ചീപ്‌ വിപ്പ്‌!

Sunday 18 September 2011 8:41 pm IST

പുസ്തകം പോയിട്ട്‌ ഒരു പത്രം പോലുംതുറന്നു നോക്കുന്നവര്‍ സംസ്ഥാന കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഇല്ലെന്ന്‌ പറയുന്നത്‌ അവരെ ആക്ഷേപിക്കാനാണ്‌. ലോകത്തെ സകലമാന പുസ്തകങ്ങളും ഭരണഘടനകളും അരച്ചുകലക്കി കുടിച്ചിട്ടുള്ള ഒട്ടനവധി നേതാക്കള്‍ കോണ്‍ഗ്രസിലൂം യുഡിഎഫിലുമുണ്ട്‌. എല്‍ഡിഎഫിലെ ചില നേതാക്കളെപ്പോലെ സുഖപ്രസവം മാതിരി പുസ്തകമെഴുതുന്നില്ല എന്നേയുള്ളൂ. ചിലരൊക്കെ മന്ത്രിമാരായാല്‍ എല്‍ഡിഎഫില്‍ പുസ്തകമെഴുത്താണ്‌ പണി. അത്‌ കവിതയോ ലേഖനമോ ആവാം. ലേഖനമാണെങ്കില്‍ കവിതയെഴുതുന്നതുപോലെ ആലോചിച്ചു സമയം കളയണ്ട, പഴയ ഗസറ്റുകള്‍ നോക്കി പകര്‍ത്തിയാല്‍ മാത്രം മതി. ഇന്ത്യന്‍ ഭരണഘടന കാണാതെ പറയാന്‍ കഴിയുന്നവരില്‍ പ്രമുഖരാണ്‌ കോണ്‍ഗ്രസിലെ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും. രണ്ടുപേരും മന്ത്രിമാരാകാന്‍ വേണ്ടി കാത്തിരുന്നതാണ്‌. ഓരോ ഡസന്‍ ഖദര്‍ ഉടുപ്പുവാങ്ങി തുളയിട്ടുവെച്ചതാണ്‌, പക്ഷെ സ്ഥാനംകിട്ടിയില്ല. ശിവകുമാര്‍, ബാബു, അടൂര്‍ പ്രകാശ്‌ തുടങ്ങിയ പിടിപാടും ആസ്തിയുമുള്ളവര്‍ മന്ത്രിസ്ഥാനങ്ങള്‍ അടിച്ചുമാറ്റി. അപ്പോള്‍ ദേഷ്യമുണ്ടാകുക സ്വാഭാവികം. ചീഫ്‌ വിപ്പിന്റെ സ്ഥാനമെങ്കിലും കിട്ടുമെന്ന്‌ സതീശന്‍ കരുതിയതാണ്‌. അതുപക്ഷെ മാണി കോണ്‍ഗ്രസിലെ പി.സി. ജോര്‍ജ്‌ പൊക്കിക്കൊണ്ടുപോയി. ചീഫ്‌ വിപ്പായ പി.സി. ജോര്‍ജ്‌ മുന്‍കാല വിപ്പുമാരെപ്പോലെ ചൊറികുത്തി ചുമ്മാതിരിക്കാന്‍ തയ്യാറല്ല. ഉശിരന്‍ വര്‍ത്തമാനത്തിന്‌ പണ്ടേ പേരുകേള്‍പ്പിച്ചതാണ്‌. ബന്ധുക്കാരനായ 'അമ്പിളി'അമ്മാവനും ഇപ്പോള്‍ ഏതാണ്ട്‌ ഇങ്ങനെയൊക്കെത്തന്നെ. ലാവലിന്‍, പാമൊലിന്‍ തുടങ്ങി 'ലിന്‍' എന്ന വാലില്‍ തൂങ്ങുന്ന ഏര്‍പ്പാടെല്ലാം കേരളത്തില്‍ കോടികള്‍ മറിയുന്ന അഴിമതിയാണ്‌. ഈ അഴിമതിയുമായി ബന്ധപ്പെട്ട്‌ അനേകം കേസുകളും നിലവിലുണ്ട്‌. ഈ കേസുകള്‍ എന്നെങ്കിലും തീര്‍പ്പാക്കുമെന്ന്‌ ആരും വിശ്വസിക്കുന്നില്ല. അത്തരം സാഹചര്യത്തിലാണ്‌ പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ഒരു കീഴ്ക്കോടതി ആവശ്യപ്പെട്ടത്‌. കോടതിയുടെ പരാമര്‍ശം കേള്‍ക്കേണ്ട താമസം ചീഫ്‌ വിപ്പ്‌ ഉഷാറായി. മുഖ്യമന്ത്രിയോടു വിപ്പിന്‌ ഭക്തി മൂത്തിരിക്കുന്ന സമയം. കോടതിയെ വിമര്‍ശിച്ചുകൊണ്ട്‌ വിപ്പ്‌ പ്രസ്താവന ഇറക്കുകയും ചീഫ്‌ ജസ്റ്റിസിന്‌ പരാതി അയക്കുകയും ചെയ്തു. ഭരണഘടനാ ശില്‍പിയുമായി അടുത്ത ബന്ധമുള്ള സതീശനാകട്ടെ ജോര്‍ജിന്റെ നടപടി ഭരണഘടനാ വിരുദ്ധമായി കാണുകയും ജോര്‍ജിനെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. ചീഫ്‌ വിപ്പാകുംമുമ്പ്‌ ലാവലിന്‍ അഴിമതിയെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ വാക്പയറ്റ്‌. കൂട്ടത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദനെ മതികെട്ടാനില്‍ എഴുന്നള്ളിച്ച്‌ ആളാക്കുകയും ചെയ്തു. പിന്നെ മുഖ്യമന്ത്രിയായ അച്യുതാനന്ദന്‍ പിണറായിയെ തടുക്കാന്‍ ജോര്‍ജിനെ ഡെപ്യൂട്ട്‌ ചെയ്യുകയുമുണ്ടായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പിസിയുടെ ഭവനത്തിന്റെ നാഥന്‍ ചാണ്ടിയായി. മുസ്തഫ മുസലിയാര്‍ പാമൊലിന്‍ ചൂണ്ടയില്‍ ചാണ്ടിയെ കൊരുക്കാന്‍ കോപ്പുകൂട്ടിയ കൂട്ടത്തില്‍ ചാണ്ടിയുടെ രക്ഷക്കെത്തിയ കൂട്ടരില്‍ ജോര്‍ജുമുണ്ട്‌. ചാണ്ടിയോടുള്ള ജോര്‍ജിന്റെ കൂറ്‌ ചാണ്ടിക്കും മാലോകര്‍ക്കും മനസ്സിലാകുന്നില്ലയെന്ന തോന്നലുണ്ടായിരുന്നതിനാല്‍ പാമൊലിന്‍ കേസ്‌ അന്വേഷിക്കുന്ന വിജിലന്‍സ്‌ കോടതി ജഡ്ജി തന്നെ കുഴപ്പക്കാരനാണെന്ന്‌ ജോര്‍ജ്‌ പ്രഖ്യാപിച്ചുകളഞ്ഞു. സഹായത്തിന്‌ മുന്‍ ജഡ്ജിയും ഇടയ്ക്കിടെ മറവിരോഗം വരുന്നയാളുമായ കൃഷ്ണയ്യര്‍ സ്വാമിയെത്തന്നെ ജോര്‍ജ്‌ കൂട്ടുപിടിക്കുകയും ചെയ്തു. ഇതൊക്കെയാണ്‌ ഭരണഘടനാ ലംഘനമെന്ന്‌ ഭരണഘടനാ ശില്‍പിയുടെ കൊച്ചളിയനായ സതീശന്‌ തോന്നിയത്‌. ഉടന്‍ ജോര്‍ജ്‌ രാജിവെക്കണമെന്നാണ്‌ സതീശന്‍ ആവശ്യപ്പെട്ടത്‌. രാഷ്ട്രീയത്തില്‍ ഒരു ബന്ധവും ശാശ്വതമല്ലെന്നതാണ്‌ വര്‍ത്തമാനകാല അനുഭവം. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായിരുന്ന ജോര്‍ജും അച്യുതാനന്ദനും വഴിപിരിഞ്ഞു. ലോട്ടറിക്കേസില്‍ ചാനലില്‍ കയറിയിരുന്ന്‌ യുദ്ധം നടത്തുകയും ഒരു ഡസന്‍ ബിസ്ലേരി വാട്ടര്‍ മത്സരിച്ചുകുടിക്കുകയും കുപ്പികൊണ്ട്‌ ഏറുനടത്തുകയും ചെയ്ത സതീശനും തോമസ്‌ ഐസക്കും ഒറ്റക്കെട്ടായി ജോര്‍ജിന്റെ ചോരയ്ക്കുവേണ്ടി വാശിപിടിക്കുന്നു. സതീശനും പ്രതാപനും തോമസ്‌ ഐസക്കിനും വിവരമില്ലെന്ന സാമാന്യ വിവരണത്തില്‍ ജോര്‍ജ്‌ കാര്യങ്ങള്‍ തല്‍ക്കാലം ഒതുക്കിയെങ്കിലും, 'പോടാ പുല്ലേ, സിബിഐ' എന്ന ജയരാജന്‍ മോഡലിലാണ്‌ ബോഡിലാംഗ്വേജ്‌. താന്‍ ഒരേസമയം ചീഫ്‌ വിപ്പും ചീപ്‌ വിപ്പുമാണെന്ന്‌ പിസി തെളിയിച്ചിരിക്കുന്നു. കെ.എ. സോളമന്‍