മോഡിയുടെ ഉപവാസം മൂന്നാം ദിവസത്തിലേക്ക്

Monday 19 September 2011 11:28 am IST

അഹമ്മദാബാദ്‌: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. സമാധാനവും മതസൗഹാര്‍ദ്ദവും ഉറപ്പു വരുത്തി സദ്ഭാവന സന്ദേശവുമായാണ്‌ മോഡി ഉപവാസം നടത്തുന്നത്. അറുപത്തിരണ്ടാം ജന്മദിനമായ ശനിയാഴ്ച അമ്മയുടെ അനുഗ്രഹം വാങ്ങിയാണ്‌ മോഡി ഉപവാസം ആരംഭിച്ചത്‌. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്‌ തുടങ്ങി നാനാജാതി മതസ്ഥര്‍ തിങ്ങിനിറഞ്ഞ ഗുജറാത്ത്‌ സര്‍വ്വകലാശാലാ കണ്‍വെന്‍ഷന്‍ സെന്ററിലെ വേദിയില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ സ്വന്തം നാടിനുവേണ്ടിയുള്ള ത്യാഗത്തിന്‌ അദ്ദേഹം തുടക്കമിട്ടത്‌. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, രാജ്നാഥ്സിങ്ങ്‌, അരുണ്‍ ജെറ്റ്ലി, രവിശങ്കര്‍ പ്രസാദ്‌, മുക്താര്‍ അബ്ബാസ്‌ നഖ്‌വി, രാജീവ്‌ പ്രതാപ്‌ റൂഡി, പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിങ്ങ്‌ ബാദല്‍, എഐഎഡിഎംകെ നേതാക്കളായ എം. തമ്പിദുരൈ, വി. മൈത്രേയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സദുദ്ദേശ്യത്തോടെ മോഡി നടത്തുന്ന സത്യഗ്രഹത്തിന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ആര്‍ക്കും എതിരെയല്ല തന്റെ സത്യഗ്രഹം. ആരെയും കുറിച്ച്‌ സംസാരിക്കാനും ആഗ്രഹിക്കുന്നില്ല. നമുക്ക്‌ ഒന്നിച്ച്‌ നീങ്ങണം. സൗഹൃദങ്ങളാണ്‌ നമ്മുടെ കരുത്ത്‌. വികസനം ഒരു ലക്ഷ്യം മാത്രമാണ്‌. സമാധാനവും സൗഹൃദവും സാഹോദര്യവും കൊണ്ട്‌ എങ്ങിനെ വികസനം സാധ്യമാക്കാമെന്ന്‌ മാതൃകാപരമായി ലോകത്തെ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയുമെന്നും ഉപവാസം തുടങ്ങുന്നതിന് മുമ്പ് മോഡി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.