അദ്വാനിയുടെ മണ്ഡലത്തില്‍ വോട്ട് ചെയ്യാനായത് അനുഗ്രഹമായി : മോദി

Wednesday 30 April 2014 2:53 pm IST

ഗാന്ധിനഗര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഗാന്ധിനഗറില്‍ വോട്ട് രേഖപ്പെടുത്തി. അമ്മയും മകനും ചേര്‍ന്നുള്ള സര്‍ക്കാരിനെ പുറത്താക്കണമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന കാര്യം സുനിശ്ചിതമാണെന്നും ആര്‍ക്കും സംശയം വേണ്ടെന്നും മോദി പറഞ്ഞു. മേയ് പതിനാറിന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്വാനിയുടെ മണ്ഡലത്തില്‍ വോട്ട് ചെയ്യാനായത് അനുഗ്രഹമായി കാണുന്നുവെന്നും നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കുറി തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ശക്തി പകരും. പ്രതീക്ഷയുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് അമ്മയും മകനും നയിക്കുന്ന സര്‍ക്കാരിന്റെ അന്ത്യം കുറിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചെന്നും മോദി പറഞ്ഞു. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ദല്‍ഹിയിലെ നിര്‍ഭയയെയും രാജ്യത്തെ കോടിക്കണക്കിനു തൊഴില്‍രഹിതരായ യുവാക്കളെയും ആത്മഹത്യചെയ്ത നിരവധി കര്‍ഷകരെയും പാക്കിസ്ഥാന്‍ സൈനികര്‍ തലയറുത്ത ഇന്ത്യന്‍ സൈനികരെയും ആരും മറക്കരുത്. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാനം കണ്ടെത്തുമെന്നും മോദി കൂട്ടിചേര്‍ത്തു. വഡോദരയില്‍ മോദിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂതന്‍ മിസ്ത്രിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ലോക്‌സഭയിലേക്കുള്ള എഴാം ഘട്ട വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. സോണിയാഗാന്ധി, നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, എല്‍ കെ അദ്വാനി തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. എഴു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.