കൂടുതല്‍ മോടിയോടെ

Saturday 17 September 2011 9:23 pm IST

അഴിമതി രഹിതവും വികസനോന്മുഖവും കാര്യക്ഷമവുമായ ഇന്ത്യയിലെ മികച്ച സംസ്ഥാനം ഗുജറാത്താണെന്ന്‌ അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിളക്കമാര്‍ന്ന ഈ നേട്ടങ്ങള്‍ക്ക്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ റിപ്പോര്‍ട്ട്‌ മുക്തകണ്ഠം പ്രശംസിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ്‌ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസസ്‌. ഈ പരാമര്‍ശത്തോടെ ലോകശ്രദ്ധ നേടിയ, ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ, മൂന്നുപ്രാവശ്യം ഗുജറാത്ത്‌ മുഖ്യമന്ത്രിപദത്തിലെത്തിയ, നരേന്ദ്രമോഡിയുടെ ജീവിതത്തിലേക്ക്‌.
വട്നഗറിലെ ഒരു ഇടത്തരം കുടുംബത്തില്‍ 1950 സപ്തംബര്‍ 17-ാ‍ം തീയതിയാണ്‌ മോഡി ജനിച്ചത്‌. ചെറുപ്പം മുതല്‍ രാഷ്ട്രീയ സ്വയംസേവക്‌ സംഘത്തിന്റെ ദൈനിക ശാഖകളില്‍ പങ്കെടുത്തു. രാജ്യസ്നേഹത്തിന്റെ ആദ്യപാഠങ്ങള്‍ കൊച്ചുകഥകളിലൂടെ നരേന്ദ്രന്‌ പകര്‍ന്നുകിട്ടി. ഇന്തോ പാക്‌ യുദ്ധത്തില്‍ പങ്കെടുക്കുന്ന പട്ടാളക്കാര്‍ക്ക്‌ റെയില്‍വേ സ്റ്റേഷനില്‍ ചെറിയ സേവനങ്ങള്‍ ചെയ്യാന്‍ ബാലനായ മോഡി തയ്യാറായി. വിദ്യാര്‍ത്ഥി ആയിരിക്കെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി)പ്രവര്‍ത്തകനും പിന്നീട്‌ മുഴുവന്‍ സമയ പ്രവര്‍ത്തകനുമായി. ഗുജറാത്ത്‌ സര്‍വകലാശാലയില്‍നിന്ന്‌ ഇതിനിടെ രാഷ്ട്രമീമാംസയില്‍ എംഎ കരസ്ഥമാക്കുകയും ചെയ്തു. പിന്നീട്‌ ബിജെപിയിലെത്തി. 1974 ലെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലും തുടര്‍ന്ന്‌ 1975 ജൂണ്‍ മുതല്‍ 1977 ജനുവരിവരെ അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളിലും പല പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
സംസ്ഥാനത്തെ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ ശങ്കര്‍സിംഗ്‌ വഗേലയോടൊപ്പം പ്രവര്‍ത്തിച്ചു. 1990 ല്‍ കേന്ദ്രത്തില്‍ ബിജെപി അടങ്ങുന്ന ഒരു കൂട്ടുമന്ത്രിസഭയുണ്ടായെങ്കിലും കുറച്ചുനാളുകളിലെ ഭരണം മാത്രമാണ്‌ ലഭിച്ചത്‌. എന്നാല്‍ ഗുജറാത്തില്‍ 1995 ല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നു.
