സദ്ഭാവനാ തരംഗം

Sunday 18 September 2011 8:46 pm IST

ഇന്ത്യ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കുന്ന സംസ്ഥാനമായി ഇന്ന്‌ ഗുജറാത്ത്‌ മാറിയിരിക്കുകയാണ്‌. സാമ്പത്തിക തകര്‍ച്ചയും വികസന മുരടിപ്പും സര്‍വസാധാരണമായി നില്‍ക്കുമ്പോള്‍ അതിനെല്ലാം അപവാദമായിരിക്കുന്നു ഗുജറാത്ത്‌. സാമ്പത്തിക വളര്‍ച്ചയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാത്രമല്ല രാജ്യത്തിനു തന്നെ മാതൃകയായിരിക്കുന്നു. വ്യാവസായികമായും സാമൂഹ്യമായും അതിവേഗം പുരോഗതി കൈവരിച്ച ഗുജറാത്താണ്‌ അനുകരണീയമെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുകയാണ്‌. എന്നിട്ടും രാഷ്ട്രീയ പ്രതിയോഗികളും നിക്ഷിപ്ത താത്പര്യക്കാരും ബോധപൂര്‍വം ഗുജറാത്തിനും മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും കളങ്കം ചാര്‍ത്താനുള്ള ദുഷ്പ്രചരണങ്ങള്‍ നടത്തിയത്‌ ജനങ്ങളില്‍ സംശയത്തിന്റെ നിഴല്‍ പരത്തി എന്നത്‌ നേരാണ്‌. പത്തു വര്‍ഷം മുമ്പ്‌ ഗുജറാത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ നരേന്ദ്രമോഡി കുറ്റക്കാരനോ തെറ്റുകാരനോ അല്ല. ഒരന്വേഷണ ഏജന്‍സിക്കും അദ്ദേഹത്തെ സംശയദൃഷ്ടിയോടെ കാണാനുള്ള സാഹചര്യമുണ്ടാക്കിയിട്ടില്ല. സുപ്രീംകോടതി വരെ നരേന്ദ്രമോഡിയെ കുറ്റപ്പെടുത്താന്‍ കാരണം കണ്ടെത്തിയിട്ടില്ല. എന്നിട്ടും ചില കുബുദ്ധികള്‍ കുപ്രചരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്‌. ഈ സാഹചര്യത്തിലും ഇത്തരം ദുഷ്ടശക്തികളുടെ നേരെ തിരിയാനോ മറുപ്രചാരണം നടത്താനോ തയ്യാറാകാതെ പ്രവര്‍ത്തനം കൊണ്ട്‌ മറുപടി നല്‍കുകയാണ്‌ നരേന്ദ്രമോഡി. അതിന്റെ ഭാഗം കൂടിയാണ്‌ ശനിയാഴ്ച ആരംഭിച്ച സദ്ഭാവന മുന്‍നിര്‍ത്തിയുള്ള ത്രിദിന നിരാഹാര സത്യഗ്രഹം. ഇന്നവസാനിക്കുന്ന സത്യഗ്രഹത്തിന്‌ അഭിവാദ്യം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ എത്തിയത്‌ ഈ വിഷയത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ്‌ തെളിയിച്ചത്‌. മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത്‌ സര്‍വകലാശാലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രമുഖ നേതാക്കളോടൊപ്പമാണ്‌ ഉപവസിക്കുന്നത്‌. ബിജെപിയുടെ സമുന്നതരായ നേതാക്കളെല്ലാമുണ്ട്‌. ഉപവാസത്തെ അനുഗ്രഹിക്കാന്‍ എല്‍.കെ.