എസ്‌എംഎസ്‌ വിവാദം: മന്ത്രി ജോസഫിന്‌ സമന്‍സ്‌

Saturday 17 September 2011 11:01 pm IST

തൊടുപുഴ : വിവാദമായ എസ്‌ എം എസ്‌ കേസില്‍ മന്ത്രി പി.ജെ. ജോസഫിന്‌ സമന്‍സ്‌ അയക്കാന്‍ തൊടുപുഴ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 22 ന്‌ പി.ജെ. ജോസഫ്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്നും പരാതി ഫയലില്‍ സ്വീകരിച്ച്‌ മജിസ്ട്രേട്ട്‌ സി.ആര്‍. രവിചന്ദ്‌ ഉത്തരവായി. ബൈസണ്‍വാലി സ്വദേശിയായ സുരഭിയെന്ന യുവതി നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ച കോടതി പരാതിക്കാരിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി ഫയലില്‍ സ്വീകരിച്ച്‌ കേസെടുക്കാന്‍ ഉത്തരവിട്ടത്‌. ഒന്നാം സാക്ഷി പരാതിക്കാരിയുടെ ഭര്‍ത്താവായ ജെയ്മോനും രണ്ടാം സാക്ഷി ബിഎസ്‌എന്‍എല്‍ തൊടുപുഴ സോണല്‍ മാനേജരും മൂന്നാം സാക്ഷി പീരുമേട്‌ എംഎല്‍എ ഇ എസ്‌ ബിജിമോളുമായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്‌ സമയത്താണ്‌ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്‌. പരാതിക്കാരിയുടെ ഭര്‍ത്താവ്‌ അഭിമുഖത്തിന്‌ അനുമതി ചോദിച്ച്‌ പി.ജെ. ജോസഫിന്റെ ഫോണിലേക്ക്‌ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ പി.ജെ. ജോസഫ്‌ തിരിച്ചുവിളിക്കുകയും ചെയ്തു. ഇത്‌ ഭാര്യയുടെ ഫോണാണെന്നും ഇതിലേക്ക്‌ ഇനി വിളിക്കരുതെന്നും പി.ജെ. ജോസഫിനെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പി ജെ ജോസഫ്‌ ഈ ഫോണിലേക്ക്‌ വിളിച്ച്‌ അശ്ലീല ചുവയോടെ സംസാരിക്കുകയും ബ്ലാങ്ക്‌ മെസേജുകള്‍ അയയ്ക്കുകയുമായിരുന്നുവെന്നാണ്‌ സുരഭിയുടെ പരാതിയില്‍ പറയുന്നത്‌. പോലീസില്‍ പരാതി നല്‍കിയിട്ട്‌ നീതി ലഭിക്കാത്തതുകൊണ്ടാണ്‌ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതെന്നും പരാതിക്കാരിയും ഭര്‍ത്താവും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ മെയിലാണ്‌ യുവതി അഡ്വ. സനല്‍ പി. രാജ്‌ മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്‌.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്‌ 511 പ്രകാരവും ഐ ടി വകുപ്പിലെ ആറ്‌ അനുസരിച്ച്‌ സൈബര്‍ കുറ്റകൃത്യം എന്ന നിലയിലുമാണ്‌ കേസെടുത്തിരിക്കുന്നത്‌. സുരഭി ദാസ്‌ സമര്‍പ്പിച്ച സ്വകാര്യ അന്യായം ഹര്‍ജിയായി പരിഗണിച്ച്‌ കോടതി സ്വന്തം നിലയ്ക്ക്‌ അന്വേഷണം നടത്തുകയായിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴി കേട്ട ശേഷമാണ്‌ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന്‌ കണ്ട്‌ സമന്‍സ്‌ അയക്കാന്‍ ഉത്തരവായത്‌. അടുത്ത വ്യാഴാഴ്ച ഈ കേസ്‌ വീണ്ടും പരിഗണിക്കും. പരാതിക്കാരിയായ സുരഭി ദാസിന്റെ ഭര്‍ത്താവായ ജെയ്മോന്‍ കേസിന്റെ മൊഴിരേഖപ്പെടുത്തുന്ന വേളയില്‍ ഇടയ്ക്ക്‌ പി.ജെ. ജോസഫിന്‌ അനുകൂലമായി മൊഴിമാറ്റിയിരുന്നു. പി.സി. ജോര്‍ജും ്ര‍െകെം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്നാണ്‌ ജെയ്മോന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌.
ഇതിനിടെ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ ജെയ്മോന്‍ വീണ്ടും മൊഴിമാറ്റി. മന്ത്രി പി.ജെ. ജോസഫുമായി ബന്ധപ്പെട്ട എസ്‌എംഎസ്‌ വിവാദത്തില്‍ കേരള കോണ്‍ഗ്രസ്സുകാരില്‍നിന്ന്‌ വധഭീഷണിയുണ്ടെന്ന്‌ കേസില്‍ അഞ്ചാം സാക്ഷിയുമായ പത്തനംതിട്ട ചിറ്റാര്‍ പള്ളിനടയില്‍ ജെയ്മോന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന്‌ ജെയ്മോന്റെ രഹസ്യമൊഴി മജിസ്ട്രേറ്റ്‌ സി.ആര്‍.രവിചന്ദ്‌ രേഖപ്പെടുത്തി. ജെയ്മോന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ്‌ കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്‌.
തനിക്കെതിരായ എസ്‌ എം എസ്‌ കേസിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസ്‌ നിയമപരമായി നേരിടുമെന്നും മന്ത്രി പി ജെ ജോസഫ്‌ പറഞ്ഞു. കേസില്‍ സമന്‍സ്‌ അയക്കാനുള്ള കോടതി ഉത്തരവിനോട്‌ തൊടുപുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരുടെ ഭാഗം മാത്രം കേട്ടാണ്‌ സമന്‍സ്‌ അയച്ചിരിക്കുന്നത്‌. കോടതിയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കും. അക്കാര്യത്തില്‍ സന്തോഷമുണ്ട്‌. കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത്‌ മുതല്‍ ഈ കേസ്‌ ഉയര്‍ന്നുവന്നിരുന്നു. മന്ത്രിയാകുന്നതിന്‌ തൊട്ടു മുമ്പും ഉയര്‍ന്നു. അതാണ്‌ ഗൂഢാലോചനയുണ്ടെന്ന്‌ പറയാന്‍ കാരണം. രാജി സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും കെ എം മാണി എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജോസഫ്‌ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.