ചിത്രങ്ങളെ തേടിയിറങ്ങിയ ആന്‍ജ

Friday 2 May 2014 8:25 pm IST

ഏറ്റെടുക്കുന്ന ഓരോ ദൗത്യവും സ്വപ്ന സാക്ഷാത്ക്കാരം പോലെയാണ്‌ ആന്‍ജ നിഡ്രിന്‍ഗാസ്‌ എന്ന ജര്‍മന്‍ വനിതാ ഫോട്ടോഗ്രാഫര്‍ ചെയ്തു തീര്‍ത്തത്‌. അതും പൂര്‍ണ ആത്മാര്‍ത്ഥതയോടെ. അഫ്ഗാനിസ്ഥാനിലെ മണ്ണില്‍ ആന്‍ജ വെടിയേറ്റു മരിച്ചെന്ന വിവരം മാധ്യമലോകത്തെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു. അഫ്ഗാനിലെ യുദ്ധഭൂമിയില്‍ വെടിയേറ്റുവീഴുമ്പോള്‍ പൊലിഞ്ഞത്‌ ആന്‍ജ എന്ന വെറുമൊരു ഫോട്ടോഗ്രാഫറെ മാത്രമായിരുന്നില്ല. രാജ്യത്തോട്‌ നൂറ്‌ ശതമാനം കൂറ്‌ പുലര്‍ത്തുകയും ജീവിതത്തില്‍ ധീരമായി പോരാടുകയും ചെയ്ത കരുത്തുറ്റ വനിതയെകൂടിയായിരുന്നു. ഏതൊരു ദുരന്തമുഖത്തേക്കും ധൈര്യത്തോടെ കയറിച്ചെന്നിരുന്ന ആന്‍ജ ജീവിതത്തെ ചിരിച്ച മുഖത്തോടെയാണ്‌ കണ്ടിരുന്നത്‌.
വാര്‍ത്താചിത്രങ്ങള്‍ മാത്രം കണ്ടെത്താനുള്ള ശ്രമമായിരുന്നില്ല അവര്‍ നടത്തിയിരുന്നത്‌. ജനങ്ങളിലേക്കും അവര്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെന്ന്‌ അത്‌ പച്ചയായി ലോകത്തെ അറിയിക്കുകയായിരുന്നു. ഞൊടിയിടയില്‍ സ്ഫോടനങ്ങളും പൊട്ടിത്തെറികളും നടക്കുന്ന യുദ്ധമുഖത്തേക്ക്‌ കാലിടറാതെ ആന്‍ജ നടന്നു ചെന്നു.
കിഴക്കന്‍ അഫ്ഗാനിസ്താനിലെ താനി ജില്ലയില്‍ ഏപ്രില്‍ നാലിനാണ്‌ അസോസിയേറ്റ്‌ പ്രസ്‌ സീനിയര്‍ ഫോട്ടോഗ്രാഫറായ ആന്‍ജയും റിപ്പോര്‍ട്ടറായ കാത്തിഗനോണും വെടിയേറ്റ്‌ മരിച്ചത്‌. അഫ്ഗാന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടിംഗാനിയാണ്‌ ആന്‍ജയും സംഘവും ഇവിടെയെത്തിയത്‌. ബാലറ്റ്‌ പേപ്പറുകള്‍ വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം ഒരു ചെക്പോസ്റ്റില്‍ കാറിലിരിക്കുമ്പോള്‍ അഫ്ഗാന്‍ പോലീസ്‌ കമാന്‍ഡര്‍ ആന്‍ജയുടെയും കാത്തിയുടെയും നേര്‍ക്ക്‌ വെടിയുതിര്‍ക്കുകയായിരുന്നു.
ജര്‍മനിയിലെ വെസ്റ്റ്‌ ഫാലിയഹോക്സ്റ്ററില്‍ 1965- ഒക്ടോബര്‍ 12-നായിരുന്നു ആന്‍ജ നിഡ്രിന്‍ഗാസിന്റെ ജനനം. പതിനേഴാമത്തെ വയസ്സില്‍ ഫ്രീലാന്‍സ്‌ ഫോട്ടോഗ്രാഫറായായി. ജര്‍മ്മന്‍ പത്രമായ 'ഗോട്ടിന്‍ഗര്‍ ടേഗ്ബല്‍ട്ടില്‍' ജര്‍മ്മന്‍ മതില്‍ സംബന്ധിച്ച ചിത്രം പകര്‍ത്തിക്കൊണ്ടായിരുന്നു ആ കടന്നുവരവ്‌. 1990-ല്‍ യൂറോപ്യന്‍ പ്രസ്‌ ഫോട്ടോ ഏജന്‍സിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ ആന്‍ജയുടെ ജീവിതം മാറി മറഞ്ഞു. പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ വാര്‍ത്താചിത്രങ്ങളെത്തേടിയുള്ള യാത്രയായിരുന്നു. യുദ്ധമുഖത്ത്‌ ജീവന്‍ പണയംവെച്ച്‌ ആന്‍ജ എടുത്ത ചിത്രങ്ങള്‍ ശ്രദ്ധനേടിയതോടുകൂടി അവര്‍ പ്രശസ്തയായി. ലോകരാജ്യങ്ങള്‍ ആന്‍ജയെയും അവരുടെ ചിത്രങ്ങളേയുംക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ തുടങ്ങി.