അദ്വാനി എത്തില്ലെന്ന്‌ ചിലര്‍ കൊണ്ടുപിടിച്ച പ്രചാരണം നടത്തിയതാണ്‌. അദ്വാനി എത്തി ഉപവാസത്തിന്റെ ഉദ്ദേശ്യശുദ്ധിയെ പ്രകീര്‍ത്തിച്ചപ്പോള്‍ കുപ്രചാരണത്തിന്റെ മട്ടു മാറ്റി. ശീതീകരിച്ച വേദിയിലാണ്‌ ഉപവാസമെന്നായി ചിലര്‍. ഗുജറാത്ത്‌ സര്‍വകലാശാലാ കണ്‍വെന്‍ഷന്‍ സെന്റര്‍ നരേന്ദ്രമോഡിയുടെ നിരാഹാര സമരത്തിനു വേണ്ടി ശീതീകരിച്ചതല്ല. ഗുജറാത്തിലെ സ്വകാര്യ സംവിധാനങ്ങള്‍ മാത്രമല്ല പൊതു സ്ഥാപനങ്ങള്‍ പോലും ഇതു പോലെ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച്‌ സജ്ജമാക്കി കഴിഞ്ഞു. അക്കൂട്ടത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്‌. അതില്‍ ചിലര്‍ക്ക്‌ അസൂയ ഉണ്ടായേക്കാം. നരേന്ദ്രമോഡിയുടെ നിരാഹാര സമരത്തോട്‌ അനുഭാവം പ്രകടിപ്പിക്കാന്‍ എന്‍ഡിഎയുടെ രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം എത്തുന്നു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും വരുന്നു. അത്തരമൊരു സമരം പാതയോരത്ത്‌ നടത്താന്‍ നരേന്ദ്രമോഡി തയ്യാറായാലും സുരക്ഷാ സംവിധാനം അനുമതി നല്‍കുമോ ? ശീതീകരിച്ച സംവിധാനങ്ങളൊന്നും ഉപയോഗപ്പെടുത്താത്ത മാന്യന്മാരോ മാധ്യമങ്ങളോ അല്ല സദ്ഭാവനാ സത്യഗ്രഹത്തിന്റെ പേരില്‍ പ്രചാരണം അഴിച്ചുവിടുന്നത്‌. നരേന്ദ്രമോഡി സത്യഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ 'വകയിലൊരു' ബന്ധുവായ കോണ്‍ഗ്രസ്‌ നേതാവ്‌ ശങ്കര്‍സിംഗ്‌ വഗേലയും കൂട്ടരും മറ്റൊരു സ്ഥലത്ത്‌ കുത്തിയിരിക്കുന്നുണ്ട്‌. ബിജെപിയിലൂടെ വളര്‍ന്ന്‌ മുഖ്യമന്ത്രി സ്ഥാനം ലഭിച്ച വഗേല തുടര്‍ന്ന്‌ അധികാരം ലഭിക്കാതായപ്പോഴാണ്‌ കോണ്‍ഗ്രസിലേക്ക്‌ ചേക്കേറിയത്‌. നരേന്ദ്രമോഡിയുടെ സമരത്തെ പരിഹസിക്കാനാണ്‌ വഗേലയുടെ സത്യഗ്രഹ പ്രഹസനം. അല്ലെങ്കിലും നല്ല നല്ല കലാപ്രകടനങ്ങള്‍ നടക്കുന്ന തമ്പില്‍ കോമാളികള്‍ പ്രത്യക്ഷപ്പെട്ട്‌ അഭ്യാസങ്ങള്‍ കാട്ടാറില്ലേ ? അതുപോലെ നരേന്ദ്രമോഡിക്ക്‌ ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാനുള്ള ഗോഷ്ടിയായേ കോണ്‍ഗ്രസിന്റെ പ്രകടനങ്ങളെ ഗുജറാത്തിലെ ജനങ്ങള്‍ കാണുന്നുള്ളൂ. നരേന്ദ്രമോഡിയെ അഭിനന്ദിക്കാന്‍ ആയിരങ്ങളുടെ ഒഴുക്ക്‌ തുടരുമ്പോള്‍ ആരോരും തിരിഞ്ഞു നോക്കാതെ കോണ്‍ഗ്രസുകാരായ ചിലര്‍ ഈച്ചയെ ആട്ടി കുത്തിയിരിക്കുന്നത്‌ പരിഹാസത്തോടെയാണ്‌ ജനങ്ങള്‍ കാണുന്നത്‌. രാജ്യത്ത്‌ സമുദായ സൗഹാര്‍ദവും സാഹോദര്യവും പുരോഗതിയും ആഗ്രഹിച്ച്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നാര്‍ക്കെങ്കിലും പറയാനാകുമോ ? നരേന്ദ്രമോഡി ഉന്നയിച്ച വിഷയങ്ങളോട്‌ ആര്‍ക്കെങ്കിലും