മലപ്പുറം: മഞ്ചേരി ഗവ: മെഡിക്കല്‍ കോളേജിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ താല്‍ക്കാലികമായി റദ്ദാക്കി. ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും വേണ്ടത്ര അധ്യാപകരെ നിയമിക്കാത്തതും അംഗീകാരം റദ്ദാക്കാന്‍ കാരണമായി. അടുത്തവര്‍ഷം പുതിയ ബാച്ചിലേക്കുള്ള പ്രവേശനം നടത്തരുതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇവിടെ എംബിബിഎസിന് നൂറു സീറ്റുകളാണ് ഉള്ളത്.
മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് തവണ മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ മഞ്ചേരിയില്‍ പരിശോധനക്കെത്തിയപ്പോള്‍ അംഗീകാരം നല്കാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ എണ്ണക്കുറവായിരുന്നു.
മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാതെയാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതെന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നിരുന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പല ഭാഗത്തുനിന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: