ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നീക്കം ചെറുക്കും: ഹിന്ദു ഐക്യവേദി

Wednesday 30 April 2014 10:04 pm IST

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മൂര്‍ക്കനാട്‌ ശിവക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെ ഹിന്ദുസംഘടനകള്‍ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പിക്കുമെന്ന്‌ ഹിന്ദുഐക്യവേദി വ്യക്തമാക്കി. ക്ഷേത്രഭൂമിയിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച ക്ഷേത്രഭരണാധികാരികളുടെ സൗമനസ്യത്തെ തങ്ങളുടെ അവകാശമായി അവതരിപ്പിക്കുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക്‌ ഗതാഗതത്തിന്‌ മറ്റു വഴികള്‍ ഉള്ളപ്പോഴാണ്‌ ക്ഷേത്രഭൂമിയിലൂടെയുള്ള റോഡ്‌ നിലനിര്‍ത്തണമെന്ന വാശി ഒരു കൂട്ടം സ്ഥാപിതതാല്‍പര്യക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌.
തൃശ്ശൂര്‍ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനത്തില്‍ ഒരു ഹിന്ദുസംഘടനകളുടെയും പങ്കാളിത്തമില്ല. ഹിന്ദു നേതാക്കളെ തല്ലിച്ചതച്ച ഡി.വൈ.എസ്‌.പിയെ മുന്നിലിരുത്തിയാണ്‌ കളക്ടര്‍ യോഗം സംഘടിപ്പിച്ചത്‌. സര്‍വ്വകക്ഷിയോഗം തികച്ചും ഏകപക്ഷീയവും ഹിന്ദുക്കളുടെ വികാരം കണക്കിലെടുക്കാതെയുമാണ്‌ നടത്തിയത്‌. ക്ഷേത്രഭൂമിയുടെ ഉടമസ്ഥരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ പോലും യോഗത്തില്‍ ക്ഷണിച്ചില്ല.
ഭൂരിപക്ഷസമൂഹത്തോട്‌ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ്‌ ഭരണകൂടം വെച്ചു പുലര്‍ത്തുന്നത്‌. മൂര്‍ക്കനാട്‌ ശിവക്ഷേത്രഭൂമിയുടെ സംരക്ഷണത്തിന്‌ ഹിന്ദുസംഘടനകളുടെ യോഗം ഉടന്‍ വിളിച്ചുകൂട്ടുമെന്നും ക്ഷേത്രഭൂമി കയ്യടക്കാനുള്ള ശ്രമങ്ങളെ നിയമപരമായും ജനകീയമായും നേരിടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.