മരണമേകുന്ന മരുന്നു പരീക്ഷണം

Sunday 27 April 2014 7:20 pm IST

മനുഷ്യനെ ഗിനിപന്നികളുടേയും എലികളുടേയും സ്ഥാനത്തെത്തിച്ചിരിക്കുന്നു നമ്മുടെ മരുന്നു കമ്പനികള്‍. ഇന്ത്യയില്‍ വ്യാപകമായി മരുന്നുപരീക്ഷണം ആളുകളുടെ അനുവാദമോ അറിവോ കൂടാതെ നടക്കുന്നതായി സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി വെല്‍ഫെയര്‍ സെക്രട്ടറിയോടും ഇന്ത്യന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറലിനോടും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ലോകത്തെ 35 ശതമാനം ഗുണനിലവാരമില്ലാത്ത മരുന്നും ഇന്ത്യയിലാണ്‌ ഉല്‍പ്പാദിപ്പിക്കുന്നതെന്നും 24,200 കോടി രൂപയുടെ ഇംഗ്ലീഷ്‌ മരുന്നിന്റെ മാര്‍ക്കറ്റ്‌ ഇന്ത്യയിലുണ്ടെന്നും നാം മനസ്സിലാക്കണം. മരുന്നു പരീക്ഷണത്തിന്‌ ഇരയായവരെ അവഗണിക്കുന്ന പ്രവണത ഏറിവരുന്നതിനെതിരെയും അവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാത്തതിനെയും കോടതി ബന്ധപ്പെട്ടവരെ വാക്കാല്‍ ശകാരിച്ചു. പുതിയ രാസഘടനയുള്ള മരുന്നുകള്‍ക്ക്‌ പരീക്ഷണാനുമതി നല്‍കുന്നത്‌ കര്‍ശനവ്യവസ്ഥകളോടെ ആയിരിക്കണമെന്ന്‌ ജസ്റ്റിസ്‌ ആര്‍.എം.ലോധ നിര്‍ദ്ദേശിച്ചു.
സന്നദ്ധസംഘടനയായ സ്വാസ്ഥ്യാ അധികാര്‍ മഞ്ച്‌ എന്ന സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളാണിതെല്ലാം. 2009-10 കാലത്ത്‌ ഭാരതത്തില്‍ നടത്തിയ മരുന്നുപരീക്ഷണങ്ങള്‍ വഴി നടന്ന മരണങ്ങളെക്കുറിച്ച്‌ പഠിച്ചപ്പോഴാണ്‌ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വാസ്ഥ്യാ അധികാര്‍ മഞ്ച്‌ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചത്‌. ജനങ്ങളെ അറിയിക്കാതെ ദേശീയ പ്രതിരോധ കുത്തിവെപ്പെന്ന വ്യാജേനെയാണ്‌ പല പരീക്ഷണങ്ങളും നടക്കുന്നത്‌. ബന്ധുമിത്രാദികളില്‍നിന്നും എഴുതി വാങ്ങുന്ന സമ്മതപത്രം പൂര്‍ണമായി പൂരിപ്പിച്ചിരുന്നില്ല.
മരുന്നുപരീക്ഷണത്തിനുശേഷം ഇരകളുടെ ദീര്‍ഘകാല ആരോഗ്യസ്ഥിതി വിലയിരുത്തപ്പെട്ടില്ല. രോഗികളില്‍ നിന്നും മരുന്നു പരീക്ഷണമാണെന്ന്‌ മറച്ചുവച്ചു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക്‌ ധാരാളം പണം വാഗ്ദാനം ചെയ്യുന്നു. ചികിത്സിക്കാന്‍ പണമില്ലാത്ത രോഗികളെയാണ്‌ മരുന്നുപരീക്ഷണത്തിനായി ഇന്ത്യന്‍ മരുന്നു കമ്പനികളുടെ സഹായത്താല്‍ വിദേശമരുന്ന്‌ കമ്പനികള്‍ ഉപയോഗിക്കുന്നത്‌. പാവപ്പെട്ട രോഗികള്‍ക്ക്‌ ധാരാളം പണം നല്‍കിയും മരുന്നുകള്‍ പരീക്ഷിക്കപ്പെടുന്നു. യൂറോപ്പ്‌, അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളിലെ മരുന്നുകമ്പനികള്‍ ഇന്ത്യയിലെ മരുന്നു കമ്പനികള്‍ വഴി ഡോക്ടര്‍മാരുടെ സഹായത്താല്‍ നിര്‍ധനരായ രോഗികളെ മരുന്നു പരീക്ഷണത്തിന്റെ പേരില്‍ വന്‍തോതില്‍ ചൂഷണം ചെയ്യുന്നതായി കണ്ടെത്തി.