പിന്നീട്‌ അഫ്ഗാനിസ്ഥാനിലേക്ക്‌ പോയ ആന്‍ജ താലിബാന്റെ ജീവിത കഥ ചിത്രങ്ങളാക്കി ലോകത്തിന്‌ നല്‍കി. ഈ കാലഘട്ടത്തില്‍ തന്നെ ഇറാഖ്‌, അഫ്ഗാനിസ്താന്‍, ഗാസാ, ഇസ്രായേല്‍, കുവൈത്ത്‌, തുര്‍ക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചും അവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളാണ്‌ മരണത്തിലേക്ക്‌ വീഴുന്നതുവരെ ആന്‍ജ ലോകത്തിന്‌ സമ്മാനിച്ചത്‌.
ആന്‍ജ എന്ന ധീരതയുടെ കരുത്തിന്റെ വനിതയെത്തേടി നിരവധി പുരസ്ക്കാരങ്ങളും ഈ കാലഘട്ടത്തില്‍ എത്തി. 2007-ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയുടെ നീമാന്‍ ഫെലോഷിപ്പിന്‌ അര്‍ഹയായി. ഈ ചിത്രങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ഗാലറിയിലും ഓസ്ട്രിയയിലെ ഗ്രാസ്‌ ഗാലറിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 2005-ല്‍ പകര്‍ത്തിയ ഇറാഖ്‌ യുദ്ധ ചിത്രങ്ങള്‍ ആര്‍ജ നിഡ്രിന്‍ഗാസിനെ പുലിറ്റ്സര്‍ പുരസ്കാരത്തിനും അര്‍ഹയാക്കി. അസോസിയേറ്റ്‌ പ്രസ്സിനുവേണ്ടി ജോലിചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരം നേടിയ വനിതയായും ആന്‍ജ മാറി. അതേവര്‍ഷം തന്നെ അന്താരാഷ്ട്ര വനിതാ മാധ്യമ ഫൗണ്ടേഷന്റെ (ഐഡബ്ല്യുഎംഎഫ്‌) ധീര പത്രപ്രവര്‍ത്തക എന്ന പുരസ്കാരവും അവര്‍ സ്വന്തമാക്കി.
2005ല്‍ ഇറാഖില്‍ കൊല്ലപ്പെട്ട 31 അമേരിക്കന്‍ സൈനികരുടെ യൂണിഫോമിന്‌ ഇടയിലിരുന്ന്‌ വിലപിക്കുന്ന സൈനികന്റെ ചിത്രം, അഫ്ഗാസ്താനിലെ വിജന പര്‍വതമേഖലയില്‍ റോന്തു ചുറ്റാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്‍ തന്റെ 34-ാ‍ം പിറന്നാള്‍ ദിനത്തില്‍ ഏകനായി മെഴുകുതിരി വെട്ടത്തിലിരിക്കുന്ന ചിത്രം (2009), കാണ്ഡഹാറിലെ അസമാധാനത്തിനിടയിലും ഒരു പാര്‍ക്കിലേക്കുള്ള പ്രവേശനഫീസ്‌ കൊടുക്കാനായി അച്ഛനും അഞ്ചു കുഞ്ഞുമക്കളും സ്കൂട്ടറിലിരിക്കുന്ന ചിത്രം, തോക്കിന്‍മുനയില്‍ പൂക്കള്‍ തിരുകിവെച്ച്‌ ചെക്പോസ്റ്റില്‍ കാവലിരിക്കുന്ന അഫ്ഗാന്‍ പോലീസുകാരന്റെ ചിത്രം (2013), യുദ്ധവിമാനം വെടിയേറ്റ്‌ വീഴുന്ന ലിബിയയുടെ ചിത്രം (2011), കാബൂളിലെ ഈദുല്‍ഫിത്തര്‍ ആഘോഷവേളയില്‍ യന്ത്ര ഊഞ്ഞാലില്‍ കളിത്തോക്കുകൊണ്ട്‌ കളിക്കുന്ന അഫ്ഗാന്‍ ബാലന്റെ ചിത്രം (2009) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.46-ാ‍ം വയസുവരെ ലോകത്തെ തന്റെ കണ്ണുകളിലൂടെ പകര്‍ത്തിയെടുക്കുകയായിരുന്നു അവര്‍. എല്ലാം വെടിഞ്ഞ്‌ മറ്റൊരു ലോകത്തേക്ക്‌ ആന്‍ജ യാത്രയായെങ്കിലും അവര്‍ പകര്‍ത്തിയ ജീവസുറ്റ ചിത്രങ്ങള്‍ ഇനിയും നിലനില്‍ക്കും...
ശിവാനി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.