മരടിലെ നക്ഷത്രഹോട്ടല്‍ നിയമം ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം

Saturday 17 September 2011 11:05 pm IST

മരട്‌: മരട്‌ നഗരസഭയിലെ ദേശീയപാതയോരത്ത്‌ നിര്‍മാണം പൂര്‍ത്തിയായിവരുന്ന നക്ഷത്രഹോട്ടല്‍ തീരദേശപരിപാലനിയമം ലംഘിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കായലോരത്ത്‌ 210 കോടി രൂപ മുതല്‍ മുടക്കില്‍ കെജിഎ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ എന്ന സ്ഥാപനമാണ്‌ അധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഹോട്ടല്‍ കോമ്പ്ല്ക്സ്‌ നിര്‍മിച്ചുവരുന്നത്‌. ഹോട്ടലിന്റെ നിര്‍മാണം നടന്നു വരുന്ന സ്ഥലത്തിനോടു ചേര്‍ന്നുകിടക്കുന്ന ദേശീയ പാതക്കുവേണ്ടി സംസ്ഥാന പൊതു മരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തിരുന്ന ഭൂമിയും, ചിലവന്നൂര്‍ പുഴയുടെ ഒരു ഭാഗവും ഹോട്ടല്‍ ഉടമകള്‍ അനധികൃതമായി കൈയ്യേറി എന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരുന്നത്‌.
കെജിഎ ഗ്രൂപ്പിന്റെ ക്രൗണ്‍പ്ലാസ എന്ന ഹോട്ടലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിന്റെ തീരദേശ പരിപാലന നിയമവും, സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനാല്‍ കേരളാ മുന്‍സിപ്പല്‍ ബില്‍ഡിംഗ്‌ റൂളും ലംഘക്കപ്പെട്ടതായി മുന്‍ മരട്‌ പഞ്ചായത്തും ഇപ്പോഴത്തെ നഗരസഭാ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്‌. വിവാദമായ രാജകുമാരി ഭൂമി ഇടപാട്‌ വിഷയത്തില്‍ കേരളാകോണ്‍ഗ്രസ്‌ നേതാവ്‌ ടി.യു.കുരുവിളക്ക്‌ മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടാന്‍ ഇടവരുത്തിയ സംഭവത്തോടെ അറിയപ്പെടാന്‍ തുടങ്ങിയ കെ.ജി.എബ്രഹാം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്‌ ഹോട്ടല്‍ ക്രൗണ്‍പ്ലാസ ഹോട്ടല്‍ നിര്‍മാണത്തിനായി പഞ്ചായത്തില്‍ രേഖകളും മറ്റും സര്‍മര്‍പ്പിച്ച ഘട്ടത്തില്‍ തന്നെ കയ്യേറ്റം നടന്നതായി തഹസില്‍ദാര്‍ക്ക്‌ പരാതി ലഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം കാര്യമായ അന്വേഷണം നടന്നില്ല.
ഇതിനിടെ തീരദേശപരിപാലന നിയമം ലംഘിച്ചതായി ചിലര്‍ ഹോട്ടലിനെതിരെ പരാതിനല്‍കിയിരുന്നു. ഇതേകാരണം കണ്ടെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്ഥാപനത്തിന്‌ സ്റ്റോപ്പ്‌ മെമ്മോയും നഗരസഭ നല്‍കിയിരുന്നു. ഇതിനെതിരെ കോടതി ഉത്തരവ്‌ സമ്പാദിച്ചുകൊണ്ടാണ്‌ ഉടമ പിന്നീട്‌ നിര്‍മാണ പ്രവര്‍ത്തനം തുടര്‍ന്നത്‌. നക്ഷത്രഹോട്ടല്‍ നിര്‍മാണവുമായി സിആര്‍ഇസെഡ്‌ ലംഘിച്ചതായി കേരളാ തീരദേശപരിപാലന അതോറിറ്റിയുടെ വിദഗ്ധ സംഘം കണ്ടെത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതായും, ഇതിന്റെ പകര്‍പ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ കോടതിക്ക്‌ കൈമാറിയിട്ടുണ്ടെന്നുമാണ്‌ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നലെ സ്ഥരീകരിച്ചിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.