നാടുണര്‍ത്തി മോഡി

Saturday 17 September 2011 11:02 pm IST

അഹമ്മദാബാദ്‌: ഗുജറാത്തില്‍ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നുദിവസത്തെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. 62-ാ‍ം ജന്മദിനമായ ഇന്നലെ അമ്മയുടെ അനുഗ്രഹം വാങ്ങിയാണ്‌ മോഡി ഉപവാസം ആരംഭിച്ചത്‌. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്‌ തുടങ്ങി നാനാജാതി മതസ്ഥര്‍ തിങ്ങിനിറഞ്ഞ ഗുജറാത്ത്‌ സര്‍വ്വകലാശാലാ കണ്‍വെന്‍ഷന്‍ സെന്ററിലെ വേദിയില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ സ്വന്തം നാടിനുവേണ്ടിയുള്ള ത്യാഗത്തിന്‌ അദ്ദേഹം തുടക്കമിട്ടത്‌. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, രാജ്നാഥ്സിങ്ങ്‌, അരുണ്‍ ജെറ്റ്ലി, രവിശങ്കര്‍ പ്രസാദ്‌, മുക്താര്‍ അബ്ബാസ്‌ നഖ്‌വി, രാജീവ്‌ പ്രതാപ്‌ റൂഡി, പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിങ്ങ്‌ ബാദല്‍, എഐഎഡിഎംകെ നേതാക്കളായ എം. തമ്പിദുരൈ, വി. മൈത്രേയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സദുദ്ദേശ്യത്തോടെ മോഡി നടത്തുന്ന സത്യഗ്രഹത്തിന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഭരണത്തിന്റെയും വികസനത്തിന്റെയും കാര്യം വരുമ്പോള്‍ ഇന്ത്യ മുഴുവന്‍ മോഡിയെയാണ്‌ നോക്കുന്നതെന്ന്‌ ബാദല്‍ പറഞ്ഞു.
അഴിമതിക്കും ഭീകരതക്കുമെതിരെ മോഡി സ്വീകരിച്ചിരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം മുഴുവന്‍ രാജ്യവും കൈക്കൊണ്ടാല്‍ ആഗോളതലത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തും. ഗുജറാത്തിനെപ്പോലെ 11 ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ മറ്റൊരു സംസ്ഥാനത്തിനും കഴിയില്ലെന്നും അദ്വാനി പറഞ്ഞു.
രാജ്യസേവനം മുന്‍നിര്‍ത്തി മുന്നോട്ടുള്ള കുതിപ്പ്‌ മാത്രമാണ്‌ ഗുജറാത്ത്‌ ആഗ്രഹിക്കുന്നതെന്ന്‌ നരേന്ദ്രമോഡി വ്യക്തമാക്കി. ആര്‍ക്കും എതിരെയല്ല തന്റെ സത്യഗ്രഹം. ആരെയും കുറിച്ച്‌ സംസാരിക്കാനും ആഗ്രഹിക്കുന്നില്ല. നമുക്ക്‌ ഒന്നിച്ച്‌ നീങ്ങണം. സൗഹൃദങ്ങളാണ്‌ നമ്മുടെ കരുത്ത്‌. വികസനം ഒരു ലക്ഷ്യം മാത്രമാണ്‌. സമാധാനവും സൗഹൃദവും സാഹോദര്യവും കൊണ്ട്‌ എങ്ങിനെ വികസനം സാധ്യമാക്കാമെന്ന്‌ മാതൃകാപരമായി ലോകത്തെ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഗുജറാത്തിലെ ജനങ്ങള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്‌. വാക്കുകള്‍ക്കുപരിയായി പ്രവര്‍ത്തനത്തിലാണ്‌ തന്റെ വിശ്വാസം. കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ സത്യഗ്രഹം മികച്ച മാര്‍ഗമായി കരുതുന്നു. സത്യഗ്രഹത്തിനുള്ള തന്റെ ഏകലക്ഷ്യം ഇതുമാത്രമാണെന്നും ആര്‍ക്കെതിരെയും തനിക്ക്‌ ഒരു വിരോധവുമില്ലെന്നും നരേന്ദ്രമോഡി പറഞ്ഞു. ആര്‍ക്കെതിരെയും വിരോധമോ പകയോ ഉണ്ടാകാതിരിക്കാന്‍ ദൈവം തനിക്ക്‌ കരുത്തുതരട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
"കാര്‍ഷിക, വ്യാവസായിക, ഗ്രാമീണ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെല്ലാം ഗുജറാത്തിലെ വികസനമാണ്‌ രാജ്യവും ലോകവും ചര്‍ച്ച ചെയ്യുന്നത്‌. 2001ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്ത്‌ ഒരിക്കലും ഉയര്‍ന്നുവരില്ലെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റി". "തങ്ങള്‍ക്ക്‌ നേരെ എറിയപ്പെട്ട കല്ലുകളെല്ലാം ഗോവണിപ്പടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച"തായി പറഞ്ഞ മോഡി ഗുജറാത്തിനെയും അതിന്റെ ദുഃഖത്തെയും മനസ്സിലാക്കാന്‍ ആരും തയ്യാറായില്ലെന്ന്‌ ചൂണ്ടിക്കാട്ടി. "ജനാധിപത്യവും ഭരണഘടനയും നീതിയുമാണ്‌ ഗുജറാത്തിന്റെ പാത."
2008ലെ അഹമ്മദാബാദ്‌ സ്ഫോടനപരമ്പരക്കുശേഷം പോലും സംസ്ഥാനത്ത്‌ കലാപമോ മറ്റ്‌ അനിഷ്ടസംഭവങ്ങളോ ഉണ്ടായില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പോലും നിലനിന്ന സമാധാനവും ഐക്യവും ആരും അംഗീകരിച്ചില്ല. സ്വാതന്ത്ര്യാനന്തരം മതേതരത്വത്തിന്റെ പേരില്‍ വോട്ടുബാങ്ക്‌ രാഷ്ട്രീയം ഉണ്ടായിട്ടുണ്ട്‌. വര്‍ഗ്ഗീയതയും മതചിന്തയും ആറുപതിറ്റാണ്ടിലേറെ നീളുന്ന പാരമ്പര്യമായി മാറിയിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ സമാധാനം, ഐക്യം, സാഹോദര്യം എന്നിവയുടെ ഗുജറാത്ത്‌ മാതൃക ലോകത്തിന്‌ കാട്ടിക്കൊടുക്കാന്‍ തങ്ങള്‍ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.