കോലഞ്ചേരി തര്‍ക്കം : സര്‍ക്കാര്‍ പക്ഷം പിടിക്കില്ല

Sunday 18 September 2011 4:27 pm IST

കൊച്ചി: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഒരു പക്ഷത്തും നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിനായുളള നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനു ചര്‍ച്ച തുടരും. ഇരു സഭകളും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ. എത്രയും വേഗം തര്‍ക്കം പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മന്ത്രി കെ. ബാബു, എറണാകുളം ജില്ലാ കലക്ടര്‍‍, റേഞ്ച് ഐജി ആര്‍. ശ്രീലേഖ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.