പാല്‍വില വര്‍ദ്ധന: പഠിക്കാന്‍ മില്‍മയുടെ അന്വേഷണ കമ്മറ്റി

Sunday 27 April 2014 10:25 pm IST

കോഴിക്കോട്‌: പാല്‍ വില വര്‍ദ്ധനക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി മില്‍മ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കും. മില്‍മയുടെ മൂന്ന്‌ മേഖലാ കമ്മിറ്റി എംഡി മാരുടെ നേതൃത്വത്തിലായിരിക്കും ഈ കമ്മിറ്റി.
ക്ഷീര കര്‍ഷകരുടെ ഉല്‍പ്പാദനച്ചെലവ്‌ വര്‍ദ്ധിച്ചിട്ടുണ്ടോ, പാലിന്റെ വിലവര്‍ദ്ധന അവര്‍ക്ക്‌ സഹായകരമാകുമോ, നിലവിലെ വിപണി സാഹചര്യം, വില വര്‍ദ്ധിപ്പിച്ചാലുണ്ടാകുന്ന അവസ്ഥ തുടങ്ങിയ വിഷയങ്ങളാണ്‌ കമ്മിറ്റി പഠിക്കുക.
ഓരോ എംഡിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി പ്രത്യേകമായി നല്‍കുന്ന പഠന റിപ്പോര്‍ട്ട്‌ ചെയര്‍മാന്മാരുടെ നേതൃത്വത്തില്‍ പരിഗണിക്കും. തുടര്‍ന്ന്‌ പ്രോഗ്രാമിംഗ്‌ കമ്മിറ്റി പാല്‍വില വര്‍ദ്ധിപ്പിക്കണമോ എന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. പഠന റിപ്പോര്‍ട്ട്‌ എത്രയും പെട്ടെന്ന്‌ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന പ്രോഗ്രാമിംഗ്‌ കമ്മിറ്റി യോഗത്തിലാണ്‌ അന്വേഷണ കമ്മിറ്റി രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ ധരണയിലെത്തിയത്‌.
പാല്‍വില വര്‍ദ്ധനയടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഉന്നതതല കമ്മിറ്റിയാണിത്‌. മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂണിയനുകളിലെ ചെയര്‍മാന്‍, എംഡി, മില്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ ചെയര്‍മാന്‍ എന്നിവരാണ്‌ ഈ യോഗത്തില്‍ പങ്കെടുത്തത്‌.
പാലിന്‌ വില വര്‍ദ്ധിപ്പിക്കണമെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ ഏകാഭിപ്രായമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോഗിക്കാന്‍ ധാരണയായത്‌. പ്രോഗ്രാമിംഗ്‌ കമ്മിറ്റിക്ക്‌ ശേഷം അതത്‌ മേഖലാ യൂണിയന്‍ യോഗവും ചേര്‍ന്നു.
എം.കെ. രമേഷ്‌കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.