ഗൂഗിളും യു ട്യൂബും നിരോധിക്കുമെന്ന് പാക്കിസ്ഥാന്‍

Sunday 18 September 2011 11:36 am IST

ഇസ്ലാമാബാദ്: തീവ്രവാദം, കുറ്റകൃത്യം തുടങ്ങിയ കേസുകളുടെ അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ഗൂഗിളും യൂ ട്യൂബും നിരോധിക്കുമെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് അന്ത്യശാസനം നല്‍കി‍. രാജ്യത്തു നിന്നു തീവ്രവാദം ഇല്ലായ്മ ചെയ്യാന്‍ ഇവരുടെ പിന്തുണ ആവശ്യമാണെന്നും റഹ്മാന്‍ മാലിക് പറഞ്ഞു. താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ ഗൂഗ്ള്‍ മേധാവിക്കു കത്തയച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതു തരത്തിലുള്ള സഹായമാണ് ഈ വെബ്സൈറ്റുകളില്‍ നിന്നു പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ റഹ്മാന്‍ മാലിക് തയാറായില്ല.