പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധന

Saturday 3 May 2014 10:24 pm IST

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഈടാക്കുന്ന നിരക്കുകളില്‍ വൈദ്യുതി ബോര്‍ഡ്‌ വന്‍ വര്‍ദ്ധന വരുത്തി. നിരക്ക്‌ കൂട്ടാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നടപ്പിലാക്കുന്നത്‌ നീട്ടിവയ്ക്കുകയായിരുന്നു. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ പതിനായിരം രൂപവരെയുള്ള വര്‍ദ്ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. ഈ മാസം രണ്ടുമുതല്‍ കൂട്ടിയ നിരക്ക്‌ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു.
വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഒരു പോസ്റ്റിന്‌ ഇനി 4000 രൂപ അധികം നല്‍കണം. 2350 രൂപയായിരുന്നതാണ്‌ വന്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്‌. പെട്ടെന്ന്‌ വൈദ്യുതി കണക്ഷന്‍ കിട്ടുന്ന ഒവൈസി(ഓണ്‍ യുവര്‍ ഇലക്ട്രിക്‌ കണക്ഷന്‍) പ്രകാരം പോസ്റ്റ്‌ വേണ്ടാത്ത സിംഗിള്‍ ഫേസ്‌ കണക്ഷന്‌ 2150 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. നേരത്തെ ഇത്‌ 1850 രൂപയായിരുന്നു. പുതിയ നിരക്കുകള്‍ സാധാരണക്കാര്‍ക്ക്‌ ഇരുട്ടടിയായപ്പോള്‍ വന്‍കിടക്കാര്‍ക്ക്‌ സഹാകരമാകുകയാണ്‌. വന്‍കിട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ നിരക്ക്‌ കുറച്ചു. അഞ്ചുകിലോവാട്ട്‌ വരെ കണക്റ്റഡ്‌ ലോഡുള്ള ത്രീഫേസ്‌ കണക്ഷന്‍ എടുക്കുന്നവര്‍ക്ക്‌ നേരത്തെ 4,600 രൂപയായിരുന്നത്‌ 4,350 രൂപയായി കുറച്ചു. 25 കിലോവാട്ട്‌ വരെ കണക്ഷന്‍ എടുക്കുന്നവര്‍ക്കുള്ള നിരക്കില്‍ 5,750 രൂപ കുറവു വരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.