പെട്രോള്‍: കേരള സര്‍ക്കാര്‍ അധികനികുതി ഈടാക്കില്ല

Saturday 17 September 2011 10:59 pm IST

തിരുവനന്തപുരം: പെട്രോള്‍ വില കൂട്ടിയതിനെ തുടര്‍ന്ന്‌ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വില്‍പന നികുതി ഇളവുചെയ്ത്‌ സര്‍ക്കാര്‍ ഉത്തരവായി. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇതുപ്രാബല്യത്തിലായി. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്‌ 70 പൈസ വില കുറയും. ഒരു ലിറ്റര്‍ പെട്രോളിന്‌ 69.26 രൂപയായിരുന്നത്‌ 68.56 രൂപയായാണ്‌ കുറഞ്ഞത്‌. ഇതുമൂലം ഉപയോക്താക്കള്‍ക്ക്‌ ഒരു വര്‍ഷം 108 കോടിയുടെ നേട്ടം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പെട്രോളിന്‌ 25.42% ആണ്‌ പുതിയ വിലപ്ന നികുതി നിരക്ക്‌. ഇത്‌ ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതു മൂന്നാം തവണയാണ്‌ അധിക നികുതി ഒഴിവാക്കിയത്‌. 2011 മേയ്‌ 19ന്‌ പെട്രോളിന്റെ വില അഞ്ചു രൂപ കൂട്ടിയപ്പോള്‍ സര്‍ക്കാര്‍ അധിക നികുതി ഉപേക്ഷിച്ചു. അന്ന്‌ പെട്രോളിന്‌ 1.22 രൂപ കുറഞ്ഞു. ജനങ്ങള്‍ക്ക്‌ ഒരു വര്‍ഷം 132 കോടി രൂപയുടെ നേട്ടം കണക്കാക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു അത്‌.
2011 ജൂണ്‍ 24ന്‌ ഡീസല്‍ വില മൂന്നു രൂപ കൂട്ടിയപ്പോള്‍ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വില്‍പന നികുതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇതോടെ ഡീസല്‍ വില ലിറ്ററിന്‌ 75 പൈസ കുറഞ്ഞു. ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ പല തവണ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന ഉണ്ടായെങ്കിലും ഒരു തവണ മാത്രമാണ്‌ വില്‍പന നികുതി കുറച്ചത്‌.
സ്വന്തം ലേഖകന്‍