ഈ കാലഘട്ടത്തിലാണ്‌ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയുടെ സോമനാഥം മുതല്‍ അയോദ്ധ്യവരെയും കന്യാകുമാരി മുതല്‍ കാശ്മീര്‍വരെയുള്ള രഥയാത്ര നടക്കുന്നത്‌. ഇതിന്റെ സംഘടന ചുമതലകള്‍ മോഡിക്കായിരുന്നു. ഇതിനിടെ പാര്‍ട്ടി സെക്രട്ടറി പദവും 1995 ല്‍ ദേശീയ സെക്രട്ടറിസ്ഥാനവും കൈവന്നു. മോഡിക്ക്‌ ജമ്മുകാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുടെ ചുമതലകള്‍ ലഭിച്ചു. അത്യന്തം ക്ലേശകരമായ ഈ ചുമതലകള്‍ സ്തുത്യര്‍ഹമാംവിധം നിര്‍വഹിച്ച അദ്ദേഹത്തെ ദേശീയ രാഷ്ട്രീയരംഗം ശ്രദ്ധിക്കാന്‍ തുടങ്ങി. 1998 ല്‍ സംഘടന കാര്യങ്ങളുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും അതിന്റെ പുരോഗമനത്തിനും വ്യാപനത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. 2001 ല്‍ കേശുഭായ്‌ പട്ടേലിന്റെ മാറ്റത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം 2001 ഒക്ടോബര്‍ 7 ന്‌ മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി.
2001 ജനുവരിയില്‍ ഗുജറാത്തിലെ ഭുജിലും മറ്റു ഭൂകമ്പബാധിത പ്രദേശങ്ങളിലും. പുനരധിവാസവും പുനര്‍നിര്‍മാണവുമായിരുന്നു മുഖ്യമന്ത്രി നേരിട്ട ആദ്യവെല്ലുവിളി. തകര്‍ന്ന സമ്പദ്ഘടനയും ഹതാശരായ ജനങ്ങളും താല്‍ക്കാലിക പാര്‍പ്പിടങ്ങളും ഗുജറാത്തിന്റെ ശോകചിത്രം വരച്ചു. ഇത്തരമൊരു സാഹചര്യത്തെ നേരിടുവാന്‍ അടിയന്തരപ്രവര്‍ത്തനങ്ങളോടൊപ്പം ദീര്‍ഘവീക്ഷണമുള്ള പദ്ധതികളും മോഡി നടപ്പാക്കി. ഇതിന്‌ 16.10.2003 ല്‍ സര്‍ക്കാരിന്‌ ഐക്യരാഷ്ട്ര സഭയുടെ സസകാവ ബഹുമതി ലഭിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കം പാലിക്കുകയും ഭരണച്ചെലവുകള്‍ ചുരുക്കുകയും ചെയ്ത്‌ മോഡി തുടക്കം കുറിച്ചു. കുടിശിക നികുതികള്‍ പിരിച്ചെടുത്ത്‌ വരുമാനം വര്‍ധിപ്പിക്കലായിരുന്നു മറ്റൊരു മാര്‍ഗ്ഗം. ഉദാഹരണത്തിന്‌ മോഡി അധികാരമേറ്റെടുക്കുമ്പോള്‍ 5890 കോടി രൂപയുടെ വില്‍പ്പന നികുതിയാണുണ്ടായിരുന്നത്‌. നാലുകൊല്ലംകൊണ്ട്‌ അത്‌ 10606 കോടി രൂപയാക്കി ഉയര്‍ത്താനായി.
ഇതിനൊക്കെ പുറമേ സംസ്ഥാനത്തിന്റെ വികസനത്തിനായി പഞ്ചശക്തി പദ്ധതികളാരംഭിച്ചു. ജ്ഞാനശക്തി, ഊര്‍ജശക്തി, ജലശക്തി, ജനശക്തി, രക്ഷാശക്തി എന്നിവയാണ്‌ പഞ്ചശക്തികള്‍. ഇതില്‍ ജ്ഞാനശക്തി വിദ്യാഭ്യാസ രംഗത്തെ പുതിയ കോഴ്സുകള്‍ മുതല്‍ സര്‍വകലാശാലകള്‍വരെയുള്ള പുരോഗതിയാണ്‌. ഊര്‍ജശക്തി, വൈദ്യുത എണ്ണമേഖലയിലെ പ്രവര്‍ത്തനവും വികസനവുമാണ്‌. ജലശക്തി പ്രകൃതി ജലസംരക്ഷണം, ജലസേചനം മുതലയാവയുടെ വികസനമാകുമ്പോള്‍ ജനശക്തി ജനങ്ങളുടെ ഭരണപങ്കാളിത്തമാണ്‌. രക്ഷാശക്തിയാകട്ടെ സാമൂഹിക, കായിക, സാമ്പത്തിക ഭദ്രതയ്ക്ക്‌, രോഗപ്രതിരോധത്തിന്‌ ഊന്നല്‍ നല്‍കുന്നു.
