന്‍ഐഎ പാറ്റ്ന ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ സര്‍പ്പിച്ചിരിക്കുന്നത്‌.
പാറ്റ്ന ബോംബുസ്ഫോടനത്തെത്തുടര്‍ന്ന്‌ അവിടെനിന്ന്‌ അറസ്റ്റിലായ ഇംതിയാസ്‌ അലി എന്ന സിമിക്കാരനെ ചോദ്യംചെയ്ത്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ ഞെട്ടിക്കുന്ന വിവരം.
വിവിധ സ്ഥലങ്ങളില്‍ മോദിയെ ആക്രമിക്കാന്‍ ഐഎസ്‌ഐയുടെ പിണിയാളുകള്‍ സംഘടനകള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പലതും ലക്ഷ്യം കാണാതെ പോയെന്നാണ്‌ എന്‍ഐഎ റിപ്പോര്‍ട്ട്‌ പറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.