എവിടെ നീ, പാര്‍ത്ഥ

Saturday 3 May 2014 10:33 pm IST

അപ്പോള്‍, ആരും മോഹാലസ്യപ്പെട്ടു പോകും നീയും അതെ. നേര്‍ക്കുനേര്‍ പോര്‍ക്കളത്തില്‍ പിതാമഹന്മാര്‍, സഹോദരന്മാര്‍, ഗുരുഭൂതന്മാര്‍, സ്യാലവൃന്ദങ്ങള്‍, വീട്ടുകാര്‍, നാട്ടുകാര്‍, കളിക്കൂട്ടുകാര്‍. ചതുരംഗക്കള്ളിയില്‍, ഹിമമേരുവെന്നപോലശ്വവ്യൂഹം മദംപൊട്ടുമെന്നമട്ടില്‍ കരിക്കൂട്ടം എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ പെരുമ്പറ മിഴി മൂടും പൊടിപറത്തി കളംനിറഞ്ഞു കാലാള്‍പ്പട, അപ്പോള്‍, ആരും മോഹാലസ്യപ്പെട്ടുപോകും നീയും അതെ. ഹേ, പാര്‍ത്ഥ, അന്ന്‌, തേര്‍ത്തട്ടില്‍ നീ തളര്‍ന്നുവീണപ്പോള്‍ നിന്റെ തളര്‍ച്ച മാറ്റാന്‍ ഉന്മാദത്തോളമെത്തുമൊരു- ത്തേജനം നല്‍കി, നിനക്കാത്മവീര്യം പകര്‍ന്ന്‌, അധര്‍മ്മത്തിന്റെ കറുകറുത്ത മാറിലേയ്ക്കൊ- രസ്ത്രം തൊടുക്കുവാന്‍ ഒരു ദിവ്യൗഷധം നിനക്കന്നു പകര്‍ന്ന്‌ കിട്ടി ഓര്‍മ്മയില്ലെ, "ഗീത"-യെ. അതെ, ഇന്നതുവീണ്ടും, ആറ്റിയൊന്നാവര്‍ത്തിച്ച തൈലം പോലെ കര്‍ണ്ണപുടങ്ങളിലേറ്റുവാങ്ങി വര്‍ദ്ധിത വീര്യനാകുവാന്‍ ഒരു കലിയുഗ പാര്‍ത്ഥനായ്‌ നീ വരില്ലെ കാത്തിരിപ്പൂ ഞങ്ങള്‍ ചീര്‍ത്തുചുരന്ന മുലകളില്‍ വിഷം തേച്ചു ഭീമാകാരം പൂണ്ടു നില്‍ക്കും അധര്‍മ്മത്തില്‍ പൂതനയെ, സനാതന ധര്‍മ്മത്തില്‍ ശരമൊന്നെയ്തു വീഴ്ത്തുവാന്‍ സമയമായ്‌, എവിടെ നീ, പാര്‍ത്ഥ, എവിടെ നീ, എവിടെ നീ. - മണിലാല്‍ ഏളക്കുഴി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.