വിയോജിപ്പ്‌ പ്രകടിപ്പിക്കാന്‍ കഴിയുമോ ? രാജ്യസേവനം മുന്‍നിര്‍ത്തി മുന്നോട്ടുള്ള കുതിപ്പ്‌ മാത്രമാണ്‌ ഗുജറാത്ത്‌ ആഗ്രഹിക്കുന്നതെന്ന്‌ നരേന്ദ്രമോഡി വ്യക്തമാക്കുന്നു. ആര്‍ക്കും എതിരെയല്ല തന്റെ സത്യഗ്രഹം. ആരെയും കുറിച്ച്‌ സംസാരിക്കാനും ആഗ്രഹിക്കുന്നില്ല. നമുക്ക്‌ ഒന്നിച്ച്‌ നീങ്ങണം. സൗഹൃദങ്ങളാണ്‌ നമ്മുടെ കരുത്ത്‌. വികസനം ഒരു ലക്ഷ്യം മാത്രമാണ്‌. സമാധാനവും സൗഹൃദവും സാഹോദര്യവും കൊണ്ട്‌ എങ്ങനെ വികസനം സാധ്യമാക്കാമെന്ന്‌ മാതൃകാപരമായി ലോകത്തെ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഗുജറാത്തിലെ ജനങ്ങള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്‌. വാക്കുകള്‍ക്കുപരിയായി പ്രവര്‍ത്തനത്തിലാണ്‌ തന്റെ വിശ്വാസം. കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ സത്യഗ്രഹം മികച്ച മാര്‍ഗമായി കരുതുന്നു. സത്യഗ്രഹത്തിനുള്ള തന്റെ ഏകലക്ഷ്യം ഇതുമാത്രമാണ്‌. ആര്‍ക്കെതിരെയും വിരോധമോ പകയോ ഉണ്ടാകാതിരിക്കാന്‍ ദൈവം തനിക്ക്‌ കരുത്തു തരട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിക്കുന്നു. "കാര്‍ഷിക, വ്യാവസായിക, ഗ്രാമീണ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെല്ലാം ഗുജറാത്തിലെ വികസനമാണ്‌ രാജ്യവും ലോകവും ചര്‍ച്ച ചെയ്യുന്നത്‌. 2001ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്ത്‌ ഒരിക്കലും ഉയര്‍ന്നുവരില്ലെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റി". "തങ്ങള്‍ക്ക്‌ നേരെ എറിയപ്പെട്ട കല്ലുകളെല്ലാം ഗോവണിപ്പടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച"തായി പറഞ്ഞ മോഡി ഗുജറാത്തിനെയും അതിന്റെ ദുഃഖത്തെയും മനസ്സിലാക്കാന്‍ ആരും തയ്യാറായില്ലെന്ന്‌ ചൂണ്ടിക്കാട്ടി. "ജനാധിപത്യവും ഭരണഘടനയും നീതിയുമാണ്‌ ഗുജറാത്തിന്റെ പാത." 2008ലെ അഹമ്മദാബാദ്‌ സ്ഫോടന പരമ്പരയ്ക്കു ശേഷം സംസ്ഥാനത്ത്‌ കലാപമോ മറ്റ്‌ അനിഷ്ടസംഭവങ്ങളോ ഉണ്ടായിട്ടില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പോലും നിലനിന്ന സമാധാനവും ഐക്യവും ആരും അംഗീകരിച്ചില്ല. ഒരു ദശാബ്ദമായി മതസ്പര്‍ധയും സംഘര്‍ഷവുമില്ലാത്ത ഭൂമിയായി മാറിയ ഗുജറാത്തിന്റെ മാതൃക രാജ്യത്തിനാകെ ഉള്‍ക്കൊള്ളാനാകണമെന്നാഗ്രഹിക്കുമ്പോള്‍ അതിനെ എന്തിനെതിര്‍ക്കണം ? സദ്ഭാവനയാണ്‌ സാമൂഹ്യ പുരോഗതിക്കാധാരം. അതുണ്ടാക്കാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്‌