ഇതിനിടെയാണ്‌ ഗോധ്ര റെയില്‍വേസ്റ്റേഷനടുത്തുവെച്ച്‌ അയോധ്യയില്‍നിന്നുമടങ്ങുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസ്‌ 2002 ല്‍ ആക്രമിക്കപ്പെടുന്നത്‌. തുടര്‍ന്നുണ്ടായ കലാപങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത്‌ മോഡി രാജിവെച്ചുവെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ 182 ല്‍ 127 സീറ്റുകളും കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയത്തോടെ മടങ്ങിയെത്തി. 2009 ല്‍ ലഹളയില്‍ മരണമടഞ്ഞ മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ പത്നിയുടെ പരാതിയെത്തുടര്‍ന്ന്‌ സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ്‌ കീഴ്ക്കോടതി പരിഗണിച്ചാല്‍ മതിയെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു.
നിക്ഷേപ സൗഹൃദ സംസ്ഥാനമായ ഗുജറാത്തില്‍ ടാറ്റ, മിത്സുബിഷി, ജനറല്‍ മോട്ടോഴ്സ്‌, പിഗട്ട്‌ എന്നിവര്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ തയ്യാറായി. ആഗോള സംരംഭകരുടെ സമ്മേളനം വിളിച്ചുകൂട്ടാനും സംസ്ഥാനത്തിനായി. വേള്‍ഡ്‌ ബാങ്ക്‌, രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്‍, ഐക്യരാഷ്ട്രസഭ മുതലായവയുടെ ധാരാളം ബഹുമതികള്‍ ഗുജറാത്തും മോഡിയും കരസ്ഥമാക്കിയിട്ടുണ്ട്‌.
മോഡിയുടെ ജീവിതം സമ്പന്നമാകുന്നത്‌ കേവലം ആശയങ്ങളിലല്ല അതിന്റെ പ്രായോഗിക രൂപങ്ങളുടെ ഫലപ്രാപ്തിയിലാണ്‌. അദ്ദേഹത്തിന്റെ ഓരോ പദ്ധതിയിലും സമഗ്ര മാനവവികസനമെന്ന ലക്ഷ്യമുണ്ട്‌. 'സര്‍വേപി സുഖിന സന്തു' എന്ന മന്ത്രമുണ്ട്‌. ഏറ്റവും ക്ലേശകരമായ 'മാന്‍ മാനേജുമെന്റ്‌'പോലും അയത്നലളിതമായാണ്‌ അദ്ദേഹം കൈകാര്യം ചെയ്തത്‌. സ്വയം അഴിമതിരഹിതനായി നിന്നുകൊണ്ട്‌ അഴിമതി നിര്‍മാര്‍ജനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനു പിന്നില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍നിന്ന്‌ ഉള്‍ക്കൊണ്ട ഊര്‍ജമുണ്ട്‌. ഒരു ഭരണാധികാരിയെന്നനിലയില്‍ ഗുജറാത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ തുല്യനീതിയും അവസരങ്ങളും ലഭിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതൊരു സര്‍ക്കാരിന്റേയും വിജയത്തിനോ പരാജയത്തിനോ കാരണമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിരന്തര പരിശീലനത്തിലൂടെ കര്‍മയോഗികളാക്കി മാറ്റാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ഒരു ആദര്‍ശത്തില്‍ അടിയുറച്ച 'പുച്ഛിച്ചാലും പൂജിച്ചാലും ചഞ്ചലനാകാത്ത' ഈ വ്യക്തിത്വം ഇനിയും രാഷ്ട്രത്തിന്‌ പ്രചോദനമാകട്ടെ.
മാടപ്പാടന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.