അമ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി

Friday 2 May 2014 10:39 pm IST

ന്യൂദല്‍ഹി: ഗെയില്‍ ട്രെഡ്‌വെല്ലിന്റെ വിവാദപുസ്തകത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയി ദേവിക്കും മഠത്തിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മഠത്തിനെതിരെ കേസെടുക്കാനാവശ്യമായ തെളിവുകളില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ സുപ്രീംകോടതി അംഗീകരിച്ചു.
രാജ്യത്ത്‌ ഇത്തരത്തിലുള്ള നൂറുകണക്കിന്‌ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവയിലെല്ലാം സുപ്രീംകോടതിയുടെ ഇടപെടല്‍ പ്രായോഗികമല്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട്‌ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്‌, മദന്‍ ഡി ലോക്കര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.
മഠത്തിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും നിലപാട്‌ സ്വീകരിച്ചു. ട്രെഡ്‌ വെല്ലിന്റെ പുസ്തകത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മഠത്തിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 20 വര്‍ഷം മുമ്പ്‌ നടന്നതായി പറയപ്പെടുന്ന സംഭവങ്ങള്‍ക്ക്‌ വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ല, സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ദീപക്‌ പ്രകാശ്‌ അടക്കമുള്ള മൂന്ന്‌ പേരാണ്‌ മഠത്തിനെതിരെ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.