വസ്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക്‌ പരിക്ക്‌

Monday 28 April 2014 10:01 pm IST

മൂവാറ്റുപുഴ: വസ്തു ഇടപാടിലെ സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ വിരട്ടിയോടിച്ച്‌ ഒരു സംഘം വീട്‌ കയ്യടക്കി. സംഭവത്തില്‍ പരിക്കേറ്റ വീട്ടമ്മ അടക്കം നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പായിപ്ര എസ്റ്റേറ്റുപടി കല്ലുവെട്ടിക്കുഴിയില്‍ കെ.എം. മീരാനും കുടുംബവുമാണ്‌ പെരുവഴിയിലായത്‌. ഇന്നലെ രാവിലെ 11 മണിയോടെ ഇരുപതംഗ സംഘമാണ്‌ അതിക്രമം കാട്ടിയത്‌. ഇവരുടെ തന്നെ വീടിനു സമീപത്തുള്ള അച്ചാല്‍ കമ്പനിയും സംഘം അടച്ചുപൂട്ടി.
ഇവിടെ ജോലി ചെയ്തുവന്ന സ്ത്രീകളെ ആദ്യം വിരട്ടിയോടിച്ചു. പിന്നീട്‌ മീരാന്റെ ഭാര്യ റംസി, മക്കളായ മാഹിന്‍, ഫാത്തിമ, നസ്രത്ത്‌ എന്നിവരെ ബലം പ്രയോഗിച്ച്‌ പുറത്താക്കി. കമ്പനി പൂട്ടി താക്കേല്‍ സംഘം കൈക്കലാക്കി. ഭയന്ന്‌ വിറച്ച കുടുംബാംഗങ്ങള്‍ വീട്ടിലെത്തിയെങ്കിലും കയറാന്‍ അനുവദിച്ചില്ല. സംഘടിച്ച്‌ എത്തിയവര്‍ പതിനേഴുകാരി മകളെയും ഭാര്യയേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ചതായും മീരാന്‍ പറയുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അനിഷ്ടസംഭവങ്ങള്‍ അയല്‍വാസികള്‍ പോലീസിനെ അറിയിച്ചെങ്കിലും ചെറുവിരല്‍ അനക്കാന്‍ ഇവര്‍ തയ്യാറായില്ല. വീടിന്‌ സമീപം സംഘം തമ്പടിച്ചതോടെ ഇവര്‍ക്ക്‌ വീട്ടിലേക്ക്‌ പോകാനും കഴിയാത്ത സ്ഥിതിയാണ്‌. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ഒരു കുടുംബത്തെ വീട്ടില്‍ നിന്ന്‌ ഇറക്കി വിട്ടിട്ടും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നതിന്‌ പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ്‌ ആക്ഷേപം ഉയരുന്നത്‌.
2013 മാര്‍ച്ചില്‍ നടത്തിയ വസ്തു ഇടപാടുമായി ബന്ധപ്പെട്ടതാണ്‌ വിഷയം. മീരാന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടം എഴുപത്‌ ലക്ഷം രൂപയ്ക്ക്‌ കച്ചവടം ഉറപ്പിച്ചു. സ്ഥലം വാങ്ങാന്‍ എത്തിയ ആള്‍ ഗഡുക്കളായി ഇരുപത്തിനാല്‌ ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി. ആറ്‌ മാസത്തിനകം ബാക്കി തുക നല്‍കി സ്ഥലം എഴുതിവാങ്ങാമെന്നായിരുന്നു കരാര്‍. അഡ്വാന്‍സ്‌ ലഭിച്ച പണം ഉപയോഗിച്ച്‌ മീരാന്റെ മകളുടെ വിവാഹം നടത്തുകയും ബാധ്യതകള്‍ ഒഴിവാക്കുകയും ചെയ്തു.
എന്നാല്‍ ആറ്‌ മാസം കഴിഞ്ഞിട്ടും ബാക്കി തുക നല്‍കി സ്ഥലം എഴുതി വാങ്ങാന്‍ അഡ്വാന്‍സ്‌ നല്‍കിയ ആള്‍ തയ്യാറായില്ലെന്ന്‌ മീരാന്‍ പറയുന്നു. കരാര്‍ കാലാവധി കഴിയുന്നതോടെ അഡ്വാന്‍സ്‌ നല്‍കിയ തുക ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കയ്യില്‍ മടക്കിക്കൊടുക്കാന്‍ പണം ഇല്ലായിരുന്നുവെന്നും കരാര്‍ ഉറപ്പിച്ച സ്ഥലം മറ്റാര്‍ക്കെങ്കിലും വില്‍ക്കുന്ന മുറയ്ക്ക്‌ അഡ്വാന്‍സ്‌ തുക തിരിച്ച്‌ നല്‍കണമെന്നും സമ്മതിച്ചിരുന്നതായി മീരാന്‍ പറഞ്ഞു. ഇതിന്റെ ഉറപ്പിലേക്കായി ചെക്കും മറ്റ്‌ രേഖകളും നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഇയാള്‍ ഒരു സംഘത്തെ വീട്ടിലേക്ക്‌ അയയ്ക്കുകയായിരുന്നുവെന്ന്‌ ഉടമ പറയുന്നു. തന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അക്രമം നടത്തിയവരുമായി തനിക്ക്‌ യാതൊരു ഇടപാടുകളും ഇല്ലെന്നും ഇതിന്‌ പിന്നില്‍ മാഫിയ സംഘമാണെന്നും മീരാന്‍ കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.