പെരുമ്പടപ്പ്‌ ഗുണ്ടാആക്രമണം: പ്രതിയോഗികളെ അമര്‍ച്ചചെയ്യാന്‍ ക്വട്ടേഷന്‍ സംഘം രംഗത്ത്‌

Saturday 17 September 2011 11:05 pm IST

പള്ളുരുത്തി: പെരുമ്പടപ്പ്‌ ഗുണ്ടാആക്രമണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയോഗികളെ അമര്‍ച്ചചെയ്യാന്‍ ഇരുസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയതായി സൂചന. വര്‍ഷങ്ങളായിത്തുടരുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന്‌ നിരവധിയുവാക്കളാണ്‌ മാരകമായ ആക്രമണങ്ങള്‍ക്ക്‌ വിധേയരായിട്ടുള്ളത്‌. ഒന്നായിരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ നിസാരകാര്യത്തെതുടര്‍ന്ന്‌ തെറ്റിപ്പിരിഞ്ഞതാണ്‌ പ്രദേശത്തെ നിലവിലുള്ള അരക്ഷിതാവസ്ഥയ്ക്കു കാരണം. കഴിഞ്ഞ 10ന്‌ ഗുണ്ടാ സംഘത്തില്‍പെട്ട സ്റ്റാലിനെ എതിര്‍വിഭാഗം ആക്രമിച്ചിരുന്നു. ഇതിനു പ്രതികാരം ചെയ്യാന്‍ ജില്ലയ്ക്ക്‌ പുറമെനിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടുചെയ്തിരിക്കുകയാണെന്നാണ്‌ രഹസ്യാന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിരിക്കുന്നത്‌. ആളെ അപായപ്പെടുത്താന്‍ വരെ സംഘത്തിന്‌ പദ്ധതിയുണ്ടെന്നാണ്‌ വിവരം. രഹസ്യാന്വേഷണസംഘം പോലീസ്‌ മേധാവികള്‍ക്ക്‌ വിവരം കൈമാറിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ്‌ അറിയുന്നത്‌.
ഗുണ്ടാസംഘങ്ങളെ സഹായിക്കുന്ന സ്ഥലത്തെ പണമിടപാട്കാരാണ്‌ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതെന്നാണ്‌ സൂചന. പെരുമ്പടപ്പില്‍ നിരന്തരമായുള്ള ആക്രമണങ്ങളെത്തുടര്‍ന്ന്‌ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്‌. അസമയങ്ങളില്‍ പുറത്തിറങ്ങിയാല്‍ ആളുമാറി അക്രമം നടക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്‌. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക്‌ പരാതിയുണ്ട്‌. കഴിഞ്ഞ ഏതാനുമാസങ്ങള്‍ക്കിടയില്‍ നടന്ന കേസുകളിലെ പ്രതികളെ പോലീസ്‌ പടികൂടിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പെരുമ്പടപ്പില്‍ പോലീസ്‌ പെട്രോളിങ്ങ്‌ ഊര്‍ജ്ജിതമാക്കണമെന്നും അക്രമണം തടയാന്‍ നടപടികള്‍ ശക്തമാക്കണമെന്നും പ്രദേശത്തുകാര്‍ ആവശ്യപ്പെട്ടു.