സാമൂഹ്യരംഗത്ത്‌ നമ്പൂതിരി സമൂഹത്തിന്റെ സംഭാവനകള്‍ മഹത്തരം: മന്ത്രി തിരുവഞ്ചൂര്‍

Saturday 17 September 2011 10:48 pm IST

കാലടി: സാമൂഹിക പ്രതിബദ്ധതയോടെ ക്രിയാത്മകമായി പ്രതികരിക്കുവാന്‍ നമ്പൂതിരി സമൂഹത്തിന്‌ എക്കാലത്തുമായിട്ടുണ്ടെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക്‌ നഷ്ടപരിഹാരമായുള്ള ജന്മിക്കരം ഇപ്പോള്‍ നല്‍കുന്നില്ല. 2006 ലെ കണക്കനുസരിച്ച്‌ 5 കോടി രൂപ കുടിശികയുണ്ട്‌. ഇവ എത്രയും വേഗം കൊടുക്കും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നും രാജാവ്‌ സ്വര്‍ണം മോഷ്ടിക്കുകയാണെന്ന പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്താവന ചരിത്രം അറിയാതെയാണ്‌. 1947 ല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചപ്പോഴത്തെ രാജാവിനും ഇന്നത്തെ രാജാവിനുമെല്ലാം നിലവറയിലെ സ്വത്തിനെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ സത്യസന്ധരായ ഇവരാരും തന്നെ ഒരു പോള സ്വര്‍ണം പോലും എടുത്തില്ല. മഹാന്മാര്‍ എവിടെയായാലും അവരെ കണ്ടറിയുന്നതിന്‌ നാം ശ്രമിക്കണം. അച്യുതാനന്ദന്റേത്‌ കപടമുഖമാണെന്നും മന്ത്രി പറഞ്ഞു. ആദിശങ്കരന്‌ ആധുനിക കാലഘട്ടത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. ആ വിടവ്‌ സര്‍ക്കാര്‍ നികത്തും. ആദിശങ്കരന്റെ നാമം നിലനിര്‍ത്തുന്ന തരത്തില്‍ തിരുവനന്തപുരത്ത്‌ സംവിധാനമുണ്ടാക്കണമെന്ന യോഗക്ഷേമസഭയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ അധ്യക്ഷത വഹിച്ചു. കക്കാട്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌, കെ.പി. ധനപാലന്‍ എംപി, ജോസ്‌ തെറ്റയില്‍ എംഎല്‍എ, പി.വി. ശിവദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു സംബന്ധിച്ചു. വനിതാസമ്മേളനം, യുവജനസമ്മേളനം, കൗണ്‍സില്‍ യോഗങ്ങള്‍, ആചാര്യസദസ്സ്‌ എന്നിവ നടന്നു. ഇന്ന്‌ രാവിലെ 10 ന്‌ ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സെമിനാര്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. പി.എന്‍.വാസുദേവന്‍ നമ്പൂതിരിപ്പാട്‌ അധ്യക്ഷത വഹിക്കും. ഡോ.വിഷ്ണുപോറ്റി, പ്രൊഫ. എ. സുബ്രഹ്മണ്യയ്യര്‍, ഡോ.ഇ.കെ.ഈശ്വരന്‍, ടി.ആര്‍.വി. നമ്പൂതിരിപ്പാട്‌ എന്നിവര്‍ പ്രസംഗിക്കും. ഉച്ചക്ക്‌ 12ന്‌ സാംസ്കാരികസമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ അധ്യക്ഷത വഹിക്കും. വൈകിട്ട്‌ 3ന്‌ ഘോഷയാത്ര. ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍നിന്നാരംഭിച്ച്‌ ടൗണ്‍ ചുറ്റി ശ്രീരാമകൃഷ്ണാശ്രമം വഴി നാസ്‌ ഓഡിറ്റോറിയത്തില്‍ സമാപിക്കും. വൈകിട്ട്‌ 4ന്‌ സമാപനസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജോസ്‌ കെ.മാണി എംപി, വി.എന്‍.വാസവന്‍, കാപ്പിള്ളിശ്രീകുമാര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.