വിദേശകമ്പനികളെ സംബന്ധിച്ചിടത്തോളം മരുന്നുപരീക്ഷണം തങ്ങളുടെ രാജ്യത്ത്‌ നടത്തുന്നതിനേക്കാള്‍ 60 ശതമാനം ലാഭകരമാണ്‌ ഇന്ത്യയില്‍ എന്നതാണ്‌ അവരെ ഇതിനായി പ്രേരിപ്പിക്കുന്നത്‌. മരുന്നുപരീക്ഷണത്തിന്റെ മറവില്‍ കോടികളുടെ ബിസിനസ്സാണ്‌ നടക്കുന്നത്‌. 2013 ല്‍ മാത്രം 450 ദശലക്ഷം ഡോളര്‍ ബിസിനസ്സാണ്‌ നടന്നത്‌. 2016 ല്‍ 600 ദശലക്ഷം ഡോളര്‍ വ്യവസായമായി മരുന്നുപരീക്ഷണം മാറുമെന്ന്‌ അനുമാനിക്കുന്നു. ഗിനിപന്നികളിലും എലികളിലും കൃത്യമായ ട്രയല്‍ നടത്താതെ, നേരിട്ട്‌ മനുഷ്യനില്‍ മരുന്നുകള്‍ പരീക്ഷിക്കുന്നതായി അമേരിക്കന്‍ ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
മരുന്നുപരീക്ഷണങ്ങളാല്‍ നിരവധി രോഗികളില്‍ മരണം സംഭവിക്കുന്നു. മിക്കവാറും കേസുകളില്‍ തളര്‍ച്ച, വിളര്‍ച്ച, മറവിരോഗം, തളര്‍വാതം, സംസാരശേഷി പോകല്‍, രോഗം അധികരിക്കല്‍ എന്നിവ സംഭവിക്കുന്നു. എന്നാല്‍ രോഗികള്‍ക്ക്‌ തുടര്‍ ചികിത്സ നല്‍കുന്നതിലും ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുന്നതിലും പിന്നീട്‌ വേണ്ടത്ര ധനസഹായം നല്‍കുന്നതിലും കമ്പനികള്‍ കാണിക്കുന്ന അലംഭാവം സുപ്രീംകോടതി കണ്ടെത്തി.
സാധാരണ ചികിത്സ തേടി ഡോക്ടറെ സമീപിക്കുമ്പോള്‍ പോലും മരുന്നുകമ്പനികളുടെ മരുന്നുപരീക്ഷണം നടക്കുന്ന നിരവധി സംഭവങ്ങളും ഇന്ത്യയിലുണ്ട്‌. ചില ആശുപത്രികള്‍ക്ക്‌ പണവും ഉപകരണങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരേയും നല്‍കി മരുന്നു പരീക്ഷണത്തിനായി മരുന്നുകമ്പനികള്‍ പ്രേരിപ്പിക്കുന്നു. ഇതോടെ സാധാരണ നിലയില്‍ നടക്കുന്ന പല ആശുപത്രികളും പ്രശസ്തിയുടെ കൊടുമുടി കയറുന്നു. മാനസികനില തെറ്റിയവരിലും മന്ദബുദ്ധികളിലും കുട്ടികളിലും വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളിലും പുരുഷന്മാരിലും ജയില്‍ പുള്ളികളിലും വരെ തകൃതിയായി മരുന്നുപരീക്ഷണം നടക്കുന്നു. മരണം സുനിശ്ചിതമായ രോഗികളിലും പരീക്ഷണം നടത്തുന്നുണ്ടത്രെ!
