കാഞ്ഞിരപ്പള്ളിയില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാകുന്നു

Sunday 4 May 2014 9:34 pm IST

കാഞ്ഞിരപ്പള്ളി: മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് ടൗണിനു ശാപമാകുന്നു. പകല്‍ സമയങ്ങളില്‍ പേട്ടക്കവലയിലും ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാഞ്ഞിരപ്പള്ളിയെ സ്തംഭിപ്പിക്കുന്നത് ദൈനംദിന കാഴ്ചയായി മാറുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിനു പോലീസ് ഉദ്യോഗസ്ഥരോ, ഹോം ഗാര്‍ഡുകളോ ഇല്ലാത്തതാണു പലപ്പോഴും ഇതിനിടയാക്കുന്നത്. ദേശീയപാതയുടെ ബോര്‍ഡര്‍ ലൈനുകളില്‍ വാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നതാണ് ബ്ലോക്കിന്റെ പ്രധാന കാരണം. പോലീസിന്റെ നോ പാര്‍ക്കിങ്ങ് ബോര്‍ഡുകളെ നോക്കുകുത്തിയാക്കി നഗര ഹൃദയത്തില്‍ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗത തടസ്സം തുടര്‍കഥയാകും.ചിലയിടങ്ങളില്‍ നടപ്പാതകളില്‍ കയറ്റിയാണ് വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മുന്‍പ് പോലീസ് പിഴ നല്‍കിയിരുന്നെങ്കിലും ബോര്‍ഡര്‍ ലൈന്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ളതാണെന്ന തെറ്റിദ്ധാരണയില്‍ പോലീസുമായി വ്യാപാരികളും വാഹന ഉടമകളും തര്‍ക്കിക്കുന്നത് സ്ഥിരം സംഭവമായതോടെ പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നു. പേട്ടക്കവലയിലെ കുരുക്ക് ദേശീയ പാതയിലും, ഈരാറ്റുപേട്ട റോഡിലും വാഹനങ്ങളുടെ നീണ്ട നിര സഷ്ടിക്കുമ്പോള്‍ ബസ് സ്റ്റാന്‍ഡ് ജംക്ഷനിലെ കുരുക്ക് കുരിശുങ്കല്‍ ജംക്ഷന്‍ വരെയും ബസ് സ്റ്റാന്‍ഡ് റോഡിലും സ്റ്റാന്‍ഡിനുള്ളിലും വാഹന കുരുക്കിന് കാരണമാകും. സീബ്രാ ലൈനുകളില്‍ നിര്‍ത്തി ബസുകള്‍ യാത്രക്കാരെ ഇറക്കുന്നതും നടപ്പാതയിലെ അനധികൃത കച്ചവടവും കാല്‍നട യാത്രികനെയും കഷ്ടത്തിലാക്കുന്നു. ഗതാഗത കുരുക്കിന് പരിഹാര സംവിധാനമൊരുക്കേണ്ട ജനപ്രതിനിധികളും പോലീസും ഒരു പോലെ നോക്കുകുത്തികളാകുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. പൊന്‍കുന്നം കേന്ദ്രമാക്കി കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ടൗണുകള്‍ക്കായി ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ മാത്രം. ഗതാഗത കുരുക്കിന് പരിഹാരമായി മാത്രം ആവിഷ്‌കരിച്ച നഗരത്തിലെ രണ്ട് സമാന്തര പാതകളുടെയും പണിയും അനിശ്ചിതത്വത്തില്‍ തന്നെ തുടരുന്നു. കഴിഞ്ഞ മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച മിനി ബൈപാസ് പദ്ധതിയും പാതി വഴിയില്‍ തന്നെ. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികളും ഒപ്പം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ഉതകുന്ന രീതിയിലുള്ള പരിഷ്‌കരണ നടപടികളും അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ സ്‌കൂള്‍ കോളേജ് അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ നഗര യാത്ര ദുസഹമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.