ഘടകകക്ഷികളും രണ്ടു തട്ടില്‍, തുറന്നു കാട്ടാനുറച്ച്‌ സുധീരന്‍

Wednesday 30 April 2014 10:07 pm IST

കൊച്ചി: ബാര്‍ ലൈസന്‍സ്‌ പ്രശ്നം യുഡിഎഫ്‌ ഘടകകക്ഷികളും ഏറ്റെടുക്കുന്നു. പ്രശ്നം കൂടുതല്‍ വഷളാവുമെന്നും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമെന്നുമാണ്‌ സൂചന. കൂടുതല്‍ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കരുതെന്ന നിലപാട്‌ മുസ്ലിം ലീഗ്‌ ആവര്‍ത്തിച്ചതോടെ യുഡിഎഫില്‍ പ്രശ്നം രൂക്ഷമാവുകയാണ്‌. ചീഫ്‌ വിപ്പും കേരള കോണ്‍ഗ്രസ്‌ നേതാവുമായ പി.സി. ജോര്‍ജും സുധീരന്റെ നിലപാടിന്‌ പിന്‍തുണ പ്രഖ്യാപിച്ച്‌ രംഗത്തു വന്നു.
കോണ്‍ഗ്രസിനുള്ളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന്‌ പിന്‍തുണയുണ്ടെങ്കിലും ഘടക കക്ഷികള്‍ കൂടി എതിര്‍പ്പ്‌ ഉയര്‍ത്തുന്നതോടെ പ്രശ്നം മുന്നണിക്കുള്ളില്‍ കീറാമുട്ടിയാവുകയാണ്‌. അതേ സമയം ബാര്‍ ലൈസന്‍സ്‌ പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടിയേയും കെ. ബാബുവിനേയും തുറന്നു കാണിക്കുകയാണ്‌ വി.എം. സുധീരന്റെ ലക്ഷ്യം. ബാറുകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്‌ പണം പിരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ ഇക്കാര്യം പൊതു സമൂഹത്തിന്റെ മുന്നിലെത്തിക്കുകയാണ്‌ സുധീരന്‍ ലക്ഷ്യമിടുന്നത്‌.
പത്തു ലക്ഷം മുതല്‍ 25 ലക്ഷം വരെ ബാറുടമകളില്‍ നിന്ന്‌ വാങ്ങിയതായാണ്‌ വിവരം. ഇതോടെ ഇനി ലൈസന്‍സ്‌ നല്‍കുന്നത്‌ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്‌ ഉമ്മന്‍ ചാണ്ടിയും ബാബുവും. പണം വാങ്ങിയതിന്റെ പേരുദോഷം കോണ്‍ഗ്രസിനും നേട്ടം മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും എന്ന സ്ഥിതി വന്നതോടെയാണ്‌ സുധീരന്‍ എതിര്‍പ്പ്‌ ശക്തമാക്കിയത്‌. ഇതോടെ മുഖ്യമന്ത്രിയും സംഘവും വെട്ടിലാവുകയായിരുന്നു. സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഇനി പ്രശ്നം യുഡിഎഫ്‌ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫിലും പ്രശ്നം തീരാനിടയില്ല. മന്ത്രിസഭയിലും പാര്‍ട്ടി നേതൃത്വത്തിനിടയിലും ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന്‌ അനുകൂലമാണ്‌ ഭൂരിപക്ഷമെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ സുധീരനൊപ്പമാണ്‌. അനുമതി നിഷേധിക്കപ്പെട്ട ബാറുകളിലെ തൊഴിലാളി പ്രശ്നവും സര്‍ക്കാറിനെ വലക്കുന്നുണ്ട്‌. ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതിനു പിന്നിലെ കള്ളക്കളികള്‍ ഒരാഴ്ചക്കുള്ളില്‍ പുറത്തു വരുമെന്നും ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടാണ്‌ ശരിയെന്നും സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്ജ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.