റിസ്ക്ക്‌ എടുത്താല്‍ കൈനിറയെ നഷ്ടപരിഹാരം ലഭിക്കുമെന്ന അവസ്ഥയുള്ളതിനാല്‍ ധനമോഹത്താല്‍ പലരും മരുന്നു പരീക്ഷണത്തിന്‌ വിധേയരാകുന്നു. പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ ശരിയായ ബോധമില്ലാത്ത മറ്റൊന്നും ചിന്തിയ്ക്കാതെ മരുന്നുപരീക്ഷണത്തിന്‌ നിന്നുകൊടുക്കുന്നവരും ധാരാളമുണ്ട്‌. എയ്ഡ്സ്‌, കാന്‍സര്‍, പ്രമേഹം, പനികള്‍, ഹൃദ്രോഗം, കരള്‍-ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം രോഗികള്‍ അറിയാതെ നിരവധി മരുന്നുപരീക്ഷണങ്ങളാണ്‌ നമ്മുടെ നാട്ടില്‍ നടക്കുന്നതത്രെ! പരീക്ഷണാനന്തരം രോഗികള്‍ക്ക്‌ നഷ്ടപരിഹാരം വാങ്ങി നല്‍കുവാന്‍ തക്ക വിധമുള്ള ഒരു സര്‍ക്കാര്‍ സംവിധാനം രാജ്യത്തില്ല എന്നത്‌ സുപ്രീംകോടതിയെ ഞെട്ടിച്ചു.
2005-2012 കാലഘട്ടത്തില്‍ നടത്തിയ മരുന്നു പരീക്ഷണങ്ങളില്‍ ഇന്ത്യയില്‍ 3458 പേര്‍ മരിക്കുകയും 14320 പേര്‍ക്ക്‌ മാരകമായ പാര്‍ശ്വരോഗങ്ങളും ഉണ്ടായതില്‍ സുപ്രീംകോടതി വളരെ ഗൗരവമായി കണ്ടു. എന്നാല്‍ 89 മാത്രമാണ്‌ മരിച്ചതെന്നും 506 പേര്‍ക്ക്‌ മാത്രമാണ്‌ പാര്‍ശ്വഫലങ്ങള്‍ അനുവദിക്കേണ്ടിവന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതിലെല്ലാം വെറും 85 പേര്‍ക്ക്‌ മാത്രമാണ്‌ എന്തെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കിയത്‌.
സ്വാസ്ഥ്യാ അധികാര്‍ മഞ്ച്‌ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി കേന്ദ്ര ആരോഗ്യവകുപ്പ്‌ കോടതിയില്‍ പറഞ്ഞത്‌ 2005 മുതല്‍ 2012 വരെ ഏതാണ്ട്‌ 57303 മരുന്നുപരീക്ഷണങ്ങള്‍ക്കായി വിദേശ മരുന്നുകമ്പനികള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു എന്നും അതില്‍ 36,022 ക്ലിനിക്കല്‍ ട്രയല്‍സ്‌ നടന്നു കഴിഞ്ഞുവെന്നുമാണ്‌. ഈ കാലഘട്ടത്തില്‍ 80 മരണങ്ങള്‍ മാത്രമാണ്‌ നടന്നതെന്നും സര്‍ക്കാര്‍ പറയുന്നു. അമേരിക്കന്‍ മരുന്നുകമ്പനികള്‍ ഇന്ത്യയില്‍ സെര്‍വിക്കല്‍ കാന്‍സര്‍ രോഗത്തിനുള്ള മരുന്ന്‌ 1,40,000 സ്ത്രീകളില്‍ അവരറിയാതെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. മുംബൈയിലേയും തമിഴ്‌നാട്ടിലെ ഡിണ്ടിക്കലിലെയും ചേരികളിലായിരുന്നു പരീക്ഷണങ്ങള്‍ ഏറെയും നടന്നത്‌. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ വെളിച്ചത്തില്‍ 2012 ല്‍ കേസുകളില്‍ 157 എണ്ണവും റദ്ദ്‌ ചെയ്യുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
ഇന്ത്യയില്‍ നടക്കുന്ന മരുന്നുപരീക്ഷണങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ലഭ്യമല്ലെന്നത്‌ നാടിന്‌ അപമാനമായി അവശേഷിക്കുന്നു. അഴിമതിയില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ പാവപ്പെട്ട നിര്‍ദോഷികളായ രോഗികളെ മരുന്നുപരീക്ഷണത്തിന്‌ വിധേയമാക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നത്‌ കുറ്റകരമായ വീഴ്ചയാണ്‌ ഇക്കാര്യത്തിലേക്ക്‌ സുപ്രീകോടതിയുടെ നിരീക്ഷണങ്ങള്‍ വിരല്‍ചൂണ്ടുന്നത്‌. പാപ്പിലോമാവൈറസ്‌ (എച്ച്പിവി) വാക്സിന്‍ പരീക്ഷണം ഒരു അമേരിക്കന്‍ കമ്പനിക്ക്‌ വേണ്ടി 2009-10 കാലഘട്ടത്തില്‍ നടത്തിയത്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സഹകരണത്തോടെയാണ്‌. ഇതിനായി പത്ത്‌ വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള 20,000 പെണ്‍കുട്ടികളെയാണ്‌ ഉപയോഗിച്ചത്‌. അതില്‍ ഏഴ്‌ പേര്‍ മരിച്ചു. മറ്റുകുട്ടികള്‍ക്ക്‌ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നറിയാനുള്ള യാതൊരു തുടര്‍പരിശോധനയും നടന്നില്ല. മരുന്നുപരീക്ഷണങ്ങളുടെ വിവരശേഖരണം നടത്തുന്ന ബോസ്റ്റണ്‍ ഗവേഷണ സ്ഥാപനം പറയുന്നത്‌ ഇത്തരം പരീക്ഷണങ്ങളില്‍ ഏറ്റവും കൂടിയത്‌ 10,000 പേരില്‍ പരീക്ഷണം നടത്തുമ്പോള്‍ ഒരാള്‍ക്ക്‌ മരണം സംഭവിക്കാം എന്നാണ്‌.
ഇന്ത്യയില്‍ മരുന്ന്‌ പരീക്ഷണ മരണനിരക്ക്‌ വളരെ കൂടുതലാണ്‌. പാപ്പിലോമാ വൈറസ്‌ വാക്സിന്‍ പരീക്ഷണം നടത്തിയത്‌ ദേശീയപ്രതിരോധ കുത്തിവെപ്പെന്ന വ്യാജേനെയായിരുന്നു. മരുന്നുപരീക്ഷണത്തിന്‌ വിധേയമായവരില്‍നിന്നും പരീക്ഷണമാണെന്നത്‌ മറച്ചുവയ്ക്കുകയും ചെയ്തു. 1984 ല്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയില്‍ നടന്ന വാതക ചോര്‍ച്ചയെത്തുടര്‍ന്ന്‌ മരിച്ചത്‌ 20,000 പേരില്‍ അധികമാണ്‌. ലക്ഷക്കണക്കന്‌ ആളുകള്‍ മാറാരോഗങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ ജീവിക്കേണ്ട അവസ്ഥയും ഉണ്ടായി. ഇത്തരം രോഗികളില്‍ അവരുടെ അറിവോ അനുവാദമോ കൂടാതെ പത്തോളം മരുന്നുകളുടെ മരുന്നുപരീക്ഷണങ്ങള്‍ നടന്നു. 2004 ല്‍ മാത്രം 14 പേരാണ്‌ ഇതുമൂലം മരണമടഞ്ഞത്‌. എല്ലാവിധത്തിലുമുള്ള മാനുഷികമൂല്യങ്ങളെയും മറികടന്ന്‌ നടന്ന ഈ മരുന്നു പരീക്ഷണത്തെ ലോകം ഞെട്ടലോടെയാണ്‌ കണ്ടത്‌. അനധികൃത മരുന്നുപരീക്ഷണത്തിന്‌ ഇന്‍ഡോറിലെ 12 ഡോക്ടര്‍മാര്‍ക്ക്‌ 5000 രൂപ വീതം കോടതി പിഴ ചുമത്തിയതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്‌. ഒരു ഡോക്ടര്‍ സൗജന്യമായി ഹാര്‍ട്ട്‌ സംബന്ധമായ രോഗത്തിന്‌ ചികിത്സ വാഗ്ദാനം ചെയ്തപ്പോള്‍ നിര്‍ധനനായ രോഗിക്ക്‌ വലിയ ആശ്വാസമായി. ഡോക്ടര്‍ ഇതിനായി ഒരു ഉപാധിവച്ചു. മരുന്ന്‌ തീരുമ്പോള്‍ മെഡിക്കല്‍ സ്റ്റോറില്‍ പോകാതെ ഡോക്ടറെ സമീപിക്കണമെന്ന്‌. മരുന്ന്‌ പരീക്ഷണം മൂലം രോഗി മറവിരോഗത്തിന്‌ അടിമപ്പെട്ടപ്പോഴാണ്‌ വീട്ടുകാര്‍ ഡോക്ടറുടെ മരുന്നുപരീക്ഷണത്തെക്കുറിച്ച്‌ അറിയുന്നത്‌. നഷ്ടപരിഹാരത്തിനായി കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ്‌ ഇന്ന്‌ ആ കുടുംബം.
മരുന്നു പരീക്ഷണത്തിന്‌ തയ്യാറാകുന്നവര്‍ക്ക്‌ കൃത്യമായ ബോധവല്‍ക്കരണം നടത്തി മാത്രമേ മരുന്ന്‌ പരീക്ഷണം നടത്താവൂ എന്ന നിയമം നിലവിലുള്ളപ്പോഴാണ്‌ ഇതെല്ലാം സംഭവിക്കുന്നത്‌. മരുന്നു കമ്പനികളെയാണ്‌ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പഴിപറയുന്നത്‌. ഡോക്ടര്‍മാര്‍ക്ക്‌ ഇതിലുള്ള ഉത്തരവാദിത്വം മറച്ചുവച്ചുകൊണ്ടാണിത്‌ എന്നുമാത്രം. സുപ്രീംകോടതിയുടെ മുന്നിലെത്തിയ ഹര്‍ജിയില്‍ പറയുന്നത്‌ 3300 ലധികം രോഗികളെ മരുന്നു പരീക്ഷണത്തിനായി അനധികൃതമായി നിയമലംഘനത്തിലൂടെ ഉപയോഗിച്ചുവെന്നാണ്‌. ഇതില്‍ 15 സര്‍ക്കാര്‍ ഡോക്ടര്‍മാരും 40 സ്വകാര്യ പ്രാക്ടീസ്‌ നടത്തുന്ന ഡോക്ടര്‍മാരും 10 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഡോക്ടര്‍മാര്‍ മരുന്നുപരീക്ഷണത്തിനായി കോടിക്കണക്കിന്‌ രൂപ കൈപ്പറ്റിയതായും ഹര്‍ജിയില്‍ ആരോപണമുണ്ട്‌. വയറിന്റെ അസുഖങ്ങള്‍, ചുഴലിരോഗം, തലവേദന തുടങ്ങിയ സാധാരണ അസുഖങ്ങള്‍ക്ക്‌ പോലും രോഗികള്‍ അറിയാതെ മരുന്നുപരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്‌.
ഇത്തരം അനധികൃത പരീക്ഷണങ്ങള്‍ ഡോക്ടര്‍മാരുടെ സഹായം ഇല്ലാതെ നടക്കില്ല. മരുന്നു കമ്പനികളും ഡോക്ടര്‍മാരും ആശുപത്രികളും സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളും അനധികൃത മരുന്നുപരീക്ഷണം നടത്തുന്നതില്‍ ഉത്തരവാദികളാണ്‌. മാനുഷിക പരിഗണന നല്‍കാതെ നടക്കുന്ന ഇത്തരം പരീക്ഷണങ്ങള്‍ മരണത്തിലും മാരകരോഗത്തിലുമാണ്‌ അവസാനിക്കുന്നത്‌. ഇരകള്‍ പാവപ്പെട്ട രോഗികളായതിനാല്‍ ഇത്തരം സംഭവങ്ങള്‍ പുറത്തറിയുവാന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നു എന്നതാണ്‌ സത്യം.
കുറ്റക്കാര്‍ക്കെതിരെ നരഹത്യയ്ക്കാണ്‌ കേസ്സെടുക്കേണ്ടത്‌. ഇക്കാര്യത്തില്‍ പിഴ ശിക്ഷ നല്‍കി വിട്ടയയ്ക്കുന്നത്‌ അനധികൃത മരുന്നു പരീക്ഷണങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുവാന്‍ ഇടവരുത്തും. ഡോക്ടര്‍മാര്‍ തങ്ങളുടെ രോഗികളോട്‌ മനുഷ്യത്വം കാണിക്കണമെന്നെ ഇക്കാര്യത്തില്‍ പറയാനാകൂ.
e-mail: jcheenikkal@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.