മിത്രനികേതന്‍ കെ. വിശ്വനാഥന്‍ അന്തരിച്ചു

Monday 28 April 2014 9:47 pm IST

വെള്ളനാട്‌ (തിരുവനന്തപുരം): ഗാന്ധിയനും ഗ്രാമീണതയുടെ പ്രചാരകനുമായിരുന്ന പത്മശ്രീ മിത്രനികേതന്‍ കെ.വിശ്വനാഥന്‍ (86) അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശ്വനാഥന്‍ ഇന്നലെ പുലര്‍ച്ചെ 3 മണിക്കാണ്‌ അന്തരിച്ചത്‌. 1928ല്‍ വെള്ളനാട്‌ കമ്പനിമുക്കില്‍ കൃഷ്ണപ്പണിക്കരുടെയും കാര്‍ത്ത്യായനിയുടെയും നാലു മക്കളില്‍ മൂത്തയാളാണ്‌. 1956ല്‍ വിശ്വഭാരതി, ശാന്തിനികേതന്‍ യൂണിവേഴ്സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മിത്രനികേതന്‍ സ്ഥാപിച്ചു. വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച വിശ്വനാഥന്‍ വെള്ളനാടെന്ന കൊച്ചു ഗ്രാമത്തെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തി. നാട്ടുകാര്‍ സ്നേഹത്തോടെ 'വല്യണ്ണന്‍' എന്നു വിളിക്കുന്ന മിത്രനികേതന്‍ ഡയറക്ടര്‍ കെ. വിശ്വനാഥനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
മിത്രനികേതന്‌ കീഴില്‍ കൃഷിവിജ്ഞാന കേന്ദ്രം, ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്റ്റഡി സെന്റര്‍, പീപ്പിള്‍സ്‌ കോളേജ്‌ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ച്‌ സാമൂഹ്യ വിപ്ലവത്തിന്‌ അദ്ദേഹം തുടക്കം കുറിച്ചു. കെ.പി.ഗോയങ്ക അവാര്‍ഡ്‌, ജമന്‍ലാല്‍ ബജാജ്‌ അവാര്‍ഡ്‌, രതീന്ദ്ര പുരസ്കാരം, സഹോദര സേവാ രത്നപുരസ്കാരം, ചെല്ലയ്യന്‍ നാടാര്‍ പുരസ്കാരം, മാര്‍ഗ്രിഗോറിയസ്‌ അവാര്‍ഡ്‌, റെഡ്ക്രോസ്‌ പുരസ്കാരം, സേവനരത്ന പുരസ്കാരം, കൃഷി വിജ്ഞാന പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സേതു വിശ്വനാഥനാണ്‌ അദ്ദേഹത്തിന്റെ ഭാര്യ. ആശ വിശ്വനാഥന്‍, ബീന വിശ്വനാഥന്‍, ചിത്ര വിശ്വനാഥന്‍ എന്നിവര്‍ മക്കളും ഡോ. രഘുരാമദാസ്‌, ജസ്റ്റിസ്‌ രാംബാബു എന്നിവര്‍ മരുമക്കളുമാണ്‌. സഹോദരപുത്രന്‍ അശോക്‌ കുമാറാണ്